Deshabhimani

നോവായി ദേവനന്ദ് ; കണ്ണീരോടെ നാട് വിട നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 02:07 AM | 0 min read


മറ്റക്കര (കോട്ടയം) -
ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടത്തിൽ മരിച്ച എംബിബിഎസ് വിദ്യാർഥി ദേവനന്ദിന് കണ്ണീരോടെ നാട് വിട നൽകി. അച്ഛൻ ബിനുരാജിന്റെ മറ്റക്കരയിലെ പൂവക്കുളത്തുള്ള കുടുംബവീട്ടിലായിരുന്നു സംസ്കാര ചടങ്ങുകൾ.  പ്രിയപ്പെട്ട അച്ചുവിനെ പാതിവഴിയിൽ നഷ്‌ടപ്പെട്ട അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും കണ്ണീർ  നാടിന്റെയാകെ നോവായി മാറി. എല്ലാ അവധിക്കും ഓടിയെത്തിയിരുന്ന കൊച്ചുമകന്റെ തിരിച്ചുവരവില്ലാത്ത  യാത്ര മുത്തച്ഛനെയും മുത്തശ്ശിയേയും തളർത്തിയിരുന്നു. അവരെ ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ  ബന്ധുക്കളും നാട്ടുകാരും തേങ്ങി.  

വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നുള്ള കൂട്ടുകാരും അധ്യാപകരും അവസാനമായി ദേവനന്ദിനെ കാണാൻ മറ്റക്കരയിൽ എത്തിയിരുന്നു. ചിരിയും കളിയുമായി ക്ലാസ്‌ മുറികൾ നിറഞ്ഞ്‌ നിന്ന പ്രിയ ചങ്ങാതിയെ ഒരു നോക്ക്‌ കാണാൻ എത്തിയവർ തേങ്ങലടക്കാനാതെ വിങ്ങിപ്പൊട്ടി. സംസ്കാര ചടങ്ങുകൾ ആരംഭിച്ചത് മുതൽ  വീട്ടിൽ ഉള്ളുനീറുന്ന കാഴ്ചകളായിരുന്നു. പകൽ ഒന്നോടെയാണ്‌ ചടങ്ങുകൾ ആരംഭിച്ചത്. രണ്ടരയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.
ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളുമുൾപ്പടെ നൂറുകണക്കിന് പേർ സംസ്കാര ചടങ്ങിനെത്തി.
 



deshabhimani section

Related News

0 comments
Sort by

Home