22 August Thursday

അമിക്കസ് ക്യൂറി പരിഗണിച്ചത് പ്രസിദ്ധീകരണ യോഗ്യമല്ലാത്ത പഠനം; റിപ്പോർട്ട്‌ ശാസ്ത്രീയമല്ലെന്ന്‌ വ്യക്തമായി

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019

തിരുവനന്തപുരം > മഹാപ്രളയം മനുഷ്യ നിർമ്മിതമാണെന്ന്‌ സമർത്ഥിക്കുവാനായി അമിക്കസ് ക്യൂറി ആശ്രയിച്ചത് അന്തർദേശീയ ശാസ്ത്ര പ്രസിദ്ധീകരണം "പീർ റിവ്യൂ' പ്രസിദ്ധീകരണ യോഗ്യമല്ലെന്ന് കണ്ടെത്തി തിരിച്ചയച്ച പഠനം. ഇക്കാര്യം സർക്കാർ ഹൈക്കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. ശാസ്‌ത്രലോകം തള്ളിയ കണക്കുകൾ വച്ചാണ്‌ അമിക്കസ്‌ ക്യൂറി റിപ്പോർട്ട്‌ എന്നും സർക്കാർ അറിയിച്ചിട്ടുണ്ട്‌. അമിക്കസ് ക്യൂറി നിഗമനങ്ങളിൽ എത്താൻ ആശ്രയിച്ചിരുന്നത് പ്രധാനമായും 4 പഠനങ്ങളെ ആയിരുന്നു. അതിൽ പ്രളയത്തിൻറെ ആഘാതം വർദ്ധിപ്പിച്ചത് ഡാം മാനേജ്മെന്റിന്റെ അപാകത മൂലമാണെന്ന നിഗമനത്തിലേക്ക് എത്തിച്ചേരാൻ ആശ്രയിച്ചിരുന്ന ഒരേയൊരു ശാസ്ത്രീയ പഠനവും ശാസ്ത്ര ലോകം തിരിച്ചയച്ചതാണ് എന്ന വസ്തുതയാണ്‌ തെളിവുകളോടെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്‌. ഇതോടെ അമിക്കസ് ക്യൂറി റിപ്പോർട്ടിൻറെ ശാസ്ത്രീയ അവധാനതയില്ലായ്മ തുറന്ന് കാണിക്കപ്പെടുകയാണ്.

ഐഐടി ഗാന്ധിനഗറിലെ വിമൽ മിശ്രയും സംഘവും അന്തർദേശീയ ശാസ്ത്ര പ്രസിദ്ധീകരണമായ  hydrology and earth system sciences (HESS) ൽ പ്രസിദ്ധീകരണത്തിനായി അയച്ചു നൽകിയ പഠനത്തിന്റെ 'പീർ റിവ്യൂ' (വിഷയത്തിലെ വിദഗ്ധരായ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ പീർ റിവ്യൂ നടത്തി പഠനം അംഗീകരിച്ച ശേഷം മാത്രമേ ഒരു ശാസ്ത്രീയ പഠനമായി പ്രസിദ്ധീകരിക്കുകയുള്ളൂ) നടത്തിയ ശാസ്ത്രജ്ഞൻറെ പ്രസിദ്ധീകരണ യോഗ്യമല്ലെന്ന കണ്ടെത്തൽ അദ്ദേഹം പബ്ലിഷേഴ്സിനെ അറിയിച്ച ഇ‐മെയിൽ സഹിതമാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പീർ റിവ്യൂവിന് ശേഷം പ്രസിദ്ധീകരിക്കുമ്പോൾ മാത്രമാണ് ഒരു ശാസ്ത്രീയ പഠനം ശാസ്ത്ര ലോകം അംഗീകരിക്കുകയും ശാസ്ത്രീയ പഠനം എന്ന നിർവചനത്തിലേക്ക് വരികയും ചെയ്യുന്നത്. അമിക്കസ് ക്യൂറി കേരള സർക്കാരിനെതിരെ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് ആശ്രയിച്ച ഏക ശാസ്ത്രീയ പഠനത്തിൻറെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്നതോട് കൂടി അമിക്കസ് ക്യൂറി റിപ്പോർട്ട് തന്നെ അപ്രസക്തമാവുകയാണ്.

അമിക്കസ് ക്യൂറി ആശ്രയിച്ച മറ്റൊരു പഠനവും 'ശാസ്ത്രീയ പഠനങ്ങളുടെ' ഗണത്തിൽ വരുന്നതല്ല. Himanshu Thakkar ൻറെ Economic and Political Weekly പ്രസിദ്ധീകരിച്ച  Role of Dams in Kerala’s Flood Disaster’ എന്ന ലേഖനമാണ് അമിക്കസ് ക്യൂറി ആശ്രയിച്ച മറ്റൊരു പഠനം. എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി എന്നത് ശാസ്ത്ര പഠനങ്ങൾ ആധികാരികമായി പ്രസിദ്ധീകരിക്കുന്ന ഒരു പ്രസിദ്ധീകരണമല്ല. അതിൽ ഹിമാൻഷു തക്കെർ എഴുതിയ അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളെ ഒരു ശാസ്ത്രപഠനമായി എടുക്കാൻ സാധിക്കില്ല. അതൊരു വിമർശനാത്മകമായി എഴുതപ്പെട്ട നിരൂപണം മാത്രമാണ്. പൂർണ്ണമായും ശാസ്ത്രീയ പഠനം എന്ന് വിളിക്കപ്പെടാനുള്ള ഒരു മാനദണ്ഡങ്ങളും പ്രസ്തുത ലേഖനം പാലിക്കുന്നില്ല. രാഷ്ട്രീയ അഭിപ്രായങ്ങൾ കൂടി പ്രസിദ്ധീകരിക്കപ്പെടുന്ന EPW ൽ ഡാം മാനേജ്മെന്റിനോടുള്ള അദ്ദേഹത്തിൻറെ രാഷ്ട്രീയ അഭിപ്രായമായിരിക്കും ഈ ലേഖനത്തിലൂടെ അദ്ദേഹം വെളിവാക്കിയിട്ടുണ്ടാവുക.

അമിക്കസ് ക്യൂറി റിപ്പോർട്ടിലെ മുഴുവൻ ആക്ഷേപങ്ങൾക്കും കൃത്യമായി അക്കമിട്ട് നിരത്തിയ മറുപടികളാണ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. അമിക്കസ് ക്യൂറി റിപ്പോർട്ടിന്റെ ശാസ്ത്രീയത കുറവും സാങ്കേതിക വൈദഗ്ദ്യത്തിന്റെ അപര്യപ്തതയുമാണ് സർക്കാർ പ്രധാനമായും ഊന്നൽ നൽകുന്നത്. ഈ കാരണങ്ങൾ കൊണ്ട് തന്നെ അമിക്കസ് ക്യൂറി റിപ്പോർട്ടിലെ നിഗമനങ്ങൾ തീർത്തും ബലഹീനമാവുകയാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top