24 August Saturday

വളപട്ടണത്ത് ആംബുലന്‍സിടിച്ച് വഴിയാത്രക്കാരായ രണ്ട് പേര്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019

കണ്ണൂര്‍> വളപട്ടണത്ത് നിയന്ത്രണം വിട്ട ആബുലന്‍സ് ഇടിച്ച് രണ്ട് വഴിയാത്രക്കാര്‍ മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയുള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. വളപട്ടണം കീരിയാട് ലക്ഷംവീട് കോളനിയിലെ ബുഖാരി മസ്ജിദിനടുത്ത് താമസിക്കുന്ന കെ എന്‍ ഹൗസില്‍ അഷ്‌റഫ്, ആശാരിപ്പണിക്കാരനായ തിരുവനന്തപുരം സ്വദേശി ബീരയ്യന്‍ സ്വാമി (60) എന്നിവരാണ് മരിച്ചത്.
 
ശനിയാഴ്ചരാവിലെയാണ് അപകടം. വളപട്ടണം ബൂത്തിനടുത്ത് വെച്ചാണ് ആംബുലന്‍സ് വഴിയാത്രക്കാരുടെ മേല്‍ കയറിയത്. പരിക്കേറ്റവരെ ഉടന്‍ എ കെ ജി ആശുപത്രിയിലെത്തിച്ചെങ്കിലും ബീരയ്യന്‍ സ്വാമി മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഷറഫിനെയും ആംബുലന്‍സിലുണ്ടായിരുന്ന കാന്‍സര്‍ രോഗിയായ രാജപുരത്തെ ഫിലിപ്പ് കുര്യ(60)ന്റെ ഭാര്യ മിനി ഫിലിപ്പി(46)നെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അഷറഫിനെയും രക്ഷിക്കാനായില്ല.
 
കാന്‍സര്‍ രോഗിയായ ഫിലിപ്പ് കുര്യനെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുവരവെയാണ് വളപട്ടണത്ത് വെച്ച് ആംബുലന്‍സ് നിയന്ത്രണം വിട്ട് കാറിനുരസിയ ശേഷം റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ ചാരിനിന്ന് സംസാരിക്കുകയായിരുന്ന ബീരയ്യ സ്വാമിയുടെയും അഷ്‌റഫിന്റെയും ദേഹത്തിടിച്ചത്. തുടര്‍ന്ന് സമീപത്തെ പൂട്ടിയിട്ട തട്ടുകടയിലിടിച്ചാണ് ആംബുലന്‍സ് നിന്നത്.പരിക്കേറ്റ ഫിലിപ്പ് കുര്യൻ എ കെ ജി ആശുപത്രിയിലാണ്.
 
വളപട്ടണം മത്സ്യമാര്‍ക്കറ്റിലെ വ്യാപാരിയായ തട്ടാമുറ്റത്ത് മഹമൂദ്-ആസീമ ദമ്പതികളുടെ മകനാണ് അഷറഫ്. സഹോദരങ്ങള്‍: നസീമ, സക്കീന.
ചിത്രയാണ് ബീരയ്യന്‍ സ്വാമിയുടെ ഭാര്യ. രണ്ട് മക്കളുണ്ട്. കഴിഞ്ഞ നാലുവര്‍ഷമായി കീരിയാട്ടെ ഫര്‍ണിച്ചര്‍ നിര്‍മ്മാണക്കടയില്‍ ജോലി ചെയ്തുവരികയാണ് ബീരയ്യന്‍സ്വാമി.


പ്രധാന വാർത്തകൾ
 Top