22 October Tuesday

അമ്പൂരി കൊലപാതകം: പ്രതികള്‍ക്കുവേണ്ടി ആര്‍എസ്എസ് രംഗത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2019

വെള്ളറട > അമ്പൂരിയിൽ രാഖിയെന്ന യുവതിയെ കൊലപ്പെടുത്തി ഉപ്പിട്ട്‌ കുഴിച്ചുമൂടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.   മുഖ്യപ്രതി അഖിലിന്റെ സഹോദരൻ രാഹുൽനായരാണ്‌ (27) പൊലീസ് പിടിയിലായത്. രണ്ടാംപ്രതിയായ ഇയാൾ ആർഎസ്എസിന്റെ സജീവപ്രവർത്തകനാണ്. പ്രതികൾ  ഉപയോഗിച്ച കാർ തമിഴ്നാട്ടിലെ തൃപ്പരപ്പ്‌ സ്വദേശിയായ സൈനികൻ രതീഷിന്റേതാണെന്ന്‌ കണ്ടെത്തി. അഖിലിന്റെ വീട്ടിൽ അന്വേഷണഉദ്യോഗസ്ഥർ വീണ്ടും പരിശോധിച്ച്‌ കൂടുതൽ തെളിവുശേഖരിച്ചു. രാഖി ഉപയോഗിച്ചതെന്നുകരുതുന്ന മൊബൈൽ ഫോണും  പൊലീസ്‌ കണ്ടെടുത്തിട്ടുണ്ട്.

സംഭവദിവസം രാഖി നെയ്യാറ്റിൻകര കെഎസ്‌ആർടിസി ബസ്‌ സ്‌റ്റാൻഡിൽ എത്തിയതിന്റെ സിസിടിവി ദൃശ്യം പൊലീസിന്‌ ലഭിച്ചു. സ്‌റ്റാൻഡിലെ കടയിൽനിന്നാണ്‌ ദൃശ്യം ലഭിച്ചത്‌. കേസിലെ മൂന്നാംപ്രതി ആദർശിനെ  കഴിഞ്ഞദിവസം അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

അതിനിടെ നാടിനെ നടുക്കിയ കൊലപാതകത്തിലെ പ്രതികളെ രക്ഷിക്കാൻ ആർഎസ്‌എസ്‌ നീക്കം തുടങ്ങി. പ്രതികൾ ആർഎസ്‌എസിന്റെ സജീവപ്രവർത്തകരാണ്‌.
രാഖിമോളും കാമുകനായിരുന്ന ഒന്നാംപ്രതി സൈനികൻ അഖിൽ ആർ  നായരും വിവാഹിതരായിരുന്നുവെന്ന്‌ പൊലീസ്‌ വ്യക്തമാക്കി. അറസ്‌റ്റിലായ മൂന്നാം പ്രതി ആദർശിന്റെ റിമാന്റ്‌ റിപ്പോർട്ടിലാണ്‌ ഇക്കാര്യമുള്ളത്‌.

രാഖിയും അഖിലും  എറണാകുളത്ത് ഒരുക്ഷേത്രത്തിൽ  2019 ഫെബ്രുവരി പതിനഞ്ചിനാണ്‌  വിവാഹിതരായത്‌. തുടർന്ന്‌ ഭാര്യാ ഭർത്താക്കന്മാരായാണ്‌ ജീവിച്ചത്‌. പിന്നീട്‌ അന്തിയൂർക്കോണത്തെ  മറ്റൊരു യുവതിയുമായി അഖിലിന്റെ വിവാഹം നിശ്‌ചയിച്ചതോടെ ഇരുവരും തെറ്റി. ഈ വിവാഹത്തിൽനിന്ന്‌ പിൻമാറാൻ രാഖി  ആവശ്യപ്പെട്ടു. സമ്മതിക്കാതെ വന്നതോടെ രാഖി അഖിലിനെ ഭീഷണിപ്പെടുത്തി.  അതോടെ, കൊലപാതകം ആസൂത്രണം ചെയ്‌തു.  കുഴിയെടുത്തു. മൃതദേഹത്തിൽ വിതറാൻ ഉപ്പും ശേഖരിച്ചു. തുടർന്ന്‌ എറണാകളത്ത്‌ നിന്ന്‌ യുവതിയെ വിളിച്ചുവരുത്തി.  നെയ്യാറ്റിൻകര ബസ്‌ സ്റ്റാൻഡിലെത്തിയപ്പോൾ അഖിൽ പുതുതായി നിർമിക്കുന്ന വീട്‌ കാണിച്ചുതരാമെന്ന്‌ പറഞ്ഞ്‌ കാറിൽ കയറ്റി കൊണ്ടുപോയി. വീടിന്‌ സമീപം എത്തിയപ്പോൾ അഖിലിന്റെ സഹോദരൻ  രാഹുൽ  കാറിൽ കയറി. അയാൾ കഴുത്തുഞെരിച്ചു. ബോധരഹിതയായതോടെ  അഖിൽ  ഡ്രൈവിങ്‌ സീറ്റിൽനിന്ന്‌  ഇറങ്ങി വന്ന്‌ കയർ കൊണ്ട്‌  കഴുത്തിൽ മുറുക്കി കൊന്നു.
വസ്‌ത്രങ്ങൾ നീക്കിയ  ശേഷം കുഴിയിലിട്ട്‌  ഉപ്പ്‌ വിതറി മണ്ണിട്ട്‌ മൂടി. രാഖിയുടെ മുഴുവൻ വസ്‌ത്രങ്ങളും കത്തിച്ച ശേഷമാണ്‌
പ്രതികൾ സ്ഥലം വിട്ടത്‌–- പൊലീസ്‌ റിമാൻഡ്‌ റിപ്പോർട്ടിൽ പറഞ്ഞു.

മുഖ്യ പ്രതി അഖിൽ ആർ നായരെ  തേടി പൊലീസ്‌ രണ്ടുസംഘമായി ലഡാക്കിലേക്കും മധുരയിലേക്കും പോയി. അഖിൽ ജോലി ചെയ്യുന്ന പാരാമിലിട്ടറി വിഭാഗത്തിന്റെ ഡൽഹി ഓഫീസിലെ കമാണ്ടന്റിന്‌ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തിയ കത്തും പൊലീസ്‌ കൈമാറി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top