01 October Sunday

കാറിന്റെ സീറ്റ്‌ബെൽറ്റ്‌ രാഖിയുടെ കഴുത്തിൽ മുറുക്കി; ശബ്‌ദം കേൾക്കാതിരിക്കാൻ എൻജിൻ ഇരപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023
തിരുവനന്തപുരം > കളമശേരിയിലെ ഒരു സ്വകാര്യ കേബിൾ കമ്പനിയിൽ ജോലി നോക്കിയിരുന്ന രാഖിയെ ഫോണിലൂടെയാണ്‌ അഖിൽ പരിചയപ്പെട്ടതും പ്രണയത്തിലായതും. രാഖിക്ക്‌ വിവാഹവാഗ്‌ദാനം നൽകിയ അഖിൽ പക്ഷെ അന്തിയൂർക്കോണം സ്വദേശിനിയുമായി വിവാഹനിശ്ചയം നടത്തി. ഇതിന്റെ ചിത്രങ്ങൾ ഫെയ്‌സ്‌ബുക്കിൽ കണ്ടാണ്‌ രാഖി വിവരമറിഞ്ഞത്‌. വിവാഹം മുടക്കുമെന്ന് പറഞ്ഞതിലുള്ള വിരോധമാണ് കൊലയ്‌ക്ക്‌ കാരണം.
 
രാഖിയെ അഖിലും സഹോദരൻ രാഹുലും ആദർശും ചേർന്ന്‌ കാറിൽ കയറ്റികൊണ്ടുപോവുകയും മുൻസീറ്റിലിരുന്ന രാഖിയുടെ കഴുത്തിൽ സീറ്റ്‌ ബെൽറ്റുപയോഗിച്ച്‌ കുരുക്കി കൊലപ്പെടുത്തുകയുമായിരുന്നു. ബഹളം പുറത്തുകേൾക്കാതിരിക്കാൻ രാഹുൽ കാറിന്റെ എൻജിൻ ഇരപ്പിച്ച്‌ ശബ്ദമുണ്ടാക്കി. മൃതദേഹം അഖിലിന്റെ വീടിനോട്‌ ചേർന്ന പുരയിടത്തിൽ കുഴിച്ചിട്ടു. മകളെ കാണാനില്ലെന്ന രാഖിയുടെ അച്ഛൻ രാജന്റെ പരാതിയിലാണ്‌ ആദർശ്‌ പിടിയിലായത്‌. 94 സാക്ഷികളെ  വിസ്തരിച്ചു. 92 തൊണ്ടിമുതലും 178 രേഖയും ഹാജരാക്കി. ആദർശിന്റെ ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ കോളേജിലെ ഡോ. തങ്കരാജിനെ പ്രതിഭാഗം സാക്ഷിയായി വിസ്തരിച്ചു. 15 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പി പി ഗീത ആലപ്പുഴ, എം സലാഹുദീൻ എന്നിവർ ഹാജരായി.
 

അച്ഛന്‌ സുഖമില്ലെന്ന്‌ പ്രതികൾ
 

ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് തങ്ങൾ സഹോദരങ്ങളാണന്നും അച്ഛൻ വാഹനാപകടത്തിൽ ഒരു വശം തളർന്ന് കിടപ്പിലാണന്നും മറ്റാരും സംരക്ഷിക്കാനില്ലെന്നുമായിരുന്നു അഖിലിന്റെയും രാഹുലിന്റെയും മറുപടി. അച്ഛൻ മരിച്ചതോടെ അമ്മയെ സംരക്ഷിക്കാൻ മറ്റാരുമില്ലെന്നായിരുന്നു ആദർശിന്റെ മറുപടി. കുറ്റകൃത്യം പൈശാചികമായിരുന്നുവെന്നും പ്രതികൾ ദയ അർഹിക്കുന്നില്ലന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
 

സിം രാഖിയുടേത്‌, 
ഫോൺ അഖിലിന്റേതും

 
രാഖി വധക്കേസിൽ നിർണായക വഴിത്തിരിവായത്‌ അന്വേഷണം വഴിതെറ്റിക്കാൻ നൽകിയ മൊബൈൽ ഫോൺ സന്ദേശം. കൊലപാതകത്തിനുശേഷം വാങ്ങിയ ഫോണിൽ രാഖിയുടെ സിം കാർഡിട്ടാണ്‌ തുടരെത്തുടരെ സന്ദേശങ്ങൾ അയച്ചത്.
 അഖിലിനെ പിരിയുകയാണെന്നും താൻ മറ്റൊരു സുഹൃത്തുമായി ചെന്നൈക്ക്‌ പോകുന്നുവെന്നുമായിരുന്നു സന്ദേശം. അന്വേഷണത്തിന്റെ ഭാഗമായി തങ്ങളെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന് കാട്ടി അഖിലിന്റെ ബന്ധുക്കൾ നൽകിയ പരാതിക്കൊപ്പം സന്ദേശത്തിന്റെ പ്രിന്റൗട്ടും പൊലീസിന്‌ കൈമാറി. ഇത്‌ പരിശോധിച്ചപ്പോഴാണ്‌ സിംകാർഡ് യുവതിയുടേതാണെങ്കിലും ഫോൺ മറ്റൊന്നാണെന്ന് തിരിച്ചറിഞ്ഞത്. രാഹുലും ആദർശുമാണ്‌ ഈ ഫോൺ വാങ്ങിയതെന്ന്‌ വ്യക്തമായി. വിരലടയാളം ഉപയോഗിച്ച് സ്ക്രീൻ ഓൺ ചെയ്യുന്നതായിരുന്നു രാഖിയുടെ ഫോൺ. അത്‌ ഉപയോഗിക്കാൻ സാധിക്കാതെ വന്നതോടെയാണ്‌ മറ്റൊന്ന്‌ വാങ്ങിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top