18 November Monday

കൂടത്തായി കൂട്ടക്കൊല അന്വേഷണം: കേരള പൊലീസിന്റെ മികവിന്റെ തൊപ്പിയിൽ ഒരു തൂവൽ കൂടി

സ്വന്തം ലേഖകൻUpdated: Saturday Oct 5, 2019

കോഴിക്കോട് >  പരാതി ലഭിച്ച് രണ്ടുമാസത്തിനകം കുറ്റക്കാരുടെ കൈയിൽ വിലങ്ങുവച്ച കേരള പൊലീസിന്റെ മികവിന്റെ തൊപ്പിയിൽ ഒരു തൂവൽ കൂടി. വലിയൊരു കൊലപാതക പരമ്പരയ്ക്കാണ് ചുരുങ്ങിയ ദിവസംകൊണ്ട് പൊലീസ് തുമ്പുണ്ടാക്കിയത്. ശനിയാഴ്ച വൈകിട്ടോടെ, താമരശേരി കൂടത്തായി പൊന്നാമറ്റത്ത് ജോളിയെയും സഹായികളെയും അറസ്റ്റ് ചെയ്തതോടെ  കേരള പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണ മികവാണ് അംഗീകരിക്കപ്പെടുന്നത്.

ഇത് വ്യക്തിപരമായ വിജയമല്ലെന്നും കേരള പൊലീസിന്റെ വിജയമാണെന്നും അന്വേഷണത്തിന് നേതൃത്വംനൽകിയ റൂറൽ എസ്‌പി കെ ജി സൈമൺ പറഞ്ഞു.
പൊന്നാമറ്റത്തെ റോയിയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കാണിച്ച് സഹോദരൻ അമേരിക്കയിലുള്ള റോജോ നൽകിയ പരാതിയിലായിരുന്നു അന്വേഷണം. സയനൈഡ് ഉള്ളിൽ ചെന്നാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും യുഡിഎഫ് ഭരണത്തിൽ ഈ കേസിൽ തുടരന്വേഷണം ഉണ്ടായില്ല. അത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്‌ചയാണെന്ന്‌ പുതിയ അന്വേഷണ സംഘം പറയുന്നു.

റോജോയുടെ പരാതിയെ തുടർന്ന് പുതിയ സംഘം കേസ് പുനരന്വേഷിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ആർ ഹരിദാസ് ഉൾപ്പെടെയുള്ള സംഘം റോയിയുടെ കൊലപാതകത്തിൽ ഭാര്യ ജോളിയെ അറസ്റ്റ് ചെയ്യുക മാത്രമല്ല കുടുംബത്തിൽ 2002 മുതൽ 2016- വരെയുണ്ടായ അസ്വാഭാവികമരണത്തിലും ജോളിയുടെ പങ്ക് കണ്ടെത്തുകയുംചെയ്‌തു.
കേരളത്തിലെ പ്രമാദമായ നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ റൂറൽ എസ്‌‌പി  കെ ജി സൈമണിന്റെ കൂർമബുദ്ധി തന്നെയാണ് ഈ കേസിലും പ്രതിഫലിച്ചത്.

മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരം അടുത്തിടെയാണ് സൈമണ് ലഭിച്ചത്. വിശിഷ്ട സേവനത്തിനും സ്തുത്യർഹസേവനത്തിനും രാഷ്ട്രപതിയുടെ മെഡൽ നേടിയിട്ടുണ്ട്. ചുരുങ്ങിയ വർഷത്തിനുള്ളിൽ നൂറോളം കേസുകളിലെ പ്രതികളെ വിലങ്ങുവയ്‌ക്കാൻ കഴിഞ്ഞതായും ക്രൈംബ്രാഞ്ചിൽ എസ്‌‌പി ആയിരിക്കെ 19 കേസുകൾ അന്വേഷിച്ച് കണ്ടെത്തിയതായും സൈമൺ ദേശാഭിമാനിയോട് പറഞ്ഞു. ഇതിൽ പല കേസുകളും വർഷങ്ങളുടെ പഴക്കമുള്ളതായിരുന്നു.

 കൂടത്തായി കൊലപാതക പരമ്പരയിൽ എല്ലാ മരണത്തിനുപിന്നിലും ഒരു സ്ത്രീയുടെ സാന്നിധ്യമാണ് നിർണായകമായതെന്ന് എസ്‌പി പറഞ്ഞു. വ്യാജ ഒസ്യത്ത് ഉണ്ടാക്കിയതും സംശയത്തിനിടയാക്കി-. ആറുപേരുടെയും കല്ലറ പരിശോധിച്ച് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു.-

കേരളത്തിൽ ആദ്യമായാണ് ഇത്രയധികം പേരുടെ കല്ലറ തുറന്ന് പരിശോധിക്കുന്നത്. രണ്ട് വയസ്സുകാരി അൽഫെയ്നിന്റെ കല്ലറയിൽനിന്നാണ്‌ നിർണായക തെളിവ് ലഭിച്ചത്‌. കൊലപാതക പരമ്പരയ്ക്ക് തുമ്പുണ്ടാക്കിയതിൽ ഡിജിപി, ഐജി, ഡിഐജി, എഡിജിപി എന്നിവർ അന്വേഷണ സംഘത്തെ അഭിനന്ദിച്ചിരുന്നു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top