16 February Saturday
ആലപ്പാട് ചര്‍ച്ച

ഒരുമാസത്തേക്ക് സീവാഷ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടും; ആലപ്പാട് പഞ്ചായത്തിനെ സംരക്ഷിക്കും: ഇ പി ജയരാജന്‍

വെബ് ഡെസ്‌ക്‌Updated: Thursday Jan 17, 2019

തിരുവനന്തപുരം>  ആലപ്പാട് പ്രദേശത്തെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് പഠനം നടത്തുന്ന സമിതിയുടെ റിപ്പോര്‍ട്ട് ലഭ്യമാകുന്നതുവരെ സീ വാഷിങ് നിര്‍ത്തിവയ്ക്കാന്‍ ഐആര്‍ഇയോട് ആവശ്യപ്പെടുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. വ്യാഴാഴ്ച സമരക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.  ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ടി എന്‍ പ്രകാശന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പഠനം നടത്തുന്നത്.

ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ കാലയളവില്‍ സീ വാഷ് നിര്‍ത്തിവയ്ക്കും. റിപ്പോര്‍ട്ട് ലഭിച്ചശേഷം  ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ആലപ്പാട് പഞ്ചായത്തിന്റെ കടല്‍ഭിത്തി ശക്തിപ്പെടുത്താന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാനും ചര്‍ച്ചയില്‍ തീരുമാനിച്ചു. കടല്‍കയറി കര നശിക്കുന്നത് തടയുന്നതിന് അടിയന്തിരമായി പുലിമുട്ടുകള്‍ നിര്‍മിക്കാനും ഐആര്‍ഇയോട് ആവശ്യപ്പെടും. ഖനനത്തിന്റെ ഭാഗമായി കുഴികള്‍ ഉണ്ടായിട്ടുള്ള ഭൂമി നികത്തി പൂര്‍വസ്ഥിതിയിലാക്കും.

 ഖനനം നടത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിക്ക് ആളെ എടുക്കുന്നത് ആക്ഷേപ രഹിതമായി നടത്തണമെന്നും ആവശ്യപ്പെടും.  ആലപ്പാട് പഞ്ചായത്തിനെ സുരക്ഷിതമാക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും. ഈ കാര്യങ്ങള്‍ പരിശോധിക്കാന്‍ കലക്ടറെ ചെയര്‍മാനാക്കി സമിതി രൂപീകരിക്കും. സമരം അവസാനിപ്പിച്ച് സഹകരിക്കണമെന്ന് സമരസമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കരുനാഗപ്പള്ളി എംഎല്‍എ ആര്‍ രാമചന്ദ്രനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.   
അതേസമയം സമരം തുടരനാണ് തീരുമാനമെന്ന് സമരസമിതി പ്രവര്‍ത്തകര്‍ മാധ്യമങ്ങളോടു പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top