27 February Thursday

ഇല്ലാത്ത നിയമം പറഞ്ഞ്‌ ഗവർണർ , ചുട്ടമറുപടി നൽകി നേതാക്കൾ

കെ ശ്രീകണ‌്ഠൻUpdated: Friday Jan 17, 2020


പൗരത്വനിയമ വിഷയത്തിൽ തുടക്കംമുതൽ വിമർശനവുമായി രംഗത്തിറങ്ങിയ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ, സർക്കാരിനെതിരെ നിരന്തര ആക്രമണത്തിന്‌ കച്ചമുറുക്കിയത്‌ ദുരൂഹം. തദ്ദേശസ്ഥാപന വാർഡുകളുടെ എണ്ണം കൂട്ടുന്നതിനുള്ള ഓർഡിനൻസിന്‌ ഉടക്കിട്ട ഗവർണർ, പൗരത്വ നിയമത്തിനെതിരെ തന്നെ അറിയിക്കാതെ സുപ്രീംകോടതിയിൽ പോയത്‌  പ്രോട്ടോകോൾ ലംഘനമാണെന്നും പരസ്യമായി  പ്രതികരിച്ചു. ഡൽഹിക്ക്‌ തിരിക്കുംമുമ്പ്‌ സർക്കാരിനെതിരെ ഗവർണർ നടത്തിയ വിമർശനമാണ്‌ സംശയം കൂട്ടുന്നത്‌.

ഗവർണറുടെ നിലപാടിനെതിരെ രൂക്ഷവിമർശമുയർന്നതോടെ രാഷ്‌ട്രീയരംഗം ചൂടുപിടിച്ചു. നിയമസഭയ്‌ക്ക്‌ മുകളിൽ റസിഡന്റുമാരില്ലെന്ന്‌ ഓർക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയനും ബ്രിട്ടീഷ്‌ റസിഡന്റുമാരെയാണ്‌ ഗവർണർ ഓർമിപ്പിക്കുന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻ പിള്ളയും  വ്യക്തമാക്കി.  നിലപാട്‌ പ്രകോപനപരമാണെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവനും മറുപടി നൽകി. 

വ്യാഴാഴ്‌ച രാവിലെ ഡൽഹിയിലേക്ക്‌ പോകുന്നതിന്‌ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ്‌ ഗവർണർ മാധ്യമങ്ങളോട്‌ പരസ്യപ്രതികരണത്തിന്‌ തയ്യാറായത്‌. സർക്കാരിനെ നിരന്തരവിവാദത്തിലേക്ക്‌ വലിച്ചിട്ട്‌ ഭരണസ്‌തംഭനത്തിന്‌ വഴിയൊരുക്കാനുള്ള നീക്കമാണ്‌ നടത്തുന്നത്‌. തദ്ദേശ ഓർഡിനൻസിൽ ഒപ്പിടാത്തതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്‌ പ്രതികരിക്കവെ സർക്കാർ സുപ്രീംകോടതിയിൽ പോയതിലുള്ള  അമർഷമാണ്‌ ഗവർണർ പുറത്തെടുത്തത്‌. 
അതേസമയം പൗരത്വ ദേഭഗതി നിയമത്തിനെതിരെ  സുപ്രീംകോടതിയിൽ ഹർജി നൽകിയതിൽ ഒരു പ്രോട്ടോകോൾ ലംഘനവുമില്ലെന്ന്‌ നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയിൽ അന്യായം ഫയൽ ചെയ്യാൻ  ഗവർണറുടെ അനുമതി ആവശ്യമില്ല. മാത്രമല്ല, സർക്കാർ ഉത്തരവ്‌ പോലും വേണ്ടെന്ന്‌ മുൻ നിയമസഭാ സെക്രട്ടറി ഡോ. എൻ കെ ജയകുമാർ പറഞ്ഞു.  

ഭരണഘടനയുടെ 131–-ാം അനുച്ഛേദപ്രകാരം അന്യായം ഫയൽ ചെയ്യുന്ന വിവരം ഗവർണറെ ഔപചാരികമായി അറിയിക്കാനും സർക്കാരിന്‌   ബാധ്യതയില്ല. ഗവർണർ നിയമസഭയ്‌ക്ക്‌ അതീതനല്ലെന്നും സഭയെ നിയന്ത്രിക്കാൻ അദ്ദേഹത്തിന്‌ അധികാരമില്ലെന്നും മുമ്പ്‌ പല ഘട്ടങ്ങളിലും  സുപ്രീംകോടതിതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ജയകുമാർ പറഞ്ഞു.

നദീജല തർക്കമടക്കം അന്തർസംസ്ഥാന വിഷയങ്ങളിൽ  131–-ാം അനുച്ഛേദപ്രകാരം കേരളം സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്‌. അപ്പോഴും ഗവർണറുടെ അനുമതി തേടിയ ചരിത്രമില്ല.  ഭരണഘടനാപരമായ ബാധ്യത ഇല്ലാത്ത വിഷയത്തിലാണ്‌ ഇപ്പോൾ ഗവർണർ പുതിയ വിവാദം ഉയർത്തുന്നത്‌.


പ്രധാന വാർത്തകൾ
 Top