04 October Wednesday

കമ്പത്തെ വിറപ്പിച്ച് 
 അരിക്കൊമ്പൻ ; ആനയെ മയക്കുവെടിവച്ച്‌ പിടികൂടി 
മേഘമല ഉൾവനത്തിൽ വിടും

സ്വന്തം ലേഖകൻUpdated: Sunday May 28, 2023

ശനി ഉച്ചയ്ക്ക് ഡ്രോണിന്റെ ഇരമ്പൽ കേട്ട് പരിഭ്രാന്തനായി കമ്പത്തെ ജനവാസകേന്ദ്രത്തിലെ പുളിമരത്തോട്ടത്തിന്റെ കമ്പിവേലി പൊട്ടിച്ചു പുറത്തേക്ക് വരുന്ന 
അരിക്കൊമ്പൻ ഫോട്ടോ: വി കെ അഭിജിത്


കുമളി
ചിന്നക്കനാലിൽനിന്ന്‌ പെരിയാർ വനത്തിലേക്ക്‌ മാറ്റിയ അരിക്കൊമ്പൻ ശനിയാഴ്‌ച തമിഴ്‌നാട്ടിലെ കമ്പം പട്ടണത്തിലിറങ്ങി ഭീതിവിതച്ചു. ഓട്ടോറിക്ഷയും വനംവകുപ്പിന്റെ ജീപ്പും ഉൾപ്പെടെ അഞ്ച്‌ വാഹനങ്ങൾ തകർത്തു. ആനയെ തുരത്താൻ വനപാലകരും പൊലീസും ആകാശത്തേക്ക്‌ നിറയൊഴിച്ചു. ഭയന്നോടി  വീണ്‌  പരിക്കേറ്റ കമ്പം സ്വദേശി പാൽരാജിനെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ജനരക്ഷയ്ക്കായി ആനയെ മയക്കുവെടിവച്ച്‌ പിടികൂടി മേഘമല ഉൾവനത്തിൽ വിടാൻ തമിഴ്‌നാട്‌ സർക്കാർ ഉത്തരവിട്ടു. കുങ്കിയാനകൾ ഞായർ പുലർച്ചെ കമ്പത്തെത്തും. ഞായറാഴ്‌ച തന്നെ മയക്കുവെടി വയ്‌ക്കാനാണ്‌ തീരുമാനം.

കമ്പത്ത്‌ ശനി ഉച്ചയ്ക്കുശേഷം നിരോധനാജ്ഞ പുറപ്പെടുവിച്ചു. ആനയുടെ ആക്രമണത്തിൽനിന്ന്‌ പലരും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. വലിയതോതിൽ കൃഷിനാശവും വരുത്തി. ആനയുടെ തുമ്പിക്കൈയ്യിൽ പരിക്കുണ്ട്‌. വെള്ളി പുലർച്ചെ പെരിയാർ കടുവാ സങ്കേതത്തിലെ റോസാപ്പൂക്കണ്ടത്തിന് സമീപത്തെ വനമേഖലയിലൂടെ തമിഴ്നാടിന്റെ മേഘമല വനമേഖലയിലേക്ക് ആന പ്രവേശിച്ചിരുന്നു. തുടർന്ന് കൊട്ടാരക്കര –- ദിണ്ടിഗൽ ദേശീയപാത മുറിച്ചുകടന്ന്, കുമളിയിൽനിന്ന് എട്ട്‌ കിലോമീറ്റർ അകലെ തമിഴ്നാടിന്റെ പവർഹൗസിന് സമീപമെത്തി.

ശനി രാവിലെ 7.30ന്‌ കമ്പം പട്ടണത്തിൽ എത്തിയ ആന കണ്ണൻകോവിൽ, കുലത്തേവർ മുക്ക്, ടൗൺ തുടങ്ങിയ പ്രദേശങ്ങളിലൂടെ ഭീതി സൃഷ്ടിച്ചാണ് കടന്നുപോയത്. നാട്ടുകാരും വനപാലകരും പൊലീസും ചേർന്ന് തുരത്തിയ ആന പിന്നീട് ഇലക്ട്രിസിറ്റി ബോർഡിന്റെ വളപ്പിൽ ഏറെ നേരം നിലയിറപ്പിച്ചു. ഇതിനിടെ യൂട്യൂബർ ചിന്നമന്നൂർ സ്വദേശി ഹരിയുടെ  ഡ്രോൺ തലയ്‌ക്കുമുകളിൽ ശബ്ദത്തോടെ എത്തിയതിനു പിന്നാലെ ആന വിരണ്ടോടി കമ്പംമെട്ട്‌ ബൈപാസിലെത്തി. ദൗത്യം തടസ്സപ്പെടുത്തിയതിന്‌ ഹരിയെ അറസ്‌റ്റുചെയ്‌തു.

ആളുകളോട് വീടുവിട്ട് പുറത്തിറങ്ങരുതെന്ന് നിർദേശിച്ചിട്ടുണ്ട്‌. ശനി വൈകിട്ട്‌ ആന കമ്പംമെട്ട്‌ ബൈപാസിന്‌ സമീപമുള്ള വാഴത്തോപ്പിലാണ്‌ നിലയുറപ്പിച്ചിരിക്കുന്നത്‌. ഇവിടെ വനപാലകരുടെ കാവലുണ്ട്‌. ചിന്നക്കനാൽ ദിശയിലാണ്‌ ആനയുടെ സഞ്ചാരപാത. 

കൂട്ടിലടയ്ക്കാനുള്ള സർക്കാർദൗത്യം 
തടഞ്ഞത് ഹെെക്കോടതി
ഇടുക്കി ചിന്നക്കനാലിലെ ജനവാസമേഖലയിലിറങ്ങി നാശനഷ്‌ടമുണ്ടാക്കിയ അരിക്കൊമ്പനെ മയക്കുവെടിവച്ച്‌ പിടികൂടി ആനക്കൂട്ടിൽ അടയ്ക്കാനുള്ള വനംവകുപ്പ്‌  തീരുമാനം മാറ്റേണ്ടിവന്നത്‌ ഹൈക്കോടതി ഇടപെടലിനെത്തുടർന്ന്‌. ആനയെ  ആനപരിപാലനകേന്ദ്രത്തിൽ അടയ്‌ക്കാനുള്ള വനംവകുപ്പ്‌ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിനെതിരെ മൃഗസംരക്ഷണ സംഘടനകളാണ്‌ കോടതിയെ സമീപിച്ചത്‌.   
അരിക്കൊമ്പനെ മയക്കുവെടിവച്ച്‌ പിടികൂടി തടവിൽ പാർപ്പിക്കുന്നതിനുപകരം റേഡിയോ കോളർ ഘടിപ്പിച്ച്‌ വനത്തിൽ മറ്റൊരിടത്ത്‌ വിടണമെന്നായിരുന്നു മൃഗസംരക്ഷണ സംഘടനകൾ ആവശ്യപ്പെട്ടത്‌. ആനയെ പിടികൂടി കൂട്ടിലടയ്ക്കാനാകില്ലെന്ന നിലപാടിൽ കോടതി ഉറച്ചുനിന്നു. ഇതോടെ ദൗത്യം മാറ്റിവയ്‌ക്കാൻ സർക്കാരും നിർബന്ധിതരായി.

മിഷൻ അരിക്കൊമ്പൻ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നതിന്റെ തലേദിവസം മാർച്ച്‌ 23ന്‌ രാത്രി പ്രത്യേക സിറ്റിങ്‌ നടത്തിയാണ്‌ 29 വരെ ദൗത്യം നടപ്പാക്കരുതെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടത്‌. ആനയെ പിടികൂടി ഉൾവനത്തിൽ അയക്കുകയോ ബദൽമാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യാമെന്നും വ്യക്തമാക്കി.  ആനയെ പിടികൂടി കൂട്ടിലടയ്‌ക്കണമെന്ന സർക്കാർ ആവശ്യം  കോടതി അംഗീകരിച്ചില്ല. മാർച്ച്‌ 29ന്‌ ഹർജി വീണ്ടും പരിഗണിച്ച കോടതി നിലപാട്‌ കടുപ്പിച്ചു.  ബദൽമാർഗങ്ങൾ   പരിശോധിച്ച്‌ റിപ്പോർട്ട്‌ നൽകാൻ അഞ്ചംഗ വിദഗ്‌ധസമിതിക്കും രൂപം നൽകി. ഇവരുടെ നിർദേശമനുസരിച്ച്‌ പറമ്പിക്കുളത്തേക്ക്‌ അരിക്കൊമ്പനെ മാറ്റാൻ തീരുമാനിച്ചു. എന്നാൽ, ഇതിനെതിരെ പ്രദേശത്ത്‌ പ്രതിഷേധം കടുത്തു. നെന്മാറ എംഎൽഎ കെ ബാബു  ഹൈക്കോടതിയെ സമീപിച്ച്‌ എതിർപ്പ്‌ അറിയിച്ചു.

ഇതോടെ പറമ്പിക്കുളം ടൈഗർ റിസർവിനുപകരം അരിക്കൊമ്പനെ മാറ്റുന്നത്‌  എവിടേക്കാണെന്ന്‌ സർക്കാരിന്‌ തീരുമാനിക്കാമെന്നും സ്ഥലം സംബന്ധിച്ച വിവരങ്ങൾ രഹസ്യമാക്കണമെന്നും കോടതി നിർദേശിച്ചു. സർക്കാർ നിർദേശിക്കുന്ന സ്ഥലം വിദഗ്ധസമിതി അംഗീകരിച്ചാൽ അരിക്കൊമ്പനെ മാറ്റാൻ നടപടി ആരംഭിക്കാമെന്നും ഇതിന്‌ പ്രത്യേക ഉത്തരവ്‌ വേണ്ടെന്നും വ്യക്തമാക്കി. കോടതി നിർദേശമനുസരിച്ച്‌ അരിക്കൊമ്പനെ മയക്കുവെടിവച്ച്‌ പിടികൂടി പെരിയാർ ടൈഗർ റിസർവിലേക്ക്‌  മാറ്റുകയായിരുന്നു.

തീരുമാനം എടുക്കേണ്ടത്‌ തമിഴ്‌നാട് സര്‍ക്കാർ: മന്ത്രി എ കെ ശശീന്ദ്രൻ
അരിക്കൊമ്പൻ തമിഴ്നാട്‌ പ്രദേശത്തായതിനാൽ തീരുമാനം എടുക്കേണ്ടത്‌ അവിടുത്തെ സർക്കാരാണെന്ന്‌ വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കൽപ്പറ്റ ചുണ്ടേലിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പംമെട്ടിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ ആനയെ ഉൾക്കാട്ടിലേക്ക്‌ തുരത്താനാണ്‌ തമിഴ്‌നാട്‌ വനംവകുപ്പ്‌ ശ്രമിക്കുന്നത്‌.  രണ്ടിടത്തെയും വനം ഉദ്യോഗസ്ഥർ ആശയവിനിമയം നടത്തിയാണ്‌ നടപടികളെടുക്കുന്നത്‌. ആന കേരളത്തിലേക്ക്‌ കടക്കാനുള്ള സാധ്യത പരിശോധിച്ച്‌ റിപ്പോർട്ട്‌ നൽകാൻ വനം മേധാവിയോട്‌ ആവശ്യപ്പെട്ടു.

ഹൈക്കോടതി നിർദേശമനുസരിച്ചാണ്‌ അരിക്കൊമ്പനെ ഉൾക്കാട്ടിലാക്കിയത്‌.  കൂടുതൽ നടപടിയെടുക്കേണ്ട സാഹചര്യം ഉണ്ടായാൽ കോടതി നിയോഗിച്ച സമിതിയുടെ അഭിപ്രായം അറിയണം. ഇതിനും നിർദേശം നൽകിയിട്ടുണ്ട്‌. ഈ ദിവസങ്ങളിലൊക്കെയും ആന നാട്ടിലിറങ്ങാതിരിക്കാനുള്ള കഠിനശ്രമമാണ്‌ വനം ഉദ്യോഗസ്ഥർ നടത്തിയത്‌. അരിക്കൊമ്പനെ മയക്കുവെടിവച്ച്‌ പിടികൂടി ആനപരിപാലന കേന്ദ്രത്തിൽ എത്തിക്കാനായിരുന്നു കേരള സർക്കാരിന്റെ തീരുമാനം.  എന്നാൽ പിന്നീട്‌ ഉണ്ടായതെല്ലാം കോടതി ഇടപെടലുകളെ തുടർന്നാണ്‌.  അതിരുകവിഞ്ഞ ആന സ്നേഹത്തെ തുടർന്ന് ആനപ്രേമികൾ ഹൈക്കോടതിയെ സമീപിച്ചതുകൊണ്ടുണ്ടായ പ്രശ്‌നമാണിപ്പോഴത്തേതെന്നും മന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top