16 October Wednesday
ഭരണസമിതി ഇല്ലാതായി

‘അമ്മ’യിൽ 
കൂട്ടരാജി ; വിവാദത്തിൽ ഉലഞ്ഞ്‌ സിനിമാലോകം , പ്രസിഡന്റ്‌ മോഹൻലാൽ ഉൾപ്പെടെ 
16 അംഗ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024


കൊച്ചി
ജസ്റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഉയർന്ന വെളിപ്പെടുത്തലുകൾക്ക്‌ പിന്നാലെ സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ കൂട്ടരാജി. പ്രസിഡന്റ്‌ മോഹൻലാൽ ഉൾപ്പെടെ 16 അംഗ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി  രാജിവച്ചു. ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖ്‌ ലൈംഗികപീഡന ആരോപണമുയർന്നതിനെ തുടർന്ന്‌ നേരത്തേ രാജിവച്ചിരുന്നു. ചൊവ്വ രാവിലെ ഓൺലൈനിൽ ചേർന്ന  എക്‌സിക്യൂട്ടീവ്‌ യോഗതീരുമാനപ്രകാരം മറ്റുള്ളവരുംകൂടി രാജിവച്ചതോടെ സംഘടനയ്‌ക്ക്‌ ഭരണസമിതി ഇല്ലാതായി.  ചില ഭാരവാഹികൾ നേരിടേണ്ടിവന്ന ലൈംഗികാരോപണങ്ങളുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ്‌ രാജിയെന്ന്‌ സംഘടന പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.

‘രണ്ടുമാസത്തിനുള്ളിൽ പൊതുയോഗം ചേർന്ന്‌ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കും. സംഘടന നൽകിവരുന്ന കൈനീട്ടവും ആരോഗ്യ ചികിത്സാസഹായവും മുടങ്ങില്ല.  ഓഫീസ് പ്രവർത്തനം ഏകോപിപ്പിക്കാൻ ഇ
പ്പോഴത്തെ ഭരണസമിതി താൽക്കാലിക സംവിധാനമായി തുടരും. അമ്മയെ നവീകരിക്കാനും ശക്തിപ്പെടുത്താനും കെൽപ്പുള്ള പുതിയൊരു നേതൃത്വം വരുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും’  കുറിപ്പിൽ പറഞ്ഞു.
 നടി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലുകളെ തുടർന്നാണ്‌ സിദ്ദിഖ്  ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചത്‌. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനുപിന്നാലെ സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനവും രാജിവച്ചിരുന്നു.

അമ്മ ജോയിന്റ് സെക്രട്ടറിയായ നടൻ ബാബുരാജിനെതിരെയും ഗുരുതര ലൈംഗികപീഡന ആരോപണം ഉയർന്നു. വൈസ്‌ പ്രസിഡന്റുമാരായ നടൻ ജഗദീഷും ജയൻ ചേർത്തലയും അമ്മയ്‌ക്കെതിരെ നിലപാടെടുത്തതും നേതൃത്വത്തിനെതിരെ നടൻ പൃഥ്വിരാജ് തുറന്നടിച്ചതും കൂട്ടരാജിക്ക്‌ ആക്കംകൂട്ടി.

വരുത്തിവച്ച ദുര്യോഗം
നടിയെ ആക്രമിച്ച കേസിനെ തുടർന്നുള്ള സംഭവപരമ്പരകൾ ‘അമ്മ’യ്‌ക്ക്‌ വില്ലൻവേഷം നൽകിയെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനുപിന്നാലെ ഉണ്ടായ വെളിപ്പെടുത്തൽ നേതൃത്വത്തെ ഒന്നാകെ ഉലച്ചു. ഒടുവിൽ കൂട്ടരാജിയും. രൂപീകരണത്തിന്റെ 30–-ാംവർഷത്തിലാണ്‌ സമാനതകളില്ലാത്ത ദുര്യോഗത്തിൽ സിനിമാസംഘടന വീണത്‌. എല്ലാ അംഗങ്ങളുടെ ക്ഷേമം എന്ന നിലപാടിൽനിന്ന്‌ പടിപടിയായി പിൻവാങ്ങിയതിന്റെ അനന്തരഫലംകൂടിയാണിത്‌.

എം ജി സോമൻ പ്രസിഡന്റും മമ്മൂട്ടിയും മോഹൻലാലും വൈസ്‌ പ്രസിഡന്റുമായാണ്‌ 1994ൽ ആദ്യ ഭരണസമിതി വന്നത്‌. മധുവും രാജൻ പി ദേവും നെടുമുടി വേണുവും ഇന്നസെന്റുമൊക്കെ നേതൃത്വത്തിലെത്തി. വിവാദങ്ങൾ തൊട്ടുതീണ്ടാത്തതായിരുന്നു ആദ്യകാല പ്രവർത്തനം. നടൻ തിലകനുമായി ബന്ധപ്പെട്ട്‌ 2010ൽ തുടങ്ങിയ തർക്കമായിരുന്നു ആദ്യവിവാദം. താരങ്ങളുമായി ഇടഞ്ഞുനിന്ന വിനയന്റെ സിനിമയിൽ അഭിനയിച്ചതിന്റെ പേരിലായിരുന്നു അത്‌. തിലകനെയും വിനയനെയും ആജീവനാന്തം സിനിമയിൽനിന്ന്‌ വിലക്കി. വിനയനുമായി സഹകരിച്ച പൃഥ്വിരാജിനെയും വെറുതെവിട്ടില്ല.

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റും ജയിൽവാസവും അനുഭവിച്ച ദിലീപിനോടുള്ള സമീപനമാണ്‌ അടുത്തത്‌. നടിക്ക് പിന്തുണ പ്രഖ്യാപിച്ച അതേ കൈകൊണ്ടുതന്നെ കുറ്റാരോപിതനായ ദിലീപിന്റെ അംഗത്വം പുനഃസ്ഥാപിച്ചു. വാർഷിക പൊതുയോഗത്തിൽ അംഗങ്ങളുടെ എതിർപ്പിനെ അവഗണിച്ച്‌ ദിലീപിനെ ചേർത്തുപിടിച്ചു. ഇതാണ്‌ നടിമാരുടെ നേതൃത്വത്തിൽ വിമൻ ഇൻ സിനിമ കലക്‌ടീവിന്റെ പിറവിക്ക്‌ കാരണമായത്‌.

‘അമ്മ’യിൽ ദിലീപ്‌ ശക്തനായിരുന്നപ്പോഴാണ്‌ തിയറ്റർ ഉടമകളുടെ സംഘടനകളെ പിളർത്തി ഫിയോക്‌ എന്ന സ്വന്തം സംഘടന രൂപീകരിച്ചത്‌. അതിന്റെ ആജീവനാന്ത ചെയർമാനായി ദിലീപിനെ വാഴിച്ചത്‌ ഹേമ കമ്മിറ്റിയിൽ പരാമർശിക്കുന്ന പവർ ഗ്രൂപ്പാണെന്നതും പരസ്യമായ രഹസ്യം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താരങ്ങൾക്കെതിരെ ഗുരുതര പരാമർശങ്ങളുണ്ടായിട്ടും നാലുദിവസം ഭാരവാഹികളാരും പ്രതികരിക്കാതിരുന്നത്‌ വലിയ ആക്ഷേപമായി. ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖ്‌ ഗത്യന്തരമില്ലാതെ പ്രതികരിച്ചെങ്കിലും മറ്റു പ്രധാനികളൊന്നും മുഖംകൊടുത്തില്ല. വലിയ പൊട്ടിത്തെറികളുണ്ടാകും എന്ന്‌ ഭയന്നാണ്‌ ഒടുവിൽ ഭരണസമിതി പിരിച്ചുവിടലിൽ വരെ എത്തിച്ചത്‌.

രാജി എടുത്തുചാട്ടം: ഷമ്മി തിലകൻ
അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി മുഴുവൻ രാജിവെച്ചത് എടുത്തുചാട്ടമായെന്ന്‌ നടൻ ഷമ്മി തിലകൻ. ആരോപണവിധേയർമാത്രം രാജിവച്ചാൽ മതിയായിരുന്നുവെന്നും മോഹൻലാലിന്റെ മൗനത്തിൽ ബലിയാടായ ആളാണ് താനെന്നും അദ്ദേഹം കൊല്ലത്ത്‌ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. തിലകന് ലഭിച്ച, കാലത്തിന്റെ കാവ്യനീതിയാകാം ഇത്. അമ്മ പ്രസിഡന്റിന്‌ പ്രതികരണശേഷി നഷ്ടപ്പെട്ടതാകാം. ജാതീയമായ പ്രശ്നങ്ങൾ സംഘടനക്കുള്ളിൽ ഉണ്ട്. എക്സിക്യൂട്ടീവ് കമ്മറ്റി പിരിച്ചുവിട്ടത് വോട്ടുചെയ്ത അംഗങ്ങളോട് കാണിച്ച വഞ്ചനയാണ്‌. ഞാൻ കഴിഞ്ഞാൽ പ്രളയം എന്ന സംസ്കാരമാണ് അമ്മയിലുള്ളത്. നിലവിൽ ഉയർന്ന പരാതികളിലെ ആധികാരികത പൊലീസ് അന്വേഷണത്തിലൂടെയേ വ്യക്തമാകൂ. അമ്മ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി എന്നുതോന്നുന്നു. സംഘടനയിലെ ചില അംഗങ്ങൾ എന്ന്‌ തിലകൻ ഉദ്ദേശിച്ചവർതന്നെയാണ് പവർ ഗ്രൂപ്പെന്നും ഷമ്മി പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top