28 July Wednesday
ലിംഗമാറ്റ ശസ്‌ത്രക്രിയക്ക്‌ മാർഗരേഖ

ട്രാന്‍സ്‌ജെ‌‌ന്‍ഡര്‍ അനന്യയുടെ ആത്മഹത്യ; ശസ്ത്രക്രിയ ചെയ്‌ത ഡോക്‌ടറുടെ മൊഴിയെടുക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 21, 2021

കൊച്ചി > ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്‌സിന്റെ ആത്മഹത്യയിൽ ആരോപണവിധേയനായ ഡോക്ടറുടെ വിശദമായ മൊഴിയെടുക്കും. കഴിഞ്ഞവർഷം ജൂണിൽ ‌റിനൈ മെഡിസിറ്റിയിൽ ലിം​ഗമാറ്റ ശസ്ത്രക്രിയക്ക്‌ വിധേയായശേഷം ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ നേരിടുന്നതായി അനന്യ ആരോപിച്ചിരുന്നു.

ശസ്ത്രക്രിയക്കുശേഷം ഏറെനേരം എഴുന്നേറ്റുനിൽക്കാൻ ‌കഴിയുന്നില്ലെന്നും ശസ്ത്രക്രിയയിലെ പിഴവാണ് ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമെന്നും അനന്യ കഴിഞ്ഞദിവസം മാധ്യമങ്ങളോട് ‌പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ്‌ ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ ചൊവ്വാഴ്‌ച തൂങ്ങിമരിച്ച നിലയിൽ കണ്ടത്‌.

ഫ്ലാറ്റിൽ ബുധനാഴ്‌ച കളമശേരി പൊലീസ് വീണ്ടും പരിശോധന നടത്തി. റിനൈ മെഡിസിറ്റിയിൽനിന്ന് മെഡിക്കൽ റെക്കോഡുകളും ശേഖരിച്ചു. ഫോറൻസിക് വിഭാ​ഗവും ഫ്ലാറ്റിലെത്തി പരിശോധന നടത്തി. എറണാകുളം മെഡിക്കൽ കോളേജിൽ വ്യാഴാഴ്‌ച മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യും. മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാ​ഗം മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. ഇതിനുശേഷം പൊലീസ് അന്വേഷണം ഊർജിതമാക്കുമെന്ന്‌ പൊലീസ്‌ അറിയിച്ചു.

ചൊവ്വാഴ്‌ച വൈകിട്ടോടെയാണ് അനന്യയെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അനന്യക്കൊപ്പം ഒരു സുഹൃത്തും ഫ്ലാറ്റിലുണ്ടായിരുന്നു. ഇയാൾ ഭക്ഷണം വാങ്ങാൻ പുറത്തുപോയപ്പോഴായിരുന്നു ആത്മഹത്യ. അകത്തുനിന്ന് വാതിൽ പൂട്ടിയനിലയിലായിരുന്നു. സുഹൃത്ത് നിരവധിതവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ഫ്ലാറ്റിന്റെ കെയർ ടേക്കർ എത്തിയാണ് വാതിൽ തുറന്നത്.

അനന്യകുമാരിയുടെ മരണം ; ആരോഗ്യ, സാമൂഹ്യനീതി 
വകുപ്പ്‌ അന്വേഷിക്കും
ട്രാൻസ്‌ജെൻഡർ അനന്യകുമാരി അലക്‌സിന്റെ മരണത്തിൽ ആരോഗ്യ, സാമൂഹ്യനീതി വകുപ്പുകൾ അടിയന്തര അന്വേഷണം നടത്തും. റിപ്പോർട്ട്‌ സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ലിംഗമാറ്റ ശസ്‌ത്രക്രിയയുമായി ബന്ധപ്പെട്ട വിഷയം പഠിക്കാൻ വിദഗ്ധസമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സമഗ്രാന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ സാമൂഹ്യനീതി സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രി ആർ ബിന്ദു അറിയിച്ചു.

ലിംഗമാറ്റ ശസ്‌ത്രക്രിയക്ക്‌ മാർഗരേഖ
ലിംഗമാറ്റ ശസ്‌ത്രക്രിയ ശാസ്‌ത്രീയമായും പിഴവില്ലാതെയും നടത്താൻ മാർഗരേഖ തയ്യാറാക്കുമെന്ന്‌ മന്ത്രി ആർ ബിന്ദു പറഞ്ഞു.
സർക്കാർ നേതൃത്വത്തിൽ ട്രാൻസ്‌ ക്ലിനിക്ക്‌ സ്ഥാപിച്ച്‌ ലിംഗമാറ്റ ശസ്‌ത്രക്രിയ ഉൾപ്പെടെ ട്രാൻസ്‌ജെൻഡേഴ്‌സിന്റെ ശാരീരിക മാനസിക പ്രശ്‌നം പരിഹരിക്കും.

ഈ |മേഖലയിലെ ചില സ്ഥാപനങ്ങളുടെ ചൂഷണം അവസാനിപ്പിക്കാൻ നടപടിയുണ്ടാകും. അനന്യയുടെ മരണവുമായി ബന്ധപ്പെട്ടും ട്രാൻസ്‌ജെൻഡേഴ്‌സിന്റെ പ്രശ്‌നം ചർച്ചചെയ്യാനും വെള്ളിയാഴ്‌ച ട്രാൻസ്‌ജെൻഡർ ജസ്‌റ്റിസ്‌ ബോർഡ്‌ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top