09 October Wednesday

സ്വപ്‍നം മാത്രമായി എയിംസ്‌ ; കേരളത്തോട്‌ രാഷ്‌ട്രീയവൈര്യം

സ്വന്തം ലേഖികUpdated: Wednesday Jul 24, 2024


തിരുവനന്തപുരം
കേരളത്തിന്റെ ഒരു ദശാബ്ദം പഴക്കമുള്ള, എയിംസെന്ന സ്വപ്നത്തിന്റെ ചിറകരിഞ്ഞ്‌ കേന്ദ്രം. ഫയൽ ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന പല്ലവി ഇതുവരെ ആവർത്തിച്ച കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഈ ബജറ്റിലും എയിംസ്‌ പ്രഖ്യാപിച്ചില്ല. കോഴിക്കോട് കിനാലൂരിൽ ഭൂമി കണ്ടെത്തിയത്‌ അറിയിച്ചിട്ടും കേരളത്തോട്‌ രാഷ്‌ട്രീയവൈര്യം പോക്കാൻ എയിംസ്‌ നിഷേധിച്ചു. 

രാജ്യത്താകെ 25 ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസാണ്‌ (എയിംസ്‌) ഉള്ളത്‌. ഇതിൽ അഞ്ചെണ്ണം പ്രവർത്തനസജ്ജമാകുന്നു. ഏറെക്കുറെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ്‌ ഉണ്ട്‌. ആരോഗ്യസംരക്ഷണ മേഖലയിൽ കേരളത്തിന് ശ്രദ്ധേയ നേട്ടങ്ങളുണ്ടായിട്ടും എയിംസ് എന്ന ആവശ്യം പരിഗണിക്കാൻ കേന്ദ്രം തയ്യാറാകാത്തത്‌ അവഗണനയുടെ തെളിവാണ്‌. ബിഹാർ, ജമ്മു, ഹരിയാന, മണിപ്പൂർ, കർണാടക സംസ്ഥാനങ്ങളിലെ എയിംസ്‌ പദ്ധതികളാണ്‌ ഇനി നടപ്പാക്കാനുള്ളത്‌. ബിഹാർ, ഉത്തർപ്രദേശ്‌ സംസ്ഥാനങ്ങളിൽ രണ്ടുവീതം എയിംസാണുള്ളത്‌. ദക്ഷിണേന്ത്യയിൽ എയിംസില്ലാത്ത ഒരേയൊരു സംസ്ഥാനം കേരളമാണ്‌.

ഭൂമി നൽകാൻ 
നാടൊന്നിച്ചിട്ടും...
കോഴിക്കോട്‌ കിനാലൂരിൽ ഭൂമി ഏറ്റെടുത്ത്‌ എയിംസെന്ന സ്വപ്നം യാഥാർഥ്യമാക്കാനാണ്‌ കേരളം ശ്രമിച്ചത്‌. കിനാലൂർ, കാന്തലാട് വില്ലേജുകളിൽ കെഎസ്ഐഡിസിയുടെ കൈവശമുള്ള ഭൂമിക്കുപുറമെ 193 കുടുംബങ്ങളുടെയും ഒരു ക്ഷേത്രത്തിന്റെയും പള്ളിയുടെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയുമായി 40.68 ഹെക്ടറാണ് ഏറ്റെടുക്കേണ്ടത്‌.

മുഴുവൻ ഭൂവുടമകളും ഭൂമി വിട്ടുകൊടുക്കാൻ സന്നദ്ധത അറിയിച്ചിരുന്നു.  സംസ്ഥാന സർക്കാർ നൽകുന്ന 153.46 ഏക്കറിനുപുറമേ, ഏറ്റെടുക്കുന്ന ഭൂമിയിൽ സാമൂഹികാഘാതപഠനവും പൂർത്തിയായി. കേരളം വേണ്ടതൊക്കെ ചെയ്തിട്ടും ഇക്കാര്യത്തിൽ തങ്ങൾക്ക്‌ താൽപ്പര്യമില്ലെന്നാണ്‌ കേന്ദ്രം ബജറ്റിലൂടെ വ്യക്തമാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top