21 July Sunday

സ‌്ത്രീകൾക്ക‌ായി ആഭ്യന്തര പരാതി പരിഹാര സെൽ; എഎംഎംഎ ഭരണഘടന ഭേദഗതിക്ക‌് ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019

കൊച്ചി> ഭാരവാഹിസ്ഥാനങ്ങളിൽ കൂടുതൽ സ‌്ത്രീപങ്കാളിത്തവും സ‌്ത്രീകൾക്ക‌ായി ആഭ്യന്തര പരാതി പരിഹാര സെല്ലും  ഉറപ്പുവരുത്തുന്ന തരത്തിൽ താരസംഘടനയായ എഎംഎംഎ ഭരണഘടന ഭേദഗതിക്ക‌് ഒരുങ്ങുന്നു. ഭേദഗതി നിർദേശങ്ങൾ 30ന് കൊച്ചിയിൽ ചേരുന്ന വാർഷിക ജനറൽ ബോഡി ചർച്ച ചെയ്യുമെന്ന‌് ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. സ‌്ത്രീ സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിലവിലുള്ള സുപ്രീം കോടതി വിധികൾ ഉൾപ്പെടെ പരിഗണിച്ചാണ് ഭേദഗതി നിർദേശങ്ങളുടെ കരട‌് തയ്യാറാക്കിയത‌്. യോഗത്തിന്റെ അംഗീകാരം ലഭിച്ചാൽ രജിസ്‌ട്രേഷൻ അടക്കമുള്ള മറ്റു നടപടികളിലേക്ക് നീങ്ങുമെന്നും എഎംഎംഎ ജനറൽ സെക്രട്ടറി ഇടവേള ബാബു അദ്ദേഹം പറഞ്ഞു.

സ‌്ത്രീകൾക്കായി ആഭ്യന്തര പരാതി സെൽ രൂപീകരിക്കൽ, എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ കുറഞ്ഞത് നാലു സ‌്ത്രീകൾക്ക‌് പ്രാതിനിധ്യം, രണ്ട‌് വൈസ‌് പ്രസിഡന്റുമാരിൽ ഒരാൾ സ‌്ത്രീ എന്നിവ ഉറപ്പുവരുത്തുന്ന നിർദേശങ്ങൾ ഭേദഗതിയിലുണ്ടെന്നാണ‌് വിവരം. 30ന് രാവിലെ 10 മുതൽ ചേരുന്ന വാർഷിക ജനറൽ ബോഡി യോഗം ഭരണഘടന ഭേദഗതി നിർദേശങ്ങൾ ചർച്ച ചെയ്യും. 

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംഘടനയ‌്ക്ക‌് അകത്തും പുറത്തും ഉയർന്ന പ്രതിഷേധങ്ങൾക്ക‌് ഒടുവിലാണ‌് താരസംഘടനയിൽ ഭരണഘടനാ മാറ്റത്തിന‌് കളമൊരുങ്ങുന്നത‌്. ഭരണഘടനാ ഭേദഗതി സംബന്ധിച്ച‌് പരിശോധിക്കാൻ എക‌്സിക്യൂട്ടീവ‌് കമ്മിറ്റിയെ കഴിഞ്ഞ ജനറൽ ബോഡി ചുമതലപ്പെടുത്തിയിരുന്നു. ഇതുപ്രകാരം നിയമവിദഗ‌്ധരുമായി കൂടിയാലോചിച്ച‌് സമഗ്രമായ അഴിച്ചുപണിക്ക‌് വഴിവയ‌്ക്കുന്ന ഭേദഗതി നിർദേശങ്ങളാണ‌് തയ്യാറാക്കുന്നതെന്നാണ‌് വിവരം.

കാൽനൂറ്റാണ്ടിന്റെ ചരിത്രമുള്ള സംഘടനയിൽ ആദ്യമായാണ‌് സമഗ്രമായ ഭരണഘടനാഭേദഗതി വരുന്നത‌്. മേഖലയിലെ വനിതാ കൂട്ടായ‌്മയായ വിമൻ ഇൻ സിനിമ കലക്ടീവുൾപ്പെടെ (ഡബ്ല്യുസിസി) സിനിമയ‌്ക്കുള്ളിൽനിന്നും പൊതുസമൂഹത്തിൽനിന്നും ഉയർന്ന ശക്തമായ പ്രതിഷേധത്തിനും സമ്മർദത്തിനുമൊടുവിലാണ് ഭരണഘടന മാറ്റത്തിനൊരുങ്ങുന്നത്. സിനിമാരംഗത്തെ വനിതകൾക്കെതിരെ ലൈംഗിക ചൂഷണമടക്കം തടയാൻ സംഘടനക്കകത്ത് ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്നായിരുന്നു പ്രധാന ആവശ്യങ്ങളിലൊന്ന്. നടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിലുള്ള നടൻ ദിലീപിനെ തിരിച്ചെടുക്കാൻ 2018 ജൂൺ 24ന് ചേർന്ന എഎംഎംഎ വാർഷിക പൊതുയോഗം തീരുമാനിച്ചതോടെയാണ‌് സംഘടനക്കെതിരെ വിമർശം ശക്തമായത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top