22 September Friday

പാഠ്യപദ്ധതിയിൽനിന്ന് ചരിത്രം ഒഴിവാക്കാനുള്ള 
നീക്കം അവസാനിപ്പിക്കുക ; എകെപിസിടിഎ സംസ്ഥാന സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday May 15, 2023

കണ്ണൂരിൽ എകെപിസിടിഎ സംസ്ഥാന സമ്മേളനത്തിൽ ഡോ. കെ എൻ ഗണേഷ്, ആർ ആർ സി അനുസ്മരണപ്രഭാഷണം നടത്തുന്നു


കണ്ണൂർ
ദേശീയ പാഠ്യപദ്ധതിയിൽനിന്ന് ചരിത്രം ഒഴിവാക്കാനുള്ള കേന്ദ്രനീക്കം അവസാനിപ്പിക്കണമെന്ന് ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (എകെപിസിടിഎ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പഠനഭാരം ലഘൂകരിക്കാനെന്നപേരിൽ മധ്യകാല ഇന്ത്യാചരിത്രവും, ഗാന്ധിവധവും തുടർന്നുണ്ടായ ആർഎസ്എസ് നിരോധവും ഉൾപ്പെടെയുള്ള പാഠഭാഗങ്ങൾ ഒഴിവാക്കാനുള്ള നീക്കത്തെ സമ്മേളനം അപലപിച്ചു.  ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ഭാഗമായി യുജിസിയും കേന്ദ്രസർക്കാരും  മുന്നോട്ടുവച്ച കരിക്കുലം ആൻഡ് ക്രെഡിറ്റ് ഫ്രെയിംവർക്ക് ഫോർ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമിലെ അപാകം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.

പിന്നാക്കവിഭാഗത്തിലെ വിദ്യാർഥികൾക്കുള്ള പ്രീ മെട്രിക്/പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകൾ, ഗവേഷണ വിദ്യാർഥികൾക്കുള്ള മൗലാന അബ്ദുൽകലാം ആസാദ് സ്കോളർഷിപ്പ് എന്നിവ നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടികളിൽ സമ്മേളനം പ്രതിഷേധിച്ചു. ലൈംഗികാരോപണവിധേയനായ റസ്‌ലിങ്‌ ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ്‌ ബ്രിജ്ഭൂഷൺ ശരൺസിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക്  ഐക്യദാർഢ്യവും പ്രകടിപ്പിച്ചു.

കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ മൂന്ന് ദിവസമായി നടന്ന സമ്മേളനം സമാപിച്ചു. പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി നടന്ന ചർച്ചയ്ക്ക് ജനറൽ സെക്രട്ടറി ഡോ. സി പത്മനാഭൻ മറുപടി പറഞ്ഞു. ആർ ആർ സി അനുസ്മരണം കണ്ണൂർ സർവകലാശാല വൈസ്ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. ഡോ. കെ എൻ ഗണേഷ് അനുസ്മരണപ്രഭാഷണം നടത്തി. എസ്‌  ഷാജിത അധ്യക്ഷയായി. ഡോ. എൻ പ്രമോദ് സ്വാഗതവും ഡോ. കെ എം അനിൽകുമാർ നന്ദിയും പറഞ്ഞു. സമ്മേളന സപ്ലിമെന്റ്‌ മീഡിയാ കമ്മിറ്റി ചെയർമാൻ കെ ടി ശശി, ജിഷ മേരി മാത്യുവിന് നൽകി പ്രകാശിപ്പിച്ചു.

ഡോ. കെ ബിജുകുമാർ പ്രസിഡന്റ്, 
ഡോ. സി പത്മനാഭൻ ജനറൽ സെക്രട്ടറി
എകെപിസിടിഎ സംസ്ഥാന പ്രസിഡന്റായി ഡോ. കെ ബിജുകുമാറിനെയും ജനറൽ സെക്രട്ടറിയായി ഡോ. സി പത്മനാഭനെയും 65–-ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. പി ഹരിദാസാണ് ട്രഷറർ. എ നിശാന്ത്, ഡോ. കെ പ്രദീപ്കുമാർ, ഡോ. എ യു അരുൺ, ഡോ. എസ് സോജു എന്നിവരെ  സെക്രട്ടറിമാരായും എസ് ഷാജിത, ഡോ. ടി ആർ മനോജ് എന്നിവരെ  വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു. 26 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top