15 October Tuesday

പീഡനാരോപണം വ്യാജം; നിവിൻ അന്ന് ഷൂട്ടിങ്ങ് സെറ്റിലുണ്ടായിരുന്നു: വിനീത് ശ്രീനിവാസന്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024

കൊച്ചി  > നടന്‍ നിവിന്‍ പോളിക്കെതിരെയുള്ള പീഡനാരോപണം വ്യാജമെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ പോളി സിനിമ ഷൂട്ടിങ്ങിൽ പങ്കെടുത്തിരുന്നുവെന്ന് വിനീത് ശ്രീനിവാസന്‍ വ്യക്തമാക്കി. ഷൂട്ടിങ്ങ് ദിവസമെടുത്ത ചിത്രങ്ങള്‍ അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

2023 ഡിസംബര്‍ 14ന് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് നിവിന്‍ പോളി പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി നൽകിയത്. എന്നാൽ 2023 ഡിസംബര്‍ 14 മുതൽ 15ന് പുലര്‍ച്ചെ മൂന്നുമണിവരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു. നിവിന്‍ ഉണ്ടായിരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണെന്നും യാഥാര്‍ത്ഥ്യം ഉടന്‍ തെളിയണമെന്ന് ആ​ഗ്രഹിക്കുന്നതായും വിനീത് വ്യക്തമാക്കി.

എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ് നടന്നിരുന്നത്. മൂന്നൂറോളം ജൂനിയർ അർട്ടിസ്റ്റുകളടങ്ങിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിംഗ് നടന്നത്. ഉച്ചയ്ക്കുശേഷം ക്രൗണ്‍ പ്ലാസയില്‍ നടന്ന ഷൂട്ടിംഗ് പുലര്‍ച്ചെ വരെ നീണ്ടു. ശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിംഗിനാണ് നിവിന്‍ പോയത്. ഷൂട്ടിംഗ് കേരളത്തില്‍ ആയിരുന്നുവെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

യുവതിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നിവിൻ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ ആറാം പ്രതിയാണ് നിവിൽ പോളി. നിര്‍മാതാവ് എകെ സുനിലാണ് രണ്ടാം പ്രതി. കഴിഞ്ഞ നവംബറില്‍ ദുബായിലെ ഹോട്ടലില്‍ വച്ചാണു പീഡനം നടന്നതെന്നാണ് ആരോപണം. തനിക്കെതിരായ പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും പരാതിക്കാരിയെ കണ്ടിട്ടുപോലുമില്ലെന്ന് നിവിൻ പറഞ്ഞിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top