06 December Monday

ഭീകരരുടെ അറസ്റ്റ്‌; അമ്പരപ്പ്‌ മാറാതെ നാട്ടുകാരും സഹപ്രവർത്തകരും

സ്വന്തം ലേഖകർUpdated: Sunday Sep 20, 2020


കൊച്ചി > ഇന്നലെവരെ തങ്ങൾക്കൊപ്പമുണ്ടായിരുന്നയാൾ ഭീകര സംഘടനയിൽപ്പെട്ടയാളാണെന്നു വാർത്തവന്നതിന്റെ ഞെട്ടലിൽനിന്ന്‌ ഇനിയും മുക്തമായില്ല ബസ്‌ സ്‌റ്റാൻഡ്‌ പരിസരത്തെ തുണിക്കട ഉടമയും തൊഴിലാളികളും. പത്ത്‌ വർഷത്തിലേറെയായി മുസാറഫ് ഹുസൈൻ പെരുമ്പാവൂരിലെത്തിയിട്ട്‌. പുതിയ പ്രൈവറ്റ് ബസ്‌ സ്റ്റാൻഡ്‌ പരിസരത്തെ തുണിക്കടയിൽ ഏഴുവർഷമായി ജോലി ചെയ്യുകയാണ്‌. സമീപത്തെ വ്യാപാരികൾക്കും ഏറെ പരിചിതമായ മുഖം. മലയാളം നല്ലപോലെ സംസാരിക്കും. സ്ഥാപന ഉടമയ്‌ക്കോ സമീപത്തെ വ്യാപാരികൾക്കോ ഒരു സംശയത്തിനും ഇടനൽകാതെയുള്ള പെരുമാറ്റം. രാവിലെ കൃത്യസമയത്തെത്തി കട തുറക്കുന്നതും രാത്രി എട്ടോടെ കട അടയ്‌ക്കുന്നതുമെല്ലാം ഇയാളാണ്‌.

കുടുംബസമേതം പള്ളിക്കവലയിൽ താമസിച്ചിരുന്ന മുസാറഫ് രണ്ടുമാസം മുമ്പാണ്‌ മുടിക്കൽ പ്രദേശത്തേക്ക് താമസം മാറിയത്. കൃത്യമായി വാടക നൽകുകയും നല്ല പെരുമാറ്റവുമായിരുന്നെന്നും വീട്ടുടമ പറയുന്നു. വാടക കരാറും തിരിച്ചറിയൽ രേഖകളും പരിശോധിച്ചശേഷമാണ് ജോലി നൽകിയതെന്ന്‌ കടയുടമയും പറഞ്ഞു.

രണ്ടുമാസം മുമ്പാണ് യാക്കൂബ് പെരുമ്പാവൂരിലെത്തിയത്. കണ്ടന്തറയിലെ ചപ്പാത്തിക്കടയിലെ തൊഴിലാളിയായി. അവിടെ അടുത്തുതന്നെ മറ്റ്‌ അതിഥിത്തൊഴിലാളികൾക്കൊപ്പമായിരുന്നു താമസം. എന്നാൽ, അവർക്കാർക്കും ഇയാളെക്കുറിച്ച്‌ കൂടുതൽ അറിയില്ല.  ഇവിടെ വരുംമുമ്പ്‌ അടിമാലിയിൽ നിർമാണത്തൊഴിലാളിയായിരുന്നു എന്നാണ്‌ പറഞ്ഞിരുന്നത്‌. ഇയാളെപ്പറ്റി കൂടുതൽ അന്വേഷണം നടക്കുകയാണെന്ന്‌ പൊലീസ് വ്യക്തമാക്കി.

രണ്ടുമാസം മുമ്പ്‌ ഏലൂർ പാതാളത്ത്‌ താമസിക്കാനെത്തിയ മുർഷിദ് ഹസ്സൻ മറ്റുള്ളവരിൽനിന്ന്‌ എപ്പോഴും അകലം പാലിക്കുന്ന സ്വഭാവക്കാരനായിരുന്നുവെന്ന്‌ നാട്ടുകാർ. ഏറെ സമയം ഫോണിൽ സംസാരിച്ചിരുന്നു. ബംഗാൾ സ്വദേശികളുടെ കടയിൽ മാത്രമാണ് ഭക്ഷണം കഴിക്കാൻ കയറിയിരുന്നത്‌. പാതാളം കാഞ്ഞിരത്തിങ്കൽ നാസറിന്റെ കെട്ടിടത്തിലാണ്‌ താമസിച്ചിരുന്നത്‌. പത്തു വർഷത്തിലേറെയായി എടയാറിലെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന അതിഥിത്തൊഴിലാളിയാണ് ഇയാളെ നാസറിന് പരിചയപ്പെടുത്തിയത്. ആധാർ കാർഡിന്റെ പകർപ്പ്‌ വാങ്ങിയാണ്‌ താമസിക്കാൻ അനുവദിച്ചത്‌. ഇതേവീട്ടിൽ നാസറിന്റെ കടയിലെ ജീവനക്കാരനുൾപ്പെടെ മൂന്നുപേർ വേറെയും താമസമുണ്ട്‌.

എൻഐഎയിലെയും ലോക്കൽ പൊലീസിലെയും എടിഎസിലെയും ഉയർന്ന ഉദ്യോഗസ്ഥരടക്കം വൻ സംഘമാണ്‌ റെയ്‌ഡ്‌ നടത്തിയത്‌. എൻഐഎ ഡൽഹി യൂണിറ്റ്‌ എസ്‌പി ശങ്കർ റായ്‌മെദിയുടെ നേതൃത്വത്തിലാണ്‌ എൻഐഎ സംഘമെത്തിയത്‌.

സംസ്ഥാന പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌  ഡിഐജി അനൂപ്‌ കുരുവിള ജോണിന്റെയും റൂറൽ എസ്‌പി കെ കാർത്തികിന്റെയും നിർദേശപ്രകാരം രണ്ടു വിഭാഗത്തിലെയും ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലുള്ള സംഘം എൻഐഎ സംഘത്തിനൊപ്പം ചേർന്നു.

ഡിവൈഎസ്‌പി ബിജുമോൻ, പെരുമ്പാവൂർ എസ്‌ഐ ജയകുമാർ എന്നിവരും 35 സിവിൽ പൊലീസ്‌ ഓഫീസർമാരും ഉൾപ്പെട്ട സംഘം പെരുമ്പാവൂരിലെ റെയ്‌ഡിൽ പങ്കെടുത്തു. ഏലൂർ എസ്‌ഐ സാബു കെ പീറ്ററും ചേരാനല്ലൂർ എസ്‌ഐ രൂപേഷും  പാതാളത്ത്‌ റെയ്‌ഡിന്‌ നേതൃത്വം നൽകി. ഡിവൈഎസ്‌പി വി കെ അബ്‌ദുൾഖാദറുടെ നേതൃത്വത്തിലായിരുന്നു എടിഎസ്‌ സംഘം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top