നെടുമങ്ങാട്> അനന്യയുടെയും അക്ഷയ്യുടെയും പ്രതീക്ഷയും ആശ്രയവുമായിരുന്നു കഴിഞ്ഞ ഫെബ്രുവരിയിൽ അസ്തമിച്ചത്. തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാൻ പോയ അമ്മ കൊടുംക്രിമിനലിന്റെ കൊലക്കത്തിക്കിരയായി എന്ന വാർത്ത തകർത്തത് ഈ കുടുംബത്തിന്റെ പ്രതീക്ഷയാണ്.
പേരൂർക്കട അമ്പലംമുക്ക്– കുറവൻകോണം റോഡിൽ ടാബ്സ് ഗ്രീൻടെക് അഗ്രോ ക്ലിനിക്കിലെ ജീവനക്കാരി ആയിരിക്കുമ്പോഴാണ് നെടുമങ്ങാട് വാണ്ട ചാരുവള്ളിക്കോണത്തു വീട്ടില്‍ വിനിത (37) മോഷണശ്രമത്തിനിടെ കൊല്ലപ്പെടുന്നത്. ഇതോടെ അനാഥരായ വിനിതയുടെ കുടുംബത്തിന്റെ സംരക്ഷണം സിപിഐ എം നെടുമങ്ങാട് ഏരിയ കമ്മിറ്റി ഏറ്റെടുക്കുകയായിരുന്നു.
ആസ്ബസ്റ്റോസ് ഷീറ്റിട്ട വഴിസൗകര്യമില്ലാത്ത കെട്ടിടത്തിലായിരുന്നു വിനിതയുടെ മക്കളും മാതാപിതാക്കളായ വിജയൻ, രാഗിണി എന്നിവരും താമസിച്ചിരുന്നത്. ഇവർക്കായി സിപിഐ എം പഴകുറ്റി ലോക്കല്‍ കമ്മിറ്റിനെടുമങ്ങാട് നഗരത്തിന് സമീപം പുലിപ്പാറയില്‍ റോഡരികില്‍ മൂന്നു സെന്റ് പുരയിടം വാങ്ങി. 700 ചതുരശ്രയടിയിൽ നിർമിക്കുന്ന വീട് അവസാനഘട്ടത്തിലാണ്.
പഴകുറ്റി ലോക്കല്‍ കമ്മിറ്റിയിലെ ബ്രാഞ്ച് അംഗങ്ങളില്‍നിന്നു സ്വരൂപിച്ച തുകയും നെടുമങ്ങാട്, ആനാട്, മൂഴി, പൂവത്തൂര്‍ ലോക്കല്‍ കമ്മിറ്റികള്‍ സ്വരൂപിച്ച തുകയും കൊണ്ടാണ് വസ്തുവാങ്ങി വീടു നിര്‍മിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏറിയപങ്കും നിര്‍വഹിക്കുന്നതും സിപിഐ എം ബ്രാഞ്ച് അംഗങ്ങള്‍ തന്നെയാണ്. വീടിന്റെ ഘടനാനിര്മാണവും വൈറ്റ് വാഷും പൂര്‍ത്തിയായി കഴിഞ്ഞു. ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഡെക്കറേഷനുകളും മതില് നിര്‍മാണവുമാണ് അവശേഷിക്കുന്നത്.
അക്ഷയ് കരിപ്പൂര്‍ എച്ച്എസ്എസിലെ വിദ്യാര്‍ഥിയും അനന്യ നെടുമങ്ങാട് യുപിഎസിലെ വിദ്യാര്‍ഥിയുമാണ്. മകൾ അനന്യയുടെ വിദ്യാഭ്യാസച്ചുമതല ജനാധിപത്യ മഹിളാ അസോസിയേഷൻ നെടുമങ്ങാട് ഏരിയ കമ്മിറ്റി ഏറ്റെടുത്തിരുന്നു. അക്ഷയ്യുടെ പഠനച്ചെലവ് ഡിവൈഎഫ്ഐ നെടുമങ്ങാട് ഏരിയ കമ്മിറ്റിയും.
നിര്‍മാണം വൈകാതെതന്നെ പൂര്‍ത്തിയാക്കി ജനുവരിയില്‍ കൈമാറുമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി ആര് ജയദേവനും പഴകുറ്റി ലോക്കല്‍ സെക്രട്ടറി എം ശ്രീകേശും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..