ക്രിസ്മസ്, പുതുവർഷ അവധി ; വിമാനക്കൊള്ള വീണ്ടും , ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ
കൊച്ചി
രാജ്യത്ത് ആഭ്യന്തര വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ. ക്രിസ്‌മസും പുതുവത്സരവും കണക്കിലെടുത്ത് യാത്രയ്‌ക്കൊരുങ്ങുന്നവർക്ക് നിരക്കുവർധന വൻതിരിച്ചടിയായി. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽനിന്നുള്ള ടിക്കറ്റ് നിരക്ക് 40 ശതമാനത്തോളമാണ് വർധിച്ചത്. ജനുവരി ആദ്യവാരം ഉയർന്ന നിരക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് വിമാനക്കമ്പനികൾ നിരക്ക് ഉയർത്തുകയാണെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു.
നവംബറിൽ 8500 രൂപയ്ക്ക് ഡൽഹി –-കൊച്ചി യാത്ര സാധ്യമായിരുന്നു. നിലവിൽ 25,000 രൂപയോളം നൽകണമെന്ന് കൊച്ചിയിലെ സ്പൈസ്- ലാൻഡ് ഹോളിഡേയ്സ് മാനേജിങ് ഡയറക്ടർ യു സി റിയാസ് പറഞ്ഞു. ജനുവരി 15ന് ബംഗളൂരു–കൊച്ചി യാത്രയ്ക്ക് 3301 രൂപയാണ്. എന്നാൽ, ഡിസംബർ 23ന് 13,529 രൂപ വേണം. കൊച്ചിയിൽനിന്ന് ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള നിരക്കുകളിലും വർധനയുണ്ട്.
എയർ ഇന്ത്യ 2022ൽ സ്വകാര്യവൽക്കരിച്ചതോടെ രാജ്യത്തെ ആഭ്യന്തര വിമാനയാത്രയുടെ 90 ശതമാനവും രണ്ട് വിമാനക്കമ്പനികളാണ് കൈകാര്യം ചെയ്യുന്നത്. മുമ്പ്, വിമാനക്കമ്പനികൾക്ക് ടിക്കറ്റ് നിരക്ക് പ്രഖ്യാപിക്കാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റ അനുമതി വേണമായിരുന്നു. നിലവിൽ അത് ആവശ്യമില്ല. യാത്രക്കാരുടെ വർധനയ്‌ക്കനുസരിച്ച് ടിക്കറ്റ് നിരക്ക് കൂടുന്ന ‘ഡൈനാമിക് പ്രൈസിങ്’ സംവിധാനമാണ് വിമാനക്കമ്പനികൾ നടപ്പാക്കുന്നത്. ഇത് സർക്കാർ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ട്രാവൽ അസോസിയേഷനുകൾ കേന്ദ്രമന്ത്രിമാർക്ക് നിവേദനം നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ട്രാവൽ ഏജന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ടിഎഎഫ്ഐ) ദേശീയ മാനേജ്മെന്റ് കമ്മിറ്റി അംഗം പൗലോസ് മാത്യു പ റഞ്ഞു.
0 comments