23 November Monday

മൂകം വിതുമ്പി ‘ശ്രീവല്ലി’

സ്വന്തം ലേഖകൻUpdated: Friday Oct 16, 2020

ശിഷ്യൻ വിഷ്‌ണുനാരായണൻ നമ്പൂതിരിയെ കാണാൻ അക്കിത്തം തിരുവനന്തപുരത്തെ വീട്ടിലെത്തിയപ്പോൾ

തിരുവനന്തപുരം
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന്റെ വേർപാടിൽ മൂകം വിതുമ്പി ‘ശ്രീവല്ലി’. കാവ്യവഴിയിൽ കവി വിഷ്‌ണുനാരായണൻ നമ്പൂതിരിയുടെ ഗുരുനാഥനാണ്‌ അക്കിത്തം. ഗുരുസ്ഥാനീയനായ പ്രിയകവിയുടെ വേർപാട്‌ പറയാനാകാത്ത നിസ്സഹായതയിലായിരുന്നു ശ്രീവല്ലി. അച്ഛൻ ക്ഷീണിതനായതിനാൽ വേർപാട്‌ വിവരം പറയാൻ പോലുമായില്ലെന്ന്‌ മകൾ അതിദി പറഞ്ഞു. വാർധക്യസഹജമായ അസ്വസ്ഥതകളും ഓർമയില്ലായ്‌മയും കവിയെ അലട്ടുന്നുണ്ട്‌.
  
കഴിഞ്ഞവർഷം അക്കിത്തം തലസ്ഥാനത്ത്‌ എത്തിയപ്പോൾ ‘ശ്രീവല്ലി’യിൽ എത്തിയിരുന്നു. ഒ എൻ വി സാഹിത്യപുരസ്‌കാരം ഏറ്റുവാങ്ങാനായാണ്‌ അക്കിത്തം തലസ്ഥാനത്ത്‌ എത്തിയത്‌. മധുരമൂറുന്ന കവിത പോലെയായിരുന്നു കാവ്യസൂര്യൻമാരുടെ ആ  സമാഗമം.  രണ്ടു പതിറ്റാണ്ടിനുശേഷമായിരുന്നു അക്കിത്തത്തിന്റെ തലസ്ഥാനത്തേക്കുള്ള വരവ്‌. ടാഗോർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്നായിരുന്നു അക്കിത്തം ഒ എൻ വി പുരസ്‌കാരം ഏറ്റുവാങ്ങിയത്‌. പുരസ്‌കാരം ഏറ്റുവാങ്ങിയശേഷമാണ്‌ അക്കിത്തം തൈക്കാട്‌ ശ്രീവല്ലിയിൽ എത്തിയത്‌. അരമണിക്കൂറോളം വിശേഷങ്ങൾ പങ്കുവച്ചാണ്‌ അക്കിത്തം മടങ്ങിയത്‌. ആരോഗ്യപരമായ അവശതകൾ ഏറെയുണ്ടായിരുന്നിട്ടും ദീർഘദൂരം യാത്ര ചെയ്‌ത്‌ അക്കിത്തം എത്തിയത്‌ ഒ എൻ വിയുടെ പേരിലുള്ള പുരസ്‌കാരം നേരിട്ടുവാങ്ങാനായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top