നൊമ്പരമായി ആൽവിൻ; മരണം ജോലി ചെയ്യുന്ന സ്ഥാപനത്തിനായി പ്രൊമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെ
കോഴിക്കോട് > നാടിന്റെ നൊമ്പരമായി വടകര സ്വദേശി ആൽവിന്റെ മരണം. ഇന്ന് രാവിലെയാണ് ജോലിയുടെ ഭാഗമായി വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാറിടിച്ച് ആൽവിൻ അപകടത്തിൽപ്പെട്ടത്. വൈകിട്ടോടെ ആൽവിന്റെ മരണവാർത്തയാണ് ജന്മനാട് അറിഞ്ഞത്. നഗരത്തിലെ സ്വകാര്യ ഓട്ടോ ഡീറ്റെയിലിങ് സ്ഥാപനത്തിലെ വീഡിയോഗ്രാഫറായിരുന്നു ആൽവിൻ. കമ്പനിക്കുവേണ്ടി പ്രൊമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങുന്നത്.
ചൊവ്വ രാവിലെ 6.30ന് ബീച്ച് റോഡിലാണ് അപകടം നടന്നത്. ആഡംബര കാറുകളുടെ ചെയ്‌സ് രംഗം വീഡിയോയിൽ എടുക്കുന്നതിനായാണ് ആൽവിനും സംഘവും അതിരാവിലെ ബീച്ച് റോഡിൽ എത്തിയത്. ബെൻസ് ജി ക്ലാസും ഡിഫൻഡറുമാണ് രംഗത്തിലുണ്ടായിരുന്നത്. ഒരേ ദിശയിൽ ഇരു വാഹനങ്ങളും വേഗത്തിൽ എത്തുന്നതായിരുന്നു വീഡിയോ. റോഡിന് നടുക്ക് ഡിവൈഡറിൽ നിന്നാണ് ആൽവീൻ വീഡിയോ പകർത്തിയത്. ഇതിനിടെ വേഗത്തിലെത്തിയ ഡിഫൻഡർ നിയന്ത്രണം നഷ്ടപ്പെട്ട് ആൽവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇതേ വാഹനത്തിൽ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.
ദുബായിൽ ജോലി ചെയ്യുകയായിരുന്ന ആൽവിൻ കഴിഞ്ഞ മാസം അവസാനമാണ് നാട്ടിലെത്തിയത്. മൂന്നു ദിവസം മുമ്പാണ് വീട്ടിൽനിന്ന് കോഴിക്കോട്ട് ജോലിക്കായി പോയത്. സംഭവത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കാറുകൾ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
0 comments