Deshabhimani

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ മെഗാ ഫൈനൽ ; ഉദിച്ചു പുതുതാരകങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 12:27 AM | 0 min read


കൊച്ചി
കുരുന്നറിവിന്റെ ആഴമളന്ന്‌ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ മെഗാ ഫൈനൽ. എറണാകുളം മഹാരാജാസ്‌ കോളേജിൽ നടന്ന ഫൈനലിലെ തീപാറിയ പോരാട്ടത്തിൽ എട്ട്‌ വിദ്യാർഥികൾ വിജയികളായി. എൽപി വിഭാഗത്തിൽ മുഹമ്മദ്‌ റയ്യാൻ (ജിഎച്ച്‌എസ്‌ മാണിക്കപ്പറമ്പ്‌, പാലക്കാട്‌), യുപി വിഭാഗത്തിൽ കെ അശ്വിൻ രാജ്‌ (ആർഎച്ച്‌എസ്‌എസ്‌ നീലേശ്വരം, കാസർകോട്‌), ഹൈസ്‌കൂൾ വിഭാഗത്തിൽ നിള റിജു (ജിഎച്ച്‌എസ്‌എസ്‌, ഇളമ്പ, തിരുവനന്തപുരം), ഹയർ സെക്കൻഡറി വിഭാഗത്തിൽ ടി ഷിബില (കെഎച്ച്‌എസ്‌എസ്‌, കുമരംപുത്തൂർ, പാലക്കാട്‌) എന്നിവർ ഒന്നാംസ്ഥാനം നേടി.

 

എൽപി വിഭാഗത്തിൽ കെ റയാൻ (സിഇഎം എൽപിഎസ്‌, പാതിരിപ്പറ്റ, കോഴിക്കോട്‌), യുപി വിഭാഗത്തിൽ എസ്‌ അതുൽ (ജിവിഎച്ച്‌എസ്‌എസ്‌, പകൽക്കുറി, തിരുവനന്തപുരം), ഹൈസ്‌കൂൾ വിഭാഗത്തിൽ വി ശിവഹരി (ജിഎച്ച്‌എസ്‌എസ്‌, അയ്യൻകോയിക്കൽ, കൊല്ലം), ഹയർ സെക്കൻഡറി വിഭാഗത്തിൽ എം എസ്‌ ശ്രുതിനന്ദന (സെന്റ്‌ അഗസ്റ്റിൻസ്‌ എച്ച്‌എസ്‌എസ്‌, രാമപുരം, കോട്ടയം) എന്നിവർ രണ്ടാംസ്ഥാനവും നേടി.

കുട്ടികളോട്‌ ചോദ്യം ചോദിച്ച്‌ വ്യവസായമന്ത്രി പി രാജീവ്‌ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ മെഗാ ഫൈനൽ മത്സരങ്ങൾ ഉദ്‌ഘാടനം ചെയ്‌തു. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ അധ്യക്ഷനായി. ചലച്ചിത്രതാരം ശ്യാം മോഹൻ മുഖ്യാതിഥിയായി.

ജില്ലാ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ 112 പ്രതിഭകളാണ്‌ ഫൈനലിൽ പങ്കെടുത്തത്‌. ഒന്നും രണ്ടും സ്ഥാനക്കാർ യഥാക്രമം ഒരുലക്ഷം രൂപയുടെയും അരലക്ഷം രൂപയുടെയും അവാർഡും സർട്ടിഫിക്കറ്റും മെമന്റോയും അക്ഷരമുറ്റം ബ്രാൻഡ്‌ അംബാസഡർ നടൻ മോഹൻലാൽ പങ്കെടുക്കുന്ന മെഗാ ഇവന്റിൽ പിന്നീട് സമ്മാനിക്കും. 

ഹാട്രിക് 
തിളക്കത്തിൽ 
നിള
അറിവിന്റെ അക്ഷരമുറ്റത്ത്‌ നിളയ്ക്ക് ഹാട്രിക് വിജയം. ദേശാഭിമാനി അക്ഷരമുറ്റം മെഗാ ഫൈനലിൽ 225 പോയിന്റ് നേടിയാണ്‌ ഹൈസ്കൂൾ വിഭാഗത്തിൽ നിള റിജുവിന്റെ മിന്നുംജയം. 2022ൽ യുപി വിഭാഗത്തിലും 2023ൽ ഹൈസ്കൂളിലും ഒന്നാമതെത്തിയിരുന്നു. ദേശാഭിമാനി അക്ഷരമുറ്റത്തിന്റെ ഇഷ്‌ടവായനക്കാരിയാണ്‌ നിള. ലേഖനങ്ങളോടാണ്‌ കൂടുതൽ താൽപ്പര്യം.

അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ കൂടുതൽ പുതുമയോടെ സംഘടിപ്പിക്കുന്നത്‌ വീണ്ടും മത്സരത്തിനെത്താൻ പ്രചോദനമാണെന്ന്‌ നിള പറഞ്ഞു. സമ്മാനം വാങ്ങുമ്പോൾ മോഹൻലാലിനെ അടുത്ത്‌ കാണാമെന്ന സന്തോഷവുമുണ്ട്‌. സിവിൽ സർവീസാണ്‌ ലക്ഷ്യം. ഇഷ്ടപുസ്തകങ്ങൾ വാങ്ങിനൽകി അച്ഛൻ റിജുലാലും അമ്മ രമ്യമോളും പൂർണ പിന്തുണയുമായുണ്ട്‌. തിരുവനന്തപുരം ഇളമ്പ ജിഎച്ച്‌എസ്‌എസിലെ പത്താംക്ലാസ്‌ വിദ്യാർഥിനിയാണ്‌.



deshabhimani section

Related News

0 comments
Sort by

Home