19 March Tuesday

കേരളം കത്താത്തതിൽ ആന്റണിക്ക‌് നിരാശ

എം രഘുനാഥ‌്Updated: Monday Jan 14, 2019

തിരുവനന്തപുരം> രണ്ടുദിവസമായി എ കെ ആന്റണി നടത്തുന്ന പ്രസംഗങ്ങളിൽ തികട്ടി വരുന്നത‌് ശബരിമല യുവതീപ്രവേശവിഷയത്തിൽ കേരളം കത്താത്തതിലുള്ള നിരാശ. പ്രളയം തകർത്ത കേരളത്തെ രക്ഷിക്കുന്നതിനുപകരം മുഖ്യമന്ത്രി കലാപത്തിന‌് വഴിമരുന്നിട്ടുവെന്നാണ‌് ആന്റണി ആരോപിക്കുന്നത‌്. കോൺഗ്രസ‌ും ഇതിനനുസരിച്ച‌് നിന്നിരുന്നെങ്കിൽ കേരളം കത്തിച്ചാമ്പലായേനെ എന്ന അവകാശവാദവുമുണ്ട‌്. മകനെ പാർടി തലപ്പത്ത‌് പ്രതിഷ‌്ഠിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ‌് ആന്റണി കേരളത്തിൽ എത്തിയത‌്. തുടർന്ന‌ാണ‌് വിവാദപ്രസംഗങ്ങൾ നടത്തിയത‌്. മകനെ തിരുകിക്കയറ്റിയതിൽ അണികളിൽനിന്നുള്ള വിമർശനം  ഇല്ലാതാക്കാനുള്ള അഭ്യാസപ്രകടനം മാത്രമാണിത‌്. അതല്ലെങ്കിൽ  നടന്ന കാര്യങ്ങൾ മനസ്സിലാക്കാതെ ശരാശരി കോൺഗ്രസ‌് നേതാക്കൾ നടത്തുന്ന സർക്കാർ വിരുദ്ധ പ്രസംഗമായും വ്യാഖ്യാനിക്കാം.

പ്രളയം തകർത്ത കേരളത്തെ പുനർനിർമിക്കുന്നതിന‌് വിശ്രമമില്ലാത്ത പ്രവർത്തനമാണ‌് സർക്കാർ നടത്തുന്നത‌്. ഇതിനായി സാമ്പത്തിക സമാഹരണത്തിന‌് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന ഓരോ പ്രവർത്തനങ്ങൾക്കും കേന്ദ്ര സർക്കാർ ഉടക്ക‌് വച്ചു. അർഹമായ കേന്ദ്രസഹായംപോലും കിട്ടുന്നില്ല.  ബിജെപിയും കേന്ദ്ര സർക്കാരും നടത്തുന്ന ഈ സംസ്ഥാനവിരുദ്ധ പ്രവർത്തനങ്ങൾക്കെല്ലാം കണ്ണുമടച്ച പിന്തുണയാണ‌് കേരളത്തിലെ കോൺഗ്രസ‌് നൽകുന്നത‌്. അതോടൊപ്പം അവരും കഴിയാവുന്ന ദ്രോഹങ്ങൾ ചെയ്യുന്നു. വിദേശരാഷ്ട്രങ്ങളിൽ നിന്നുള്ള സഹായം, വായ‌്പാപരിധി ഉയർത്തൽ, സാലറി ചലഞ്ച‌് തുടങ്ങിയ വിഷയങ്ങളിലെല്ലാം കോൺഗ്രസിന്റെയും ബിജെപിയുടെയും ഒത്തുകളി കാണാം. 
ഇന്ധനം നൽകിയത‌് സംഘപരിവാറിന‌്

പ്രളയകാലത്തും പ്രളയം തകർത്ത കേരളത്തെ പുനരുജ്ജീവിപ്പിക്കാനുമായി ജാതി–-മത–-രാഷ്ട്രീയഭേദമെന്യേ ജനത ഒറ്റക്കെട്ടായി മുന്നോട്ട‌് നീങ്ങവെയാണ‌് ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച‌് സുപ്രീംകോടതി ഉത്തരവിട്ടത‌്. ജനാധിപത്യ സംവിധാനത്തിൽ പരമോന്നത നീതിപീഠം പുറപ്പെടുവിക്കുന്ന വിധി നടപ്പാക്കാൻ സർക്കാരിന‌് ഭരണഘടനാബാധ്യതയുണ്ട‌്. ആ ഉത്തരവാദിത്തം നിർവഹിക്കാൻ ശ്രമിക്കുന്നതിനെയാണ‌് വിധി നടപ്പാക്കുന്നതിൽ ജാഗ്രതക്കുറവുണ്ടായെന്ന‌് ആന്റണി വ്യാഖ്യാനിക്കുന്നത‌്. മുഖ്യമന്ത്രി കലാപത്തിന‌് വഴിമരുന്നിട്ടെന്നും കുറ്റപ്പെടുത്തുന്നു. യഥാർഥത്തിൽ കലാപത്തിന‌് വഴിമരുന്നിട്ട സംഘപരിവാറിന‌് ആവശ്യമായ ഇന്ധനം നൽകിയത‌് ആന്റണിയുടെ കേരള പാർടിയാണ‌്. സുപ്രീംകോടതി വിധി പുറപ്പെടുവിച്ച ഉടനെ  ചരിത്രപരമായ വിധിയെ സ്വാഗതംചെയ്യുന്നുവെന്ന‌് ട്വീറ്റ‌് ചെയ‌്തത‌് എഐസിസിയാണ‌്. വിധിയോടൊപ്പമെന്നാണ‌് ആ പാർടിയുടെ പ്രസിഡന്റ‌് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസംവരെ നിലപാടെടുത്തതും. എന്നാൽ, ഒരു സാമുദായിക സംഘടനയുടെ വാലിൽ തൂങ്ങി പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തലയുടെ നേതൃത്വത്തിൽ ബിജെപിയുടെ ബി ടീമായി കേരളത്തിലെ കോൺഗ്രസ‌് പ്രവർത്തിച്ചു.

അയ്യപ്പഭക്തർ എന്ന പേരിൽ സംഘപരിവാറുകാർ നടത്തിയ പരിപാടികളിൽ കോൺഗ്രസ‌് കൊടി പിടിച്ച‌് പ്രവർത്തകരെ പങ്കെടുപ്പിച്ചു. സംഭവം വിവാദമായപ്പോൾ കൊടിപിടിക്കാതെ പങ്കെടുക്കാൻ കെപിസിസി അണികളെ ആഹ്വാനംചെയ‌്തു. വനിതാ മാധ്യമപ്രവർത്തകരെ ഉൾപ്പെടെ സംഘപരിവാർ ക്രിമിനലുകൾ തല്ലിച്ചതച്ചപ്പോൾപോലും അകമഴിഞ്ഞ പിന്തുണ നൽകി. ഹർത്താലുകളുടെ മറവിൽ അഴിഞ്ഞാടിയപ്പോഴും നേതാക്കൾ മൗനം പാലിച്ചു.

നിരാശയ്‌ക്കൊടുവിൽ സുപ്രീംകോടതിവിധി രാഷ്ട്രീയമുതലെടുപ്പിനുള്ള സുവർണാവസരമെന്നാണ‌് ബിജെപി നേതാവ‌് പ്രസംഗിച്ചത‌്. അതിനനുസരിച്ചാണ‌് അവർ അഴിഞ്ഞാടിയത‌്. ഇതിന‌് താങ്ങും തണലുമായി നിന്നത‌് കോൺഗ്രസ‌്. എന്നാൽ, ഇത്തരം അഴിഞ്ഞാട്ടങ്ങളെയെല്ലാം സർക്കാർ ഫലപ്രദമായി നേരിട്ടു. രാജ്യത്ത‌് മറ്റൊരു സംസ്ഥാനത്തും സംഘപരിവാറുകാർക്ക‌് ഇത്തരത്തിൽ തിരിച്ചടി നേരിടേണ്ടിവന്നിട്ടില്ല. ഈ ഘട്ടത്തിലാണ‌് വീണ്ടും അവർക്ക‌് ഊർജം പകരുന്ന നിലപാട‌ുമായി ആന്റണി എത്തിയിരിക്കുന്നത‌്.
സർക്കാരും ബിജെപിയും ഒരുപോലെ എന്ന‌് പറയുന്നതിലൂടെ വർഗീയ ധ്രുവീകരണത്തിനും സംഘർഷത്തിനും ശ്രമിച്ചവരെ വെള്ളപൂശുകയാണ‌്. ഇനിയും കലാപം നടത്താനുള്ള ആഹ്വാനമാണ‌്. കേരളം കത്താത്തതിലുള്ള നിരാശയാണ‌് ആന്റണിയുടെ വാക്കുകളിലൂടെ പുറത്തുവരുന്നത‌്.


പ്രധാന വാർത്തകൾ
 Top