Deshabhimani

അഞ്ചുവയസ്സുകാരിയുടെ കൊല; വിചാരണ ഒക്ടോബർ 4 മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 16, 2023, 11:18 PM | 0 min read

കൊച്ചി > ആലുവയിൽ അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുകൊന്ന കേസിൽ പ്രതി ബിഹാർ സ്വദേശി അസ്‌ഫാക് ആലമിനെതിരെ കുറ്റം ചുമത്തി. ജില്ലാ പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പരിഭാഷകൻ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്കുപുറമേ പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്‌. വധശിക്ഷ ലഭിക്കാവുന്ന, ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്‌സോയിലെയും നാല്‌ വകുപ്പുകളുൾപ്പെടെ 16 വകുപ്പുകളാണ് ചുമത്തിയത്. 

വിചാരണനടപടികൾ ഒക്ടോബർ നാലിന് ആരംഭിച്ച്‌ 18ന്‌ അവസാനിക്കും. കേസിലെ സാക്ഷികൾക്ക് കോടതി സമൻസ് അയച്ചു. കേരളത്തെ ഞെട്ടിച്ച കൊല നടന്ന് രണ്ടുമാസം പൂർത്തിയാകുംമുമ്പാണ് വിചാരണനടപടികൾക്കുള്ള തീയതി കോടതി നിശ്ചയിച്ചത്. രണ്ടുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന നിഷ്‌കർഷ പാലിച്ചാണ്‌ നടപടി പുരോഗമിക്കുന്നത്‌.

ബലാത്സംഗത്തിനിടെ മരണം സംഭവിച്ചു എന്ന വകുപ്പ് കുറ്റപത്രത്തിൽനിന്ന്‌ ഒഴിവാക്കി. ബലാത്സംഗത്തിനിടെ പരിക്കേൽപ്പിച്ചു എന്ന വകുപ്പ്‌ പുതുതായി കൂട്ടിച്ചേർത്തു. കുട്ടിയെ ബലാത്സംഗശേഷം ശ്വാസംമുട്ടിച്ച്‌ കൊന്നുവെന്ന്‌ വ്യക്തമാക്കുന്ന പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. കുട്ടിയെ ബലമായി മദ്യം കുടിപ്പിച്ചതിന്‌ ബാലനീതി നിയമത്തിലെ വകുപ്പും ചുമത്തിയിട്ടുണ്ട്‌. കുറ്റപത്രത്തി‍ലെ മുഴുവൻ കുറ്റങ്ങളും ചെയ്തിട്ടില്ലെന്ന്‌ പ്രതി ബോധിപ്പിച്ചു.  

തൊണ്ണൂറ്റൊമ്പത്‌ സാക്ഷികളുള്ള കേസിൽ ആദ്യസാക്ഷിയായി കുട്ടിയുടെ അമ്മയെയും അച്ഛനെയും വിസ്തരിക്കും. പ്രതിയുടെ തിരിച്ചറിയൽ പരേഡിനെത്തിയ സാക്ഷികളെ മജിസ്ട്രേട്ടിനുമുമ്പിൽ വിസ്തരിക്കില്ല. സൈബർ ഫോറൻസിക് വിദഗ്‌ധ ഡോ. ദീപയെ വിസ്തരിക്കണമെന്ന അപേക്ഷ പ്രോസിക്യൂഷൻ സമർപ്പിക്കും. പോക്സോ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ്‌ ഹാജരായി. പ്രത്യേക കോടതി ജഡ്ജി കെ സോമനാണ്‌ വിചാരണ നടത്തുന്നത്‌. ജൂലൈ 28നാണ് ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടി കൊല്ലപ്പെട്ടത്. കുറ്റകൃത്യം നടന്ന 35–--ാംദിവസം അന്വേഷകസംഘം കുറ്റപത്രം സമര്‍പ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home