23 September Monday

രാഷ്ട്രീയ നാടകത്തിന് ശുഭാന്ത്യം; എംഎൽഎക്കു പിന്നാലെ സ്ഥാനാർഥിയും ആശുപത്രി വിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019

തൃശൂർ> ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കൊട്ടിക്കലാശത്തിനിടെ   ആലത്തൂരിൽ കോൺഗ്രസുകാരെക്കൊണ്ട് അക്രമം അഴിച്ചു വിട്ട് പരിക്കേറ്റുവെന്ന് പറഞ്ഞ് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന അനിൽ അക്കര എംഎൽഎക്കു പിന്നാലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസും ആശുപത്രി വിട്ടു. കല്ലേറിൽ കാര്യമായ പരിക്കുപറ്റിയെന്നു പറഞ്ഞാണ് ഇരുവരും ഞായറാഴ്ച രാത്രി തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. സിടി സ്കാൻ ഉൾപ്പെടെയുള്ള വിദഗ്ധപരിശോധനകളിൽ ഇരുവർക്കും കാര്യമായ പരിക്കില്ലെന്ന് ഡോക്ടർമാർ കണ്ടെത്തി.

തിങ്കളാഴ്ച രാവിലെതന്നെ അധികൃതരെ അറിയിക്കാതെ അനിൽ അക്കര  ആശുപത്രിയിൽനിന്നു മുങ്ങി. പകൽ തെരഞ്ഞെടുപ്പ് നിശ്ശബ്ദ പ്രചാരണത്തിനിറങ്ങിയശേഷം എംഎൽഎ വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി. തുടർന്നാണ് രമ്യ ഹരിദാസിനെ ഡിസ്ചാർജ് ചെയ്തത്. രാത്രിതന്നെ രമ്യ വോട്ട് ചെയ്യാൻ കോഴിക്കോട്ടേക്ക് പോവുകയും ചെയ്തു.

ആലത്തൂരിൽ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന്റെ മറവിൽ എൽഡിഎഫ് പ്രവർത്തകരെ യുഡിഎഫുകാർ കല്ലെറിഞ്ഞ് ആക്രമിക്കുകയായിരുന്നു. വി ഡി പ്രസേനൻ എംഎൽഎ ഉൾപ്പെടെയുള്ള എൽഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു.  എന്നാൽ, തെരഞ്ഞെടുപ്പിൽ മുതലെടുപ്പിനായി അനിൽ അക്കര യുഡിഎഫ് സ്ഥാനാർഥിയെ കൂട്ടി, ഗരുതര പരിക്കേറ്റുവെന്ന് മാധ്യമങ്ങളോട് പറഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുകയായിരുന്നു. പരിശോധനയിൽ കാര്യമായ പരിക്കൊന്നുമില്ലെന്നു കണ്ടതിനാൽ യുഡിഎഫിന്റെ രാഷ്ട്രീയ മുതലെടുപ്പ് നാടകം പൊളിയുകയും ചെയ്തു.


പ്രധാന വാർത്തകൾ
 Top