തിരുവനന്തപുരം> തലസ്ഥാനത്തെ കലാപഭൂമിയാക്കാൻ ആർഎസ്എസ് ഗൂഢാലോചനയെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. വിളപ്പിൽശാലയിലെ കുന്നുംപുറത്ത് സിപിഐ എം നെയ്യാർഡാം ലോക്കൽ സെക്രട്ടറിയും കാട്ടാക്കട ഏരിയ കമ്മിറ്റി അംഗവുമായ കെ സുനിൽ കുമാറിനെ ആർഎസ്എസുകാർ ആക്രമിച്ചത് ഇതിന്റെ ഭാഗമാണ്.
ബുധൻ രാത്രി എട്ടിനാണ് ബൈക്കിൽ യാത്ര ചെയ്തിരുന്ന സുനിൽകുമാറിനെ കൊല്ലുക എന്ന ലക്ഷ്യത്തോടെ ആക്രമിച്ചത്. കാട്ടാക്കട പ്രദേശത്ത് നിരന്തരമായി ആർഎസ്എസ് ആക്രമണങ്ങൾ അഴിച്ചുവിടുകയാണ്. സിപിഐ എം ഏരിയ സെക്രട്ടറി ഗിരിയുടെ വീട് അടിച്ചുതകർത്തു. പ്രദേശത്തെ സിപിഐ എം പതാകകളും കൊടിമരങ്ങളും തകർത്തു. ഏരിയ കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണമുണ്ടായി. കാട്ടാക്കട കോളേജിലെ വിദ്യാർഥികളെയും ആക്രമിച്ചു.
ആർഎസ്എസ്, ബിജെപി ഉന്നതനേതാക്കളുടെ അറിവോടെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ നിരന്തരം ശ്രമംനടക്കുകയാണ്. സുനിൽകുമാറിന് നേരെയുണ്ടായ ആക്രമണത്തിനെതിരെ ശക്തിയായി പ്രതിഷേധിക്കുന്നു. ആർഎസ്എസിന്റെ ഗുണ്ടായിസത്തെ ജനങ്ങളെ അണിനിരത്തി ചെറുക്കാൻ സിപിഐ എമ്മും ജനാധിപത്യവിശ്വാസികളും തയ്യാറാകണം. ആർഎസ്എസ് –-ബിജെപി നേതൃത്വം ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ആനാവൂർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..