28 May Saturday

പാലക്കാട്‌ ജില്ലയില്‍ 600 സമൂഹവിരുദ്ധരെന്ന് പൊലീസ്

ടി എം സുജിത്‌Updated: Tuesday Jan 18, 2022

 പാലക്കാട്> ജില്ലയിൽ 600 സമൂഹവിരുദ്ധരുണ്ടെന്ന് പൊലീസ് റിപ്പോർട്ട്. ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കെടുപ്പിലാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി 600 പേരെ സാമൂഹിക വിരുദ്ധരായി കണക്കാക്കിയത്. ഇവരുടെ നല്ലനടപ്പിനായി സിആർപിസി 170–-ാം വകുപ്പുപ്രകാരം കേസെടുത്തു. ആറ് മാസത്തിൽ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ കൊടും കുറ്റവാളികളായി കണക്കാക്കി കാപ്പ (കേരള ആന്റി സോഷ്യൽ ആക്ടിവിറ്റിസ്) ചുമത്തി നാടുകടത്തും. 

കഴിഞ്ഞ വർഷം ഇത്തരത്തിൽ 10 പേർക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ ചെയ്തിരുന്നു. ഇതിൽ നാല് പേരെ നാടുകടത്തി. 170–-ാം വകുപ്പ് ചുമത്തിയവരെ പൊലീസ് നിരീക്ഷിക്കും. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ‍ആഭ്യന്തര വകുപ്പും ഡിജിപിയും നിർദേശിച്ചു. 
 
കൊള്ളപ്പലിശയ്ക്ക്‌ പണം നൽകുന്നവർ, റിസർവ് ബാങ്കിന്റെയോ സഹകരണനിയമത്തിന്റെയോ അംഗീകാരം ഇല്ലാതെ പണമിടപാട് സ്ഥാപനം നടത്തുന്നവർ, സർക്കാരിന്റെയോ മറ്റു വ്യക്തികളുടെയോ വസ്തുവഹകൾ അനധികൃതമായി തട്ടിയെടുക്കുന്നവർ, ഹവാല പണമിടപാട് നടത്തുന്നവർ, പണത്തിനുവേണ്ടി അക്രമവും ഭീഷണിയും നടത്തുന്നവർ, അനാശാസ്യപ്രവർത്തനങ്ങളിൽ സ്ഥിരം ഏർപ്പെടുന്നവർ, കുപ്രസിദ്ധ ഗുണ്ടകൾ, ബ്ലേഡ് മാഫിയകൾ, മണൽ മാഫിയകൾ, കള്ളനോട്ട് നിർമാണം നടത്തുന്നവർ, കള്ളനോട്ട് വിതരണം ചെയ്യുന്നവർ, വ്യാജ സിഡി നിർമിക്കുന്നവരും വിതരണം ചെയ്യുന്നവരും, മയക്കുമരുന്ന് നിർമിക്കുന്നവർ, മയക്കുമരുന്ന് വിൽപ്പനക്കാർ, വ്യാജമദ്യം ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്നവർ എന്നിവരെയെല്ലാം സാമൂഹിക  വിരുദ്ധരായി കണക്കാക്കും. 
 
രാഷ്ട്രീയ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ ഉൾപ്പെടുന്നവരെ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാപ്പ നിയമ പ്രകാരം നാടുകടത്തിയാൽ സ്വന്തം ജില്ലയിലേക്ക് പ്രവേശിക്കാൻ കഴിയില്ല. നിർദേശം ലംഘിച്ചാൽ വീണ്ടും അഴിക്കുള്ളിലാകും. കോട്ടയത്തെ ഷാൻ ബാബുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സമൂഹ വിരുദ്ധരെ കർശനമായി നിരീക്ഷിക്കാനാണ്‌ പൊലീസ്‌ തീരുമാനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top