29 February Saturday

അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ട്, പാർടിയിൽ ആശയക്കുഴപ്പമില്ല: എം വി ഗോവിന്ദൻ

സ്വന്തം ലേഖകൻUpdated: Friday Jan 24, 2020

തിരുവനന്തപുരം > കോഴിക്കോട്ടെ അലനും താഹയ്‌ക്കും മാവോയ്‌റ്റ്‌ ബന്ധമുണ്ടെന്നും ഇക്കാര്യത്തിൽ പാർടിയിൽ ആശയക്കുഴപ്പമില്ലെന്നും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ പറഞ്ഞു. ഇരുവർക്കും മാവോയ്‌റ്റു ബന്ധമുണ്ട്‌ എന്നത്‌ ശരിയാണ്‌.  എന്നാൽ ഇവർ മാവോയിറ്റ്‌ ആണോ എന്നതും ആ  ബന്ധത്തിന്റെ ആഴവും പരപ്പുമൊക്കെ അന്വേഷിച്ച്‌ കണ്ടെത്തേണ്ടതാണ്‌. അത്‌ പാർടി പരിശോധിക്കും. ഇരുവരുടെയും വിശദീകരണംകൂടി കേൾക്കേണ്ടതുണ്ട്‌.

രണ്ടു പേരും ജയിലിലായതിനാൽ അന്വേഷണത്തിന്‌ സമയം ആവശ്യമാണെന്നും  എ കെ ജി സെന്ററിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക്‌ മറുപടിയായി എം വി ഗോവിന്ദൻ പറഞ്ഞു. കോഴിക്കോട്‌ ജില്ലാ സെക്രട്ടറി പി മോഹനന്റെ  നിലപാടിൽ വ്യത്യാസമൊന്നുമില്ല. അങ്ങനെയുണ്ടെന്നത്‌  മാധ്യമങ്ങങ്ങളുടെ പ്രചാരവേല മാത്രമാണ്‌.

 യുഎപിഎ മാത്രമല്ല, എല്ലാ കരിനിയമങ്ങൾക്കും സിപിഐ എം എതിരാണ്‌. മാവോയ്‌റ്റുകൾക്കെതിരെയല്ല ആർക്കെതിരെയും കരിനിയമങ്ങൾ ചുമത്താൻ പാടില്ല. ടാഡ മുതൽ ഇക്കാര്യം പാർടി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്‌.  കേന്ദ്രത്തിൽ കോൺഗ്രസും പിന്നീട്‌ ബിജെപിയുമാണ്‌ കരിനിയമങ്ങൾ കൊണ്ടുവന്നത്‌. കേസ്‌ എടുക്കുന്ന  പൊലീസ്‌ ഉദ്യോഗസ്ഥനോട്‌ കേസിൽ ഏത്‌ വകുപ്പ്‌ ചേർക്കണമെന്നോ, ഇന്ന  വകുപ്പ്‌ ചേർക്കരുതെന്നോ  പറയാൻ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ മന്ത്രിസഭയ്‌ക്കോ അധികാരമില്ല. അങ്ങനെ ചെയ്‌താൽ എന്താകും സ്ഥിതിയെന്നും മാധ്യമപ്രവർത്തകരോട്‌ എം വി ഗോവിന്ദൻ ചോദിച്ചു.
 


പ്രധാന വാർത്തകൾ
 Top