കളർകോട് അപകടം: വാഹന ഉടമയ്ക്കെതിരെ കേസെടുത്തു
ആലപ്പുഴ > കളർകോട് വാഹനാപകടത്തിൽ വിദ്യാർഥികൾക്ക് വാഹനം വിട്ടുനൽകിയ കാറുടമയ്ക്കെതിരെ കേസെടുത്തു. കാക്കാഴം സ്വദേശി ഷാമിൽ ഖാനെതിരെയാണ് എൻഫോഴ്‌സ്‌മെന്റ് ആർടിഒ കേസെടുത്തത്. സ്വകാര്യ വാഹനമായി രജിസ്റ്റർ ചെയ്‌ത കെ എൽ 29 സി 1177 ഷെവർലറ്റ് ടവേര വാഹനം ടാക്സിയെന്ന നിലയിൽ വാടകയ്ക്ക് നൽകിയതിലാണ് മോട്ടോർ വാഹന വകുപ്പ് പ്രകാരം കേസെടുത്തത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥി ഗൗരീശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
പരിചയത്തിന്റെ പേരിലാണ് വാഹനം വിട്ടുനൽകിയതെന്നാണ് ഷാമിൽ പറഞ്ഞിരുന്നത്. എന്നാൽ ഇത് കളവായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഗൗരി ശങ്കറിന്റെ ഗൂഗിൾ പേയിൽനിന്ന് 1000 രൂപ ഷാമിലിന് ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഷാമിൽ വർഷങ്ങളായി വാഹനങ്ങൾ വാടകക്ക് നൽകുന്നതാണെന്നും ഇതിനായി ഒന്നിൽ കൂടുതൽ വാഹനങ്ങൾ ഇയാൾക്കുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വാഹനം ഷാമിൽ ഖാന്റെ അടുത്തുനിന്ന് വാടകയ്ക്ക് എടുക്കുകയായിരുന്നെന്നും വാടകയായാണ് 1000 രൂപ ഗൂഗിൾപേ ചെയ്തതെന്നുമുള്ള ഗൗരി ശങ്കറിന്റെ മൊഴിയും നിർണായകമായി.
അപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൾ ജബ്ബാറുമായുള്ള സൗഹൃദം കൊണ്ടാണ് വാഹനം സിനിമയ്ക്കു പോകാൻ നൽകിയതെന്നാണ് ഷാമിൽഖാൻ മോട്ടോർ വാഹന വകുപ്പിനോടും പൊലീസിനോടും പറഞ്ഞത്. എന്നാൽ, ഉദ്യോഗസ്ഥർ മൊഴി പൂർണമായും വിശ്വസിച്ചിരുന്നില്ല. ഇതിനെ തള്ളിയാണ് ഗൗരീശങ്കർ മൊഴി നൽകിയത്. വാഹനം ഓടിച്ചപ്പോൾ എന്തോ കുഴപ്പം ഉള്ളത് പോലെ തോന്നി എന്നും ഗൗരിശങ്കറിന്റെ മൊഴിയിലുണ്ട്.
ഷാമിൽഖാൻ വാഹനങ്ങൾ വാടകയ്ക്കുനൽകാറുണ്ട്. എന്നാൽ ഇയാൾക്ക് റെന്റ് ക്യാബ് ലൈസൻസ് ഇല്ല. സ്വകാര്യ രജിസ്‌ട്രേഷനുള്ള വാഹനം റെന്റിന് നൽകുന്നതും ടാക്‌സി സർവീസിന് ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. വാഹനത്തിന്റെ കാലപ്പഴക്കം അപകടത്തിന്റെ വ്യാപ്തി കൂട്ടാൻ ഇടയാക്കിയെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളുടെ മറ്റ് വാഹനങ്ങളുടെ വിവരങ്ങളും മോട്ടോർ വാഹന വകുപ്പ് ശേഖരിച്ചിട്ടുണ്ട്.
ഡിസംബർ രണ്ടിനാണ് ആലപ്പുഴ കളർകോട് കാർ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി 6 വിദ്യാർഥികൾ മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. 4 വിദ്യാർഥികൾ ചികിത്സയിലാണ്.
0 comments