കയ്യൂർ> അഖിലേന്ത്യാ കിസാൻ സഭയുടെ 35ാം ദേശീയ സമ്മേളനത്തിന് 13 മുതൽ തൃശൂർ വേദിയാകുമ്പോൾ ആവേശത്തിലാണ് കയ്യൂരെന്ന കർഷക ഗ്രാമവും. പൊതു സമ്മേളന നഗരിയിൽ പോരാട്ടത്തിന്റെ ചരിത്രം വിവരിച്ച് ഉയർന്നു നിൽക്കാനുള്ള കൊടിമരം കയ്യൂരിൽ ഒരുങ്ങുകയാണ്. അധികാരി വർഗത്തിന്റെ ചൂണ്ടു വിരലിന് മുന്നിൽ തല കുനിക്കാതെ ചുരുട്ടിയ മുഷ്ടിയോടെ ഇൻക്വിലാബ് വിളിച്ച് തുക്കുമരം വരിച്ച കയ്യൂരിലെ രക്തസാക്ഷികളുടെ മണ്ണിൽ നിന്നും കൊടിമരം എത്തുമ്പോൾ സമ്മേളനത്തിന് അത് കൂടുതൽ ആവേശം പകരും.
കയ്യൂർ രക്തസാക്ഷി മഠത്തിൽ അപ്പുവിന്റെ മൂത്ത സഹോദരി ചെമ്മരത്തിയുടെ മകൾ ജാനകിയുടെ മകൻ മേലാടത്ത് ചന്ദ്രശേഖരൻ നൽകിയ പ്ലാവിലാണ് കൊടി മരം ഒരുങ്ങുന്നത്. ഒമ്പതര മീറ്റർ നീളത്തിലുള്ള കൊടിമരത്തിന്റെ സമചതുര തറയിൽ കമ്യൂണിസ്റ്റ്– കർഷക പോരാട്ടങ്ങളുടെ ചരിത്രത്തിലെ അവിസ്മരണീയ മുഹുർത്തങ്ങളാണ് ആലേഖനം ചെയ്തിരിക്കുന്നത്. കയ്യൂരും കരിവെള്ളൂരും കാവുമ്പായിയും കോറോം സമരവുമെല്ലാം സമ്മേളന നഗരിയിലെത്തുന്നവർക്ക് ചരിത്രത്തിലേക്കുള്ള സഞ്ചാരമാകും. പ്രശസ്ത ശിൽപി ഉണ്ണി കാനായിയാണ് രൂപകൽപ്പന ചെയ്തത്. ശ്രീകുമാർ എരമം, എ വി നാരായണൻ എന്നിവരാണ് സഹായികൾ.
എം രാജഗോപാലൻ എംഎൽഎ ചെയർമാനും എം ബാലകൃഷ്ണൻ കൺവീനറുമായ സംഘാടക സമിതിയുടെ മേൽ നോട്ടത്തിലാണ് കൊടിമരം തയ്യാറാക്കുന്നത്.
നിരവധി സമ്മേളനങ്ങൾക്കും പാർടി കോൺഗ്രസിനുമെല്ലാം കയ്യൂരിൽനിന്ന് കൊടിമരം ഒരുക്കിയിരുന്നു. കൊടിമരം എട്ടിന് പകൽ മൂന്നിന് കയ്യൂർ രക്തസാക്ഷി നഗറിൽനിന്ന് കൊണ്ടുപോകും. സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ലീഡറും സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ഷൗക്കത്ത് മാനേജറുമായ കൊടിമര ജാഥ കയ്യൂരിൽ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. ജാഥ പ്രയാണമാരംഭിച്ച് വൈകീട്ട് അഞ്ചിന് ജില്ലയിൽ കാലിക്കടവിൽ സമാപിക്കും. രാവിലെ ഒമ്പതിന് കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..