ചേർത്തല > അർത്തുങ്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ പൂർത്തീകരണത്തിന് കേന്ദ്ര ഫിഷറീസ് അക്വാകൾച്ചർ ഇൻഫ്രാസ്‌ട്രക്ചർ ഫണ്ടിലെ 150 കോടി അനുവദിച്ചു. പദ്ധതിക്ക് മുൻകൂറായി 50.23 ലക്ഷം രൂപ സംസ്ഥാന സർക്കാരിന് ലഭിച്ചു. രണ്ട് വർഷത്തിനകം തുറമുഖം പൂർത്തിയാകുമെന്ന് മന്ത്രി പി പ്രസാദ്, ഹാർബർ എൻജിനിയറിങ് വകുപ്പ് അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ എം പി സുനിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തുറമുഖ നിർമാണത്തിലെ സാങ്കേതികപ്രശ്‌നങ്ങൾ സംബന്ധിച്ച് ചെന്നൈ ഐഐടി സംഘം ഉൾപ്പെടെ വിശദപഠനം പൂർത്തിയാക്കിയശേഷമാണ് അംഗീകാരം ലഭിച്ചത്. കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ അന്തിമാനുമതി ഫെബ്രുവരി രണ്ടിന് ലഭിച്ചു. കഴിഞ്ഞദിവസമാണ് നബാർഡ് അംഗീകാരം നൽകിയത്. പിന്നാലെ സംസ്ഥാന സർക്കാരിന്റെ ഭരണാനുമതിയും ലഭിച്ചു. സംസ്ഥാന സർക്കാർ വകുപ്പുകൾ ഏകോപനത്തോടെ നടത്തിയ പ്രവർത്തനങ്ങളാണ് ഫലം കണ്ടതെന്ന് മന്ത്രി പറഞ്ഞു. ഹാർബറിനായി വടക്ക് 260 മീറ്ററിലും തെക്ക് 510 മീറ്ററിലും പുലിമുട്ട് ഇതിനകം നിർമിച്ചു. തെക്ക് 740 മീറ്ററിലും വടക്ക് 190 മീറ്ററിലുമാണ് പുലിമുട്ട് പൂർത്തിയാക്കുക.
ലേലഹാൾ, ഐസ് പ്ലാന്റ്, റോഡുകൾ, 100 മീറ്റർ വാർഫ് തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും പൂർത്തിയാകാനുണ്ട്. ചെറുപ്രവൃത്തികൾ അടുത്തമാസം തുടങ്ങും. മഴക്കാലശേഷമാകും പുലിമുട്ട് പൂർത്തീകരണം. ടെൻഡർ നടപടി ഉടൻ തുടങ്ങും. ചേർത്തല താലൂക്കിലെയും സമീപ മേഖലയിലെയും മത്സ്യത്തൊഴിലാളികളുടെ സ്വപ്‌നമാണ് പദ്ധതിക്ക് അന്തിമാനുമതി ലഭിച്ചതോടെ യാഥാർഥ്യത്തിലേക്ക് നീങ്ങുന്നത്. തീരമേഖലയുടെ സമഗ്രപുരോഗതിക്ക് വഴിതുറക്കുന്നതാകും തുറമുഖം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..