14 October Monday

'വൈകാരികതയെ ചൂഷണം ചെയ്യരുത് '; മനാഫിനെതിരെ ആരോപണവുമായി അര്‍ജുന്റെ കുടുംബം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024


കോഴിക്കോട്‌
ലോറി ഉടമ മനാഫ്‌ വൈകാരികത ചൂഷണംചെയ്‌ത്‌ മാർക്കറ്റ്‌ ചെയ്യുന്നുവെന്ന്‌ കർണാടകത്തിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം.  മനാഫ് മാധ്യമങ്ങൾക്ക് മുന്നിൽ കള്ളം പറയുകയും യുട്യൂബ്‌ ചാനലിലൂടെ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു.  അർജുന്റെ പേരിൽ സമാഹരിക്കുന്ന ഫണ്ടുകൾ കുടുംബത്തിന്‌ ആവശ്യമില്ല. ചൂഷണം തുടർന്നാൽ ശക്തമായി പ്രതികരിക്കും. നിയമനടപടി സ്വീകരിക്കുമെന്നും സഹോദരീ ഭർത്താവ് ജിതിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

‘‘കുടുംബത്തെ ക്വാട്ട്‌ ചെയ്‌ത്‌ മനാഫ്‌ ഇനിയും വൈകാരികത സൃഷ്‌ടിക്കരുത്‌. നേരിട്ട്‌ ആവശ്യപ്പെട്ടിട്ടും നിർത്തിയില്ല. മനാഫിന്‌ അർജുന്റെ പേരിൽ ഫണ്ട്‌ ലഭിച്ചിട്ടുണ്ട്‌. അതിന്‌ തെളിവുകളുമുണ്ട്‌. അതൊന്നും ഞങ്ങളുടെ അറിവോടെയല്ല. ഞങ്ങളോട്‌ ചോദിച്ചിട്ടല്ല ഇതൊന്നും ചെയ്‌തത്‌. ഇതുവരെ ആരോടും പണം ആവശ്യപ്പെട്ടിട്ടില്ല.
ഇനി മാധ്യമങ്ങളെ കാണരുതെന്ന് വിചാരിച്ചതാണ്. പക്ഷേ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ  ആക്രമണം നേരിടുന്നു. പലയാളുകളും കുടുംബത്തിന്റെ വൈകാരികതയെ ചൂഷണംചെയ്ത് മറ്റൊരുരീതിയിലേക്ക് കൊണ്ടുപോകുന്നു. മനാഫിന്റെ ലോറിക്ക്‌ അർജുന്റെ പേരിടുന്നത്‌ സമ്മതമല്ല.

മനാഫും ഈശ്വർ മൽ‌പെയും ചേർന്ന നാടക പരമ്പരയാണ്‌ അവിടെ നടന്നത്‌. അർജുനോട് സ്നേഹമുണ്ടെങ്കിൽ എല്ലാ കാര്യവും വീഡിയോ എടുക്കില്ലായിരുന്നു. ദിവസവും മൂന്നും നാലും വീഡിയോ ഇടുകയാണ്. അർജുനെ കിട്ടിക്കഴിഞ്ഞാൽ എല്ലാം നിർത്തുമെന്ന് പറഞ്ഞിരുന്നു. എന്നാൽ അതുണ്ടായില്ല.

കാർവാർ എസ്‌പിയും എംഎൽഎയും മനാഫിനെതിരെ പരാതിതരണമെന്ന്‌ പറഞ്ഞിരുന്നു. പക്ഷേ  പരാതി നൽകിയിട്ടില്ല.  ഞങ്ങളെ മറ്റുള്ളവർക്കുമുമ്പിൽ പരിഹാസ്യരാക്കുന്നത്‌ നിർത്തണം. അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്കും മകനും ജീവിക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്‌. ഏത് ഘട്ടത്തിലും ഒരുമിച്ച് മുന്നേറും.

ലോറിയുടെ ആർസി ഉടമയും മനാഫിന്റെ സഹോദരനുമായ മുബീൻ ആത്മാർഥമായി കൂടെനിന്നു. ആ കടപ്പാടുകൊണ്ടാണ്‌ മനാഫിനെ തള്ളിപ്പറയാഞ്ഞത്‌. കുടുംബത്തിനെതിരെ അതിരൂക്ഷമായ സൈബർ ആക്രമണം നടക്കുന്നു. അർജുനെ കണ്ടെത്താൻ ഒപ്പംനിന്ന എല്ലാവരോടും  നന്ദിയുണ്ട്‌’’–- കുടുംബം വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അർജുന്റെ അച്ഛൻ പ്രേമൻ, അമ്മ ഷീല, ഭാര്യ കൃഷ്‌ണപ്രിയ, സഹോദരങ്ങളായ അഞ്ജു, അഭിരാമി, അഭിജിത്ത്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top