കമ്പം
കമ്പം പട്ടണത്തിലും ജനവാസ കേന്ദ്രങ്ങളിലും വിഹരിച്ച അരിക്കൊമ്പൻ ഞായർ ഉച്ചയോടെ ശ്രീവല്ലിപുത്തൂർ മേഘമല കടുവ സങ്കേതത്തിലെ ഉൾക്കാട്ടിലേക്ക് മടങ്ങി. ചിന്നക്കനാലിലേതിന് സമാന സന്നാഹങ്ങളുമായി തമിഴ്‌നാട് വനം മന്ത്രി ഡോ. എം മതിവേന്ദന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ വനപാലകരും പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
തിരികെ ജനവാസ കേന്ദ്രത്തിലേക്ക് എത്തിയാൽ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. കമ്പത്ത് നിരോധനാജ്ഞ തുടരുന്നു. പുലർച്ചെ സുരുളിപ്പെട്ടി കൃഷിഭൂമിയിലായിരുന്ന അരിക്കൊമ്പൻ, റേഡിയോ കോളറിൽ നിന്ന് ഒടുവിൽ സിഗ്നൽ ലഭിക്കുമ്പോൾ ഉൾവനത്തിൽ രണ്ടു കിലോമീറ്ററോളം അകലെയാണ്. മയക്കുവെടി വയ്ക്കുന്നതിനുള്ള സംഘവും സുരുളിപ്പെട്ടിയിൽ തുടരുന്നു. മുത്തു, സ്വയംഭൂ, ഉദയൻ എന്നീ കുങ്കിയാനകളെയും കമ്പത്ത് എത്തിച്ചിട്ടുണ്ട്.
ഞായർ അർധരാത്രി കമ്പത്തുനിന്ന് കമ്പംമെട്ട് പാതയിലേക്കു പോയ അരിക്കൊമ്പനെ പുലർച്ചെ മൂന്നോടെ സുരുളി വെള്ളച്ചാട്ടത്തിന് സമീപം കണ്ടിരുന്നു. ഇവിടുത്തെ കൃഷിഭൂമിയിൽ നാശമുണ്ടാക്കി. തോട്ടത്തിന്റെ ഗേറ്റും തകർത്തു. ഇവിടുന്ന് കൊടിലിംഗം ക്ഷേത്ര പരിസരത്തെത്തി ഒരു മണിക്കൂറോളം നിലയുറപ്പിച്ചു. തുടർന്ന് എൻടി പെട്ടിയിലെ എംഎൽഎ എസ്റ്റേറ്റ് പരിസരത്തേയ്ക്ക് നീങ്ങിയെങ്കിലും തിരികെ സുരുളിപ്പെട്ടിയിൽ മേഘമലയുടെ അടിവാരത്തെത്തി കാടുകയറുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..