04 June Sunday
തൃശൂർ, പാലക്കാട്‌, എറണാകുളം ജില്ലകളിലാണ്‌ 
 ചാർജിങ് സ്‌റ്റേഷനുകൾ

വാഹനമോടിക്കാം സൗരോര്‍ജത്തില്‍ ; അഞ്ചിടത്ത്‌ അനെര്‍ട്ടി​ന്റെ 
ചാര്‍ജിങ് സ്റ്റേഷൻ

ജെയ്‌സൻ ഫ്രാൻസിസ്‌Updated: Saturday Apr 1, 2023


കൊച്ചി
സംസ്ഥാനത്ത്‌ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി അനെർട്ട് സൗരോര്‍ജ ചാർജിങ്‌ സ്‌റ്റേഷനുകൾ സ്ഥാപിച്ചു. തൃശൂർ, പാലക്കാട്‌, എറണാകുളം ജില്ലകളിലായി അഞ്ച്‌ സ്‌റ്റേഷനുകളാണ് അനെർട്ട് സജ്ജീകരിച്ചത്‌. ഉദ്‌ഘാടനം ഉടൻ നടക്കും. പൂർണമായും സർക്കാർ ചെലവിൽ നിർമിച്ച സംസ്ഥാനത്തെ ആദ്യ സൗരോർജ ചാർജിങ്‌ സ്‌റ്റേഷനുകളാണിത്‌. അതിവേഗ ചാർജിങ് ഇവിടെ സാധ്യമാകും.

ഒരേസമയം ഒമ്പത്‌ വാഹനങ്ങൾ (അഞ്ച്‌ കാർ, ഒരു ബൈക്ക്‌, മൂന്ന്‌ ഓട്ടോറിക്ഷകൾ) ഇവിടെനിന്നും ചാർജ്‌ ചെയ്യാൻ കഴിയും. ഒരു സ്‌റ്റേഷന്‌ 40 ലക്ഷം രൂപയാണ്‌ മുതൽമുടക്ക്‌. എറണാകുളത്ത്‌ മുട്ടം, കുസാറ്റ്‌ മെട്രോ സ്‌റ്റേഷനുകളിലും കളമശേരി എച്ച്‌എംടി സ്‌റ്റാർട്ടപ് മിഷൻ, തൃശൂർ കാണിപയ്യൂർ, ഷൊർണൂർ മെറ്റൽ ഇൻഡസ്‌ട്രീസ്‌ എന്നിവിടങ്ങളിലാണ്‌ സ്റ്റേഷനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 60–-80 കിലോവാട്ട്‌ ശേഷിയുള്ള മെഷീനുകളാണ്‌ സ്‌റ്റേഷനിലുള്ളത്‌, ഇവിടെ ജീവനക്കാരുണ്ടാകില്ല. ഡ്രൈവർക്കുതന്നെ ചാർജ്‌ ചെയ്ത് ഓൺലൈനായി പണമടയ്ക്കാം. യൂണിറ്റിന്‌ 13 രൂപയും ജിഎസ്ടിയും ഈടാക്കും.

മതിയായ സൗരോർജം ലഭിക്കാത്ത കാലാവസ്ഥയില്‍ കെഎസ്‌ഇബി മുഖേന വൈദ്യുതി ഇവിടെ ലഭ്യമാകുകയും ചാർജിങ്‌ തടസ്സമില്ലാതെ നടക്കുകയും ചെയ്യും.ഹരിതോർജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ അനെർട്ട് ഇത്തരം ചാര്‍ജിങ് സ്‌റ്റേഷനുകൾ സ്ഥാപിച്ചത്‌. സ്വകാര്യ ഉടമസ്ഥതയിൽ സ്‌റ്റേഷനുകൾ ഒരുക്കാൻ ആകർഷകമായ സബ്‌സിഡിയും അനെർട്ട് നൽകുന്നുണ്ട്‌. ഒരു കിലോവാട്ടിന്‌ 20,000 രൂപയും 50 കിലോവാട്ടിന്‌ 10 ലക്ഷം രൂപയും സബ്‌സിഡി ലഭിക്കും. സബ്‌സിഡി പ്രയോജനപ്പെടുത്തി സ്വകാര്യവ്യക്തികൾ ഏഴ്‌ സ്‌റ്റേഷനുകൾ ഒരുക്കി. ആലപ്പുഴ, കോഴിക്കോട്‌ ജില്ലകളിൽ രണ്ടുവീതവും വയനാട്‌, കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ ഒന്നുവീതവുമുണ്ട്‌. രാജ്യത്ത്‌ ആദ്യമായി ഇത്തരത്തിൽ സബ്‌സിഡി നൽകുന്ന ആദ്യ സംസ്ഥാനമാണ്‌ കേരളം. ഇന്ത്യയിലാദ്യം ഇലക്ട്രിക്‌ വാഹന നയം പ്രഖ്യാപിച്ചതും കേരളമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top