തിരുവനന്തപുരം > ആലപ്പുഴ ബൈപാസ് നിർമാണം സെപ്തംബറിൽ പൂർത്തിയാക്കുമെന്ന് തിരുവനന്തപുരത്ത് ചേർന്ന അവലോകന യോഗം വിലയിരുത്തിയതായി മന്ത്രി ജി സുധാകരൻ അറിയിച്ചു. 2017 ൽ പൂർത്തീകരിക്കേണ്ട പദ്ധതിയാണിത്.
മേല്‍പ്പാലം നിര്‍മിക്കാന്‍ റെയില്‍വേയുടെ അനുമതി ലഭിക്കുന്നത് നീണ്ടുപോയതാണ് വൈകാന്‍ കാരണം. ജൂൺ 23ന് റെയിൽവേ ഓവർ ബ്രിഡ്ജിന്റെ ഭാഗമായ ഗർഡറുകൾ സ്ഥാപിച്ചു. അനുബന്ധ പ്രവൃത്തി പുരോഗമിക്കുകയാണ്. മേൽപ്പാലത്തിന്റെ കോൺക്രീറ്റ് ആഗസ്ത് 15 ഓടെ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. സെപ്തംബർ അവസാനത്തോടെ മുഴുവൻ പ്രവൃത്തിയും പൂർത്തിയാക്കാനാകും –- മന്ത്രി അറിയിച്ചു.
സംസ്ഥാന ഫണ്ട് ഉപയോഗിച്ചുള്ള കൊമ്മാടി, കളർകോട് ജങ്ഷനുകളുടെ നവീകരണവും സർവീസ് റോഡുകളുടെ നിർമാണവും ആഗസ്തിൽ പൂർത്തീകരിക്കും. ബൈപാസിൽ ദേശീയപാത അതോറിറ്റിയുടെ ഡിപിആറിലെ വഴിവിളക്കുകൾ കൂടാതെ സംസ്ഥാന ഫണ്ട് ഉപയോഗിച്ച് ഇരുവശങ്ങളിലായി 40 വഴിവിളക്കുകൾ സ്ഥാപിക്കാനും സിഗ്നൽ സംവിധാനം ഒരുക്കാനും നിർദേശം നൽകിയിട്ടുണ്ട്.
തമിഴ്നാട്ടിൽനിന്ന് എത്തുന്ന തൊഴിലാളികൾക്ക് ക്വാറന്റൈൻ സംവിധാനം ഒരുക്കാനും പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. യോഗത്തിൽ പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ്, ദേശീയപാത വിഭാഗം ചീഫ് എൻജിനിയർ, സൂപ്രണ്ടിങ് എൻജിനീയർ, എക്സിക്യൂട്ടീവ് എൻജിനിയർ, കരാർ കമ്പനി പ്രതിനിധി എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..