09 November Saturday

കേരളത്തിന്റെ നിശ്ചയദാർഢ്യത്തിന്‌ ഫലം ; സർക്കാർ ഇടപെടലും ഓരോ മലയാളിയുടെയും ജാഗ്രതയും

സുജിത്‌ ബേബിUpdated: Thursday Sep 26, 2024

മുഖ്യമന്ത്രി പിണറായി വിജയൻ അർജുന്റെ വീട് സന്ദർശിച്ചപ്പോൾ (ഫയൽചിത്രം)


തിരുവനന്തപുരം
എഴുപത്തിരണ്ടാം നാൾ ഗംഗാവലിപ്പുഴയിൽനിന്ന്‌ അർജുന്റെ ലോറി പുറത്തെടുക്കുന്ന ദൃശ്യം ഓരോ മലയാളിയും വിങ്ങലോടെയാണ്‌ കണ്ടുനിന്നത്‌. ലോറിയുടെ ക്യാബിനിലുണ്ടായിരുന്ന മൃതദേഹം അർജുന്റെതാണെന്ന്‌ ഏറെക്കുറെ ഉറപ്പാകുകയാണ്‌. ഡിഎൻഎ പരിശോധനഫലം വരുന്നതോടെ അതും വ്യക്തമാകും.  അവസാനമായി ഒരുനോക്കുകാണാനാവില്ലെന്ന്‌ കരുതിയ പ്രിയപ്പെട്ടവർക്ക്‌ അവനെ മടക്കിക്കൊടുക്കാൻ ഇടയാക്കിയത്‌ കേരളത്തിന്റെ ദൃഢനിശ്ചയമാണ്‌. കേരള സർക്കാർ ഇടപെടലും ഓരോ മലയാളിയുടെയും ജാഗ്രതയുമാണ്‌ തിരച്ചിൽ തുടരാൻ കർണാടക സർക്കാരിനെ പ്രേരിപ്പിച്ചത്‌.

അപകടത്തിന് ശേഷം രണ്ടുദിവസം തിരച്ചിൽ പേരിനുമാത്രമായിരുന്നു. രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന്‌ സംസ്ഥാന സർക്കാർ കർണാടകത്തെ അറിയിച്ചു. ഇതോടെയാണ്‌ കർണാടക സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി രംഗത്തിറങ്ങിയത്‌. എന്നിട്ടും ലോറിയും അർജുനെയും കണ്ടെത്താനായില്ലെന്ന്‌ ചൂണ്ടിക്കാട്ടി തിരച്ചിൽ അവസാനിപ്പിച്ച്‌ മടങ്ങാനായിരുന്നു കർണാടകക്ക്‌ തിടുക്കം.

മുഖ്യമന്ത്രി പിണറായി വിജയനടക്കം നേരിട്ട്‌ ഇടപെട്ടതോടെ തിരച്ചിൽ തുടരാൻ അവർ നിർബന്ധിതമായി. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസും എംഎൽമാരും ഷിരൂരിൽ ക്യാമ്പ്‌ ചെയ്ത്‌ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നു. രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടത്തണം എന്നാവശ്യപ്പെട്ട്‌ ജൂലൈ 26ന്‌ പിണറായി വിജയൻ സിദ്ധരാമയ്യക്ക്‌ കത്തെഴുതി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങിനും പിണറായി കത്തെഴുതി.

തിരച്ചിൽ അവസാനിപ്പിക്കാൻ കർണാടക തീരുമാനിച്ചതോടെ പ്രതിഷേധമറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും കത്തയച്ചു. ആഗസ്ത്‌ നാലിന്‌ തിരുവമ്പാടിയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ തിരച്ചിൽ തുടരാനും അർജുനെ കണ്ടെത്താനും ആവശ്യമായ നടപടികളെല്ലാം സ്വീകരിക്കുമെന്ന്‌ കുടുംബത്തിന്‌ ഉറപ്പുനൽകി.  

‘മുഖ്യമന്ത്രി നേരിട്ടുവിളിക്കാൻ പാകത്തിൽ പിടിപാടുള്ള ആളായിരുന്നോ അർജുൻ’ എന്നാണ്‌ കർണാടകയിലെ ഉദ്യോഗസ്ഥർ ഒരുഘട്ടത്തിൽ ലോറിയുടമ മനാഫിനോട്‌ ചോദിച്ചത്‌.

ഓരോ മലയാളിയും ഉറക്കമിളച്ച്‌ അർജുനെയും കാത്തിരുന്നു. സാമൂഹ്യ മാധ്യമ പേജുകൾ അർജുന്‌ വേണ്ടി നിലവിളിച്ചു.  ഡ്രഡ്‌ജർ എത്തിച്ച്‌ തിരച്ചിൽ നടത്തുന്നതിന്റെ സാധ്യത പരിശോധിക്കാൻ തൃശൂരിൽ നിന്ന്‌ കാർഷിക സർവകലാശാല പ്രതിനിധികൾ ജൂലൈ 30ന്‌ സ്ഥലത്തെത്തി. അതിനിടെ അർജുന്റെ ഭാര്യയ്‌ക്ക്‌ സർക്കാർ കോഴിക്കോട്‌ വേങ്ങരി സഹ.ബാങ്കിൽ ജൂനിയർ ക്ലർക്കായി നിയമനം നൽകുകയും ചെയ്‌തിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top