കോട്ടയം > ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ്(73) അന്തരിച്ചു. കോവിഡ് ബാധിതനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1949 മാർച്ച് ഒമ്പതിന് ആലപ്പുഴ മുല്ലയ്ക്കൽ സംഗീതജ്ഞനായ വേഴപ്ര കുഞ്ഞുകുഞ്ഞ് ഭാഗവതരുടെയും ഗാനഭൂഷണം എം ജി ദേവമ്മയുടെയും മകനായി ജനിച്ചു.
1973ൽ പി എ തോമസ് സംവിധാനം ചെയ്ത ജീസസ് എന്ന സിനിമയിലെ ‘ഓശാന’ എന്ന ഗാനത്തോടെയാണ് മലയാള ചലച്ചിത്ര സംഗീതരംഗത്തെത്തിയത്. ആരാന്റെ മുല്ല, കൊച്ചുമുല്ല, പപ്പൻ പ്രിയപ്പെട്ട പപ്പൻ തുടങ്ങി ആറ് സിനിമകൾക്ക് സംഗീതം നൽകി. അമ്പാടി തന്നിലൊരുണ്ണി എന്ന ചിത്രം സംവിധാനം ചെയ്തു. 42 നാടകങ്ങൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന്റെ ഹരിവരാസന പുരസ്ക്കാരം ഏറ്റുവാങ്ങിയിരുന്നു. സിപിഐ എം സഹയാത്രികനായ അദ്ദേഹം പാർടി വേദികളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു.
നീണ്ടൂർ കൈപ്പുഴയിലാണ് താമസം. സംഗീതകുടുംബത്തിൽ ജനിച്ച അദ്ദേഹം ബാല്യം മുതൽ സംഗീതം, നൃത്തം മൃദംഗം എന്നിവയിൽ പ്രാഗത്ഭ്യം നേടി. രംഗനാഥിന്റെ മൂന്നൂറിൽപ്പരം പാട്ടുകൾ യേശുദാസ് പാടിയിട്ടുണ്ട്. സിനിമ, നാടകം, ലളിതഗാന ശാഖയിലുമായി രണ്ടായിരത്തിലേറെ ഗാനങ്ങൾ ചിട്ടപ്പെടുത്തി. നൂറിലേറെ അയ്യപ്പ ഭക്തിഗാനങ്ങളും രചിച്ചു. ഈണമിട്ട പാട്ടുകളിലേറെയും രചിച്ചതും ഇദ്ദേഹമാണ്. മൃതദേഹം നീണ്ടൂർ കൈപ്പുഴയിലെ വസതിയിൽ.
അഞ്ചു ദശകങ്ങളായി സംഗീതോപാസനയിൽ വ്യാപൃതനായ ഗാനരചയിതാവും സംഗീത സംവിധായകനുമായാരുന്നു ശ്രീ ആലപ്പി .ശാസ്ത്രീയ സംഗീതത്തിൻ്റെ വിശുദ്ധി നിലനിർത്തിക്കൊണ്ട് സുഗമ സംഗീതത്തിൻ്റെ മധുരവസന്തങ്ങൾ സൃഷ്ടിക്കാനുള്ള അനുപമ സിദ്ധിയാൽ അനുഗ്രഹീതനായിരുന്നു. 1500 ലേറെ ചലച്ചിത്രഗാനങ്ങളിലൂടെയും പ്രസിദ്ധമായ നിരവധി ആൽബം ഗാനങ്ങളിലൂടെ തലമുറകളുടെ സംഗീത ഭാവു കത്വത്തെ നവീകരിക്കാൻ സാധിച്ച ഇദ്ദേഹത്തിൻ്റെ പ്രതിഭാ വിലാസം ഒളിമിന്നുന്നത് അയ്യപ്പഭകതി ഗാനങ്ങളിലാണ്. ഭക്തരുടെ മനസ്സുകളിൽ സമർപ്പണ ഗാനത്തിൻ്റെയും ദർശനപുണ്യത്തിൻ്റെയും 'സ്വാമി സംഗീത ആലപിക്കും, എൻ മനം പൊന്നമ്പലം, എല്ലാ ദുഖവും തീർത്തു തരൂ മകര സംക്രമ ദീപം കാണാൻ വൃശ്ചിക പൊൻപുലരി, എന്നിങ്ങനെ പ്രചുരപ്രാചാരം നേടിയ അനേകം അയ്യപ്പഭക്തിഗാനങ്ങളുടെ രചയിതാവും സംഗീത സംവിധായകനുമാണ്.
മലയാളി ഹൃദയത്തിൽ ആലപിച്ച സംഗീതം
മലയാളികൾ എന്നും ഓർത്ത് മൂളുന്ന അയ്യപ്പഭക്തിഗാനങ്ങൾ ഒരുക്കിയാണ് ആലപ്പി രംഗനാഥ് മലയാളത്തിൽ ശ്രദ്ധേയനാകുന്നത്. 1982ൽ രംഗനാഥ്–- യേശുദാസ് കൂട്ടുകെട്ടിൽപ്പിറന്ന അയ്യപ്പഭക്തിഗാനങ്ങൾ വാള്യം 2 മികച്ചതായിരുന്നു. കാവ്യഗുണവും മികച്ച സംഗീതവും ആലാപനവൈഭവവും ചേർന്ന മികച്ച ഗാനങ്ങൾ. സ്വാമി സംഗീതമാലപിക്കും, വൃശ്ചികപ്പൂമ്പുലരി, ശബരിഗിരിനാഥാ ദേവാ, എല്ലാ ദുഖവും തീർത്തുതരൂ, ശബരി ശൈലനിവാസാ, എൻമനം പൊന്നമ്പലം, മകരസംക്രമദീപം, അയ്യനെക്കാണാൻ തുടങ്ങിയ ഗാനങ്ങൾ മലയാളികൾ നെഞ്ചേറ്റിയതാണ്. ഈ ഗാനങ്ങൾ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്കും മൊഴിമാറ്റി. ഇളയരാജയെക്കൊണ്ടും എം എസ് വിശ്വനാഥനെക്കൊണ്ടുമെല്ലാം അയ്യപ്പഭക്തിഗാനം പാടിപ്പിച്ചു.
നാടകസംഗീതത്തിലൂടെ സംഗീതലോകത്തെത്തി, പിന്നെ സിനിമാക്കമ്പം കയറി മദിരാശിയിലേക്ക്. രാഘവൻ മാഷിന്റെ "നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു’ എന്ന പ്രശസ്തഗാനത്തിന്റെ ഉപകരണവാദകനായി സിനിമാരംഗത്ത് പ്രവേശിച്ചു. എം എസ് വിശ്വനാഥന്റെ സഹായിയും സംഗീതകാരനുമായ ജോസഫ് കൃഷ്ണയുടെ ശിഷ്യനായി.
ഒ എൻ വിക്കൊപ്പം പറയൂ നിൻ ഗാനത്തിൽ, വാസന്തബന്ധുര വനഹൃദയം, ചെമ്പരത്തിപ്പൂവു പോലാം, നാലുമണിപ്പൂവേ, കണ്ണനെക്കണികാണാൻ, അജപാലബാലികേ എന്നീ ഗാനങ്ങൾ ശ്രദ്ധനേടിയവയാണ്. ശ്രീനാരായണഗുരുവിന്റെ ദൈവദശകം, ശിവപ്രസാദപഞ്ചകം തുടങ്ങിയ കവിതകൾക്കും ഈണമിട്ടു. ധനുർവേദം, അമ്പാടിതന്നിലൊരുണ്ണി എന്നീ സിനിമകളും സംവിധാനംചെയ്തു.

സംസ്ഥാന സർക്കാരിന്റെ ഹരിവരാസനം പുരസ്കാരവുമായി ആലപ്പി രംഗനാഥ്
മന്ത്രി കെ രാധാകൃഷ്ണനൊപ്പം
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..