സോഫ്‌റ്റ്‌വെയർ എൻജിനീയർ എന്ന വ്യാജേന യുവതിയില്‍ നിന്ന് 15 ലക്ഷം തട്ടിയയാൾ അറസ്റ്റില്‍
പത്തനംതിട്ട > സോഫ്‌റ്റ്‌വെയർ എൻജിനീയർ എന്ന വ്യാജേന എംടെക്കുകാരിയായ യുവതിയിൽ നിന്നും 15 ലക്ഷം രൂപ തട്ടിയെടുത്ത ടാപ്പിങ് തൊഴിലാളി അറസ്റ്റിൽ. കൊട്ടാരക്കര ഉമ്മന്നൂർ വാളകംപൊയ്ക വിളയിൽ ആർ സുരേഷ് കുമാർ(49) നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വീടും സ്ഥലവും വാങ്ങിത്തരാമെന്ന് പറഞ്ഞാണ് യുവതിയിൽ നിന്നും ഇയാൾ പണം തട്ടിയത്. സമൂഹമാധ്യമം വഴി അനൂപ് ജി പിള്ള എന്ന പേരിൽ വ്യാജ പ്രൊഫൈൽ വഴിയാണ് സുരേഷ് കുമാർ പെൺകുട്ടിയുമായി പരിചയപ്പെടുന്നത്.
തിരുവനന്തപുരം കവടിയാറിലെ സ്വകാര്യ കമ്പനിയിലാണ് ജോലിയെന്നാണ് സുരേഷ് കുമാർ പറഞ്ഞത്. തുടർന്ന് തിരുവനന്തപുരം ഭാഗത്ത് ലാഭത്തിൽ വീടും സ്ഥലവും വാങ്ങിത്തരാമെന്ന് പറഞ്ഞ് വീടിന് അഡ്വാൻസ് നൽകാനെന്ന പേരിൽ പണം ആവശ്യപ്പെട്ടു. സ്വന്തം ബാങ്ക് അക്കൗണ്ടിന് പ്രശ്നങ്ങളുണ്ടെന്നും വീട്ടിലെ റബ്ബർ തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഇടാനും യുവതിയോട് ആവശ്യപ്പെട്ടു . തുടർന്ന് ആദ്യം 25,000 രൂപ യുവതി അയച്ചു. പിന്നീട് പലപ്പോഴായി 15 ലക്ഷം രൂപ വാങ്ങിയതായി പൊലീസ് പറഞ്ഞു.
പിന്നീട് ഇയാളെ ബന്ധപ്പെടാൻ യുവതി ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. യുവതി വീട്ടുകാരുടെ സഹായത്തോടെ കവടിയാറിൽ എത്തി അനൂപ് ജി പിള്ള എന്ന പേരിലുള്ള ആളിനെ തിരക്കിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഇതിനെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. അടൂർ ഡിവൈഎസ്പി സന്തോഷിന്റെ മേൽനോട്ടത്തിൽ അടൂർ എസ്എച്ച്ഒ ശ്യാം മുരളി, എസ്ഐമാരായ എ അനീഷ്, കെ എസ് ധന്യ, സുരേഷ് കുമാർ, എഎസ്ഐ രാജേഷ് ചെറിയാൻ, സിപിഒ രതീഷ് എന്നിവർ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
0 comments