14 December Saturday

ആമയിഴഞ്ചാൻ അപകടം: റെയിൽവേയെ വെള്ളപൂശാൻ വസ്‌തുതകൾ മറയ്‌ക്കുന്നു

സ്വന്തം ലേഖകൻUpdated: Tuesday Jul 16, 2024

ഫോട്ടോ: ഷിബിന്‍ ചെറുകര

തിരുവനന്തപുരം> ആമയിഴഞ്ചാൻ തോട്ടിൽ റെയിൽവേ ശുചീകരണത്തിന്‌ ഏൽപ്പിച്ച തൊഴിലാളി മരിക്കാനിടയായതിൽ സത്യം മറച്ചുവച്ച്‌ റെയിൽവേയെ വെള്ളപൂശാൻ ഒരുവിഭാഗം മാധ്യമങ്ങളുടെയും കോൺഗ്രസ്, ബിജെപി നേതാക്കളുടെയും ശ്രമം. കോർപറേഷനല്ല  ഉത്തരാവാദിത്വം എന്നു വ്യക്തമായിട്ടും റെയിൽവേയെ കുറ്റപ്പെടുത്താതിരിക്കാൻ വസ്‌തുതകളെ തമസ്‌കരിച്ചു.

 12 കിലോമീറ്ററുള്ള തോട്ടിലെ അപകടമുണ്ടായ117 മീറ്റർ ഭാഗം റെയിൽവേയുടെ അധീനതയിലുള്ളതാണ്. ഈ ഭാഗത്ത്‌ റെയിൽവേക്ക്‌ അല്ലാതെ മറ്റാർക്കും കയറാനോ വൃത്തിയാക്കാനോ കഴിയില്ല. ഈ 117 മീറ്റർ ഭാഗം റെയിൽവേ അവസാനം വൃത്തിയാക്കിയത് 2018ൽ ആണ്. വർഷാവർഷം മഴക്കാലപൂർവ ശുചീകരണം സംസ്ഥാനത്ത്‌ സജീവമായി നടക്കുമ്പോഴും ഇവിടെ ഒന്നും നടന്നില്ല. റെയിൽവേ ഭൂമിയിലേക്ക് കയറുന്ന ഭാഗത്ത് ചവറുകൾ അരിച്ചുമാറ്റാൻ കോർപറേഷൻ അരിപ്പകൾ സ്ഥാപിച്ചിട്ടുണ്ട്‌ എന്നതിനാൽ റെയിൽവേ കോമ്പൗണ്ടിലെ മാലിന്യം മാത്രമേ ഈ ഭാഗത്ത് അടിയൂ. മാലിന്യം നീക്കാൻ കോർപറേഷൻ നേരത്തേ നൽകിയ കത്തുകളെല്ലാം റെയിൽവേ അവഗണിക്കുകയായിരുന്നു.  
 
ജുൺ 19നു കോർപറേഷൻ വീണ്ടും നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ ശുചീകരണത്തിന്‌ സ്വകാര്യ വ്യക്തിക്ക്‌ കരാർ നൽകുകയായിരുന്നു. ഇയാളാണ്‌ സുരക്ഷാ മുൻകരുതലുകളില്ലാതെ  തൊഴിലാളികളെ ഏൽപ്പിച്ചത്‌ എന്നതും വിമർശകർ പറയുന്നില്ല.



റെയിൽവേയുടെ കുന്നോളം മാലിന്യം നീക്കിയത് കോർപറേഷൻ

റെയിൽവേയുടെ അധീനതയിലുള്ള ആമയിഴഞ്ചാൻ തോടിന്റെ ഭാഗത്തുനിന്ന് രണ്ടുദിവസങ്ങളിലായി കോർപറേഷൻ മാറ്റിയത്‌ 23 ലോഡിലധികം മാലിന്യം. ട്രെയിനിന്റെ ശുചിമുറിയിൽ ഉപയോ​ഗിച്ചിരുന്ന തരത്തിലുള്ള സ്റ്റീൽ കപ്പ്, തുണികൾ, പ്ലാസ്റ്റിക് കുപ്പികൾ, ഫുഡ് കണ്ടെയ്നറുകൾ തുടങ്ങിയവയാണ് മാലിന്യത്തിലധികവും. അ​ഗ്നിരക്ഷാസേനയും കോർപറേഷൻ ശുചീകരണ തൊഴിലാളികളും ചേർന്നാണ് മാലിന്യമാറ്റത്തിന് നേത-ൃത്വം നൽകിയത്. 75 ശുചീകരണ തൊഴിലാളികൾ മുഴുവൻ സമയവും പ്രവർത്തനത്തിന്റെ ഭാ​ഗമായി. വിഴിഞ്ഞത്തേക്ക് മാറ്റിയ മാലിന്യത്തിന്റെ വേർതിരിക്കൽ പ്രവർത്തനങ്ങളും ആരംഭിച്ചു. വേർതിരിച്ചെടുക്കുന്ന മാലിന്യം വിവിധ ഏജൻസികളിലേക്ക് കൈമാറും. ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ട തൊഴിലാളികൾക്ക് മെഡിക്കൽ പരിശോധനയും ചികിത്സയും ഉറപ്പാക്കും.

ശനിയാഴ്‌ച ജോയിയെ കാണാതായത് മുതൽ റെയിൽവേയുടെ പിന്തുണയില്ലാതെയാണ്‌ ‌മാലിന്യനീക്കവും രക്ഷാപ്രവർത്തനവും ഏകോപനവും പൂർണമായും കോർപറേഷൻ ഏറ്റെടുത്തത്‌. ടണലിൽനിന്നെടുത്ത മാലിന്യം നീക്കിയത് കോർപറേഷന്റെ മൂന്ന് ലോറികളിലാണ്. അ​ഗ്നിരക്ഷാസേന ആവശ്യപ്പെട്ട പ്രകാരം 2 ജെസിബികളും ശനിയാഴ്ച കോർപറേഷൻ വിട്ടുനൽകി. റെയിൽവേ പരിധിയിലെ മാലിന്യം നീക്കേണ്ടതിന്റെ ഉത്തരവാദിത്വം റെയിൽവേയ്ക്കാണ്. മാത്രമല്ല അനുമതിയില്ലാതെ റെയിൽവേ പരിസരത്ത് കയറാനും കഴിയില്ല. ന​ഗരത്തിലെ വെള്ളക്കെട്ടിന്റെ പ്രധാന കാരണങ്ങളിലൊന്നായ ആമയിഴഞ്ചാൻ‌തോട്ടിലെ 150 മീറ്റർ ഭാ​ഗമാണ് റെയിൽവേ ആറുവർഷമായി വൃത്തിയാക്കാൻ തയ്യാറാവാത്തത്. കോർപറേഷൻ, കലക്ട്രേറ്റ് എന്നിവിടങ്ങളിൽനിന്നുള്ള നോട്ടീസിനെയും റെയിൽവേ പരി​ഗണിച്ചിട്ടില്ല.

രണ്ടാഴ്ച മുമ്പാണ്‌ മാലിന്യം മാറ്റാമെന്ന് തീരുമാനത്തിലേക്ക് റെയിൽവേ എത്തിയത്. തുടർന്ന് മരാമത്ത് വിഭാ​ഗം ബിജുവെന്ന കരാറുകാരനെ മാലിന്യനീക്കം ഏൽപ്പിച്ചു. ഇയാൾ ഏർപ്പെടുത്തിയ മൂന്നുതൊഴിലാളികളാണ് തപൻദാസും ബിശ്വജിത്തും മരിച്ച ജോയിയും. മൂവർസംഘവും സൂപ്പർവൈസർ കുമാറും ചേർന്ന് പവർഹൗസ് ജങ്ഷന് സമീപമുള്ള തോടിന്റെ ഭാ​ഗത്ത് നിന്നെടുത്ത മാലിന്യം കൂമ്പാരമായി റെയിൽവേ പരിസരത്ത് അവശേഷിക്കുന്നുണ്ട്.

റെയിൽവേയ്‌ക്കറിയാം, എന്നിട്ടും...

തങ്ങളുടെ പരിധിയിലുള്ള പ്രദേശങ്ങളിലെ മാലിന്യനീക്കത്തിന്റെ ഉത്തരവാദിത്വം അറിയാമായിരുന്നിട്ടും കടമ നിർവഹിക്കാതെ റെയിൽവേ അധികൃതർ. മാലിന്യനീക്കം സംബന്ധിച്ച സർക്കാർ നിർദേശങ്ങൾ അംഗീകരിക്കാനോ യോഗങ്ങളിൽ പങ്കെടുക്കാനോ റെയിൽവേ തയ്യാറാകുന്നില്ല.
2011 സെപ്‌തംബർ 13ന്‌ ജനറൽ മാനേജർമാർക്ക്‌ അയച്ച സർക്കുലറിൽ മാലിന്യ സംസ്‌കരണം തങ്ങളുടെ ഉത്തരവാദിത്തമാണെന്ന്‌ റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു.

പരിധിയിലുള്ള പ്രദേശങ്ങളിലും ട്രെയിനുകളിലും മാലിന്യ സംസ്കരണം നടത്തേണ്ടതിന്റെ സുദീർഘ നിർദേശങ്ങളും സർക്കുലറിലുണ്ട്‌. എന്നിട്ടും, മാലിന്യ നീക്കത്തിൽ ഗുരുതരമായ അലംഭാവമാണ്‌ ഉണ്ടാകുന്നത്‌. തിരുവനന്തപുരം ഡിവിഷനുകീഴിലുള്ള 30 സ്റ്റേഷനുകളിൽ ആറിടത്ത്‌ മാത്രമാണ്‌ മാലിന്യ സംഭരണി. ചെറിയ സ്റ്റേഷനുകളിൽ അതുമില്ല. ശേഖരിക്കുന്ന മാലിന്യം എവിടേയ്‌ക്ക്‌ മാറ്റണമെന്നത്‌ കൃത്യമായ ധാരണയില്ല. സംഭരണികൾ സ്ഥാപിച്ച സ്ഥലങ്ങളിൽ മാലിന്യം കുമിഞ്ഞുകൂടിക്കിടക്കുന്നു.

മാലിന്യനീക്കത്തിൽ നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ പലതവണ റെയിൽവേയോട്‌ ആവശ്യപ്പെട്ടിരുന്നു. ജനുവരി 25ന്‌ തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മെക്കാനിക്കൽ എൻജിനീയറുമായി പ്രാഥമിക ചർച്ച നടത്തി. പാലക്കാട്‌, തിരുവനന്തപുരം ഡിആർഎമ്മുമാർക്ക്‌ അഡീണൽ ചീഫ്‌ സെക്രട്ടറി കത്തയച്ചു. തിരുവനന്തപുരം ഡിവിഷൻ ഇതുവരെ കത്തിന്‌ മറുപടി നൽകിയിട്ടില്ല. മാലിന്യ സംസ്കരണത്തിൽ ദ്രുത അവലോകനവും സംസ്ഥാന സർക്കാർ നടത്തിയിരുന്നു. പ്രതികരണമാവശ്യപ്പെട്ട്‌ റിപ്പോർട്ടും നൽകി. ഏപ്രിൽ ഒന്നിന്‌ റെയിൽവേ മാലിന്യനീക്കവുമായി ബന്ധപ്പെട്ട്‌ അഡീഷണൽ ചീഫ്‌ സെക്രട്ടറി ശാരദാ മുരളീധരൻ യോഗം വിളിച്ചു. ഇതിൽ രണ്ട്‌ ഡിവിഷണൽ മാനേജർമാരും പങ്കെടുത്തില്ല.

പകരം പാലക്കാട്‌ സീനിയർ ഡിവിഷണൽ എൻജിനീയറും തിരുവനന്തപുരം അസി. ഹെൽത്ത്‌ ഓഫീസറുമാണ്‌ പങ്കെടുത്തത്‌. അടുത്ത യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കാൻ നിർദേശം നൽകി. അടിയന്തര റിപ്പോർട്ട്‌ ആവശ്യപ്പെട്ടെങ്കിലും പാലക്കാട്‌ ഡിവിഷൻ നൽകിയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top