27 May Wednesday

മരട് ഫ്ലാറ്റ്‌ പൊളിക്കുന്നത് ഒഴിവാക്കാന്‍ നിയമവഴി തേടും; സർക്കാരിന്റെ ശ്രമങ്ങൾക്ക് സർവകക്ഷി പിന്തുണ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

തിരുവനന്തപുരം >  മരട് ഫ്ളാറ്റുകളിലെ താമസക്കാരെ സംരക്ഷിക്കുന്നതിന് നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നടപടികള്‍ക്ക് സര്‍വ്വകക്ഷിയോഗം പിന്തുണ അറിയിച്ചു. ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുന്നതിന് സര്‍വ്വകക്ഷി പ്രതിനിധി സംഘത്തെ അയക്കാനും യോഗത്തില്‍ ധാരണയായി.

  ഫ്ളാറ്റുകള്‍ പൊളിക്കാതിരിക്കാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിക്കൊണ്ടും കോടതിയുടെ അംഗീകാരത്തോടെയും ആയിരിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. മരടിലെ അഞ്ച് ഫ്ളാറ്റുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി അന്ത്യശാസനം നല്‍കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചത്.

 പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഇത്തരം കേസുകളില്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ അധികാരം കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെട്ടിടങ്ങള്‍ പൊളിച്ചു നീക്കമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ മുന്‍കൈ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്.

 അതോടൊപ്പം കേന്ദ്ര പരിസ്ഥിതി മന്ത്രിയെ ഫോണില്‍ വിളിച്ച് പ്രശ്നത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. ഈ കേസില്‍ പരിസ്ഥിതി മന്ത്രാലയം കക്ഷി ചേരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം.

 അനധികൃത നിര്‍മാണം നടത്തിയ ബിൽഡർമാർ രക്ഷപ്പെടുകയും ഫ്ളാറ്റിലെ താമസക്കാര്‍ ഭവനരഹിതരാകുകയും ചെയ്യുന്നത് സ്വാഭാവിക നീതിക്ക് നിരക്കാത്തതാണെന്നും പ്രശ്നത്തിന് പ്രാഥമികമായി ഉത്തരവാദികള്‍ കെട്ടിടനിര്‍മാതക്കളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

  നിര്‍മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന ആവശ്യം തികച്ചും ശരിയാണ്. അതിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കും. ഈ നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്തി വിലക്കാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

 സുപ്രീംകോടതി വിധി കണക്കിലെടുത്ത്  ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കുമ്പോള്‍ ഈ മേഖലയില്‍ ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം വിലയിരുത്താന്‍ ചെന്നൈ ഐഐടിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, പൊളിച്ചുനീക്കല്‍ പരിമിതമായ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുക പ്രായോഗികമല്ല എന്നാണ് ഐഐടി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്.

 വായുമലിനീകരണം ഒരു കിലോമീറ്റര്‍ ചുറ്റളവിലെങ്കിലും ഉണ്ടാകും. പൊളിച്ചുമാറ്റിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കുന്നത് വലിയ ബാധ്യതയാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

 മാനുഷിക പ്രശ്നമായി കണക്കിലെടുത്ത് മരട് ഫ്ളാറ്റിലെ താമസക്കാരെ സംരക്ഷിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തീരദേശപരിപാലന നിയമത്തില്‍ വന്ന ഭേദഗതികള്‍ക്ക് മുന്‍കാല പ്രാബല്യം നല്‍കി ഫ്ളാറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയുമോ എന്ന് പരിശോധിക്കണമെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു.

  400 കുടുംബങ്ങളെ കുടിയിറക്കുക എന്നത് പ്രായോഗികമല്ലെന്ന്‌ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.  നിയമലംഘനങ്ങള്‍ക്ക് ഭാവിയില്‍ അംഗീകാരം കിട്ടും എന്ന ധാരണയിലാണ് ഇത്തരം നിര്‍മാണങ്ങള്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

  യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, എ സി മൊയ്തീന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ്, കാനം രാജേന്ദ്രൻ, കെ വി തോമസ്, വി കെ ഇബ്രാഹിം കുഞ്ഞ്, ഡോ. എം കെ മുനീര്‍, എ എന്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, മാത്യു ടി തോമസ്, കോവൂര്‍ കുഞ്ഞുമോന്‍, അനൂപ് ജേക്കബ്, ടി പി പീതാംബരന്‍ മാസ്റ്റര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. വിശ്വാസ് മേത്ത, ടി കെ ജോസ്, പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ് തുടങ്ങിയവര്‍ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top