20 February Wednesday

എയിംസ്: കേന്ദ്ര വഞ്ചന കേരളത്തിന്റെ ആരോഗ്യക്കുതിപ്പിന് തിരിച്ചടി

പ്രത്യേക ലേഖകന്‍Updated: Saturday Aug 4, 2018

എയിംസ്(ഡല്‍ഹി)

കോഴിക്കോട് > എയിംസ്(ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) കേരളത്തില്‍ അനുവദിക്കാമെന്ന ഉറപ്പില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങിയത് കടുത്ത വഞ്ചന. കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചതിന് പിറകെയാണ് കേന്ദ്രത്തിന്റെ വാഗ്ദാനലംഘനം.  കോഴിക്കോട് കിനാലൂരില്‍ വ്യവസായ വകുപ്പിന്റെ ഭൂമിയാണ് എയിംസിനായി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയത്.
   
കേന്ദ്ര പിന്മാറ്റം കോഴിക്കോടിന്റെയും കേരളത്തിന്റെയാകെയും ആരോഗ്യക്കുതിപ്പിന് തിരിച്ചടിയാകും. എയിംസ് കേരളത്തിലും സ്ഥാപിക്കണമെന്നത് കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായ അവഗണന ബിജെപി കേന്ദ്രം ഭരിക്കുമ്പോഴും മാറ്റമില്ലാതെ തുടരുകയാണെന്നാണ് എയിംസില്‍നിന്നുള്ള പിന്മാറ്റത്തിലൂടെ വ്യക്തമാകുന്നത്. സംസ്ഥാനത്തോടുള്ള രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് ബിജെപി സര്‍ക്കാരിന്റെ നടപടിയെന്ന് വ്യക്തം.
  
മന്ത്രി കെ കെ ശൈലജ കഴിഞ്ഞമാസം കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് എയിംസ് കേരളത്തില്‍ അനുവദിക്കാമെന്ന നിലപാടെടുത്തത്.   കേന്ദ്ര സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനുമുമ്പ് എയിംസ് അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനമുണ്ടാകുമെന്നാണ് അന്ന് ഉറപ്പ് നല്‍കിയത്. എയിംസിനുള്ള സ്ഥലവും സൗകര്യവും കേരളത്തില്‍ ഒരുക്കാന്‍ സന്നദ്ധമാണെന്ന് മന്ത്രി ശൈലജ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നു.  ഇതില്‍നിന്നുള്ള മലക്കംമറിച്ചിലാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ കണ്ടത്. സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ മലക്കംമറിച്ചില്‍. പി കെ ബിജു, ശശി തരൂര്‍ എന്നിവര്‍ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണിത്.

ബാലുശേരി കിനാലൂരില്‍ എയിംസ് യാഥാര്‍ഥ്യമാവുകയാണെങ്കില്‍ ആരോഗ്യമേഖലയുടെ പഠനത്തിനും ഗവേഷണത്തിനുമൊപ്പം ജില്ലയുടെ ആകെ കുതിപ്പില്‍ പ്രധാന ചുവടുവയ്പാകുമായിരുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര സംഘം സ്ഥലം  പരിശോധിച്ച് നല്‍കുന്ന റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചാല്‍ പദ്ധതി നടപ്പാകുമായിരുന്നു. നിരവധി വര്‍ഷമായി എയിംസ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചിരുന്നില്ല.   നേരത്തെ തിരുവനന്തപുരം, എറണാകുളം, കോട്ടയം, പാലക്കാട്, കോഴിക്കോട്   എന്നിവിടങ്ങളില്‍ ഏതെങ്കിലുമൊന്ന് എയിംസിന് പരിഗണിക്കാമെന്ന് മുന്‍സര്‍ക്കാരിന്റെ കാലത്ത്  ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാമെന്ന് കേന്ദ്രം  മുമ്പ് നല്‍കിയ ഉറപ്പും ലംഘിക്കപ്പെട്ടു.

  2003ലാണ് എയിംസ് മാതൃകയില്‍ സംസ്ഥാനങ്ങളില്‍ ആശുപത്രികള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശമുണ്ടായത്. അന്നുമുതലുള്ള കേരളത്തിന്റെ ആവശ്യമാണ് എയിംസ്. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം വീണ്ടും സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തി.  കഴിഞ്ഞ കേന്ദ്ര ബജറ്റുകളില്‍ എയിംസ് ഉള്‍പ്പെടുത്തണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ നിവേദനം നല്‍കി. എന്നാല്‍ കേന്ദ്ര ബജറ്റുകള്‍ കേരളത്തെ മറന്നു. ബിജെപി സര്‍ക്കാരിന്റെ രാഷ്ട്രീയ അജന്‍ഡയാണ് ഇതിനുപിന്നില്‍.

 കിനാലൂരില്‍  വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്താണ് എയിംസ് വിഭാവനംചെയ്തത്. ഇതില്‍ ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്‌സ്, ബാലുശേരി ഗവ. കോളേജ്, കെഎസ്ഇബി സബ്‌സ്‌റ്റേഷന്‍ എന്നിവയ്ക്ക് സ്ഥലം നല്‍കിയിരുന്നു.  120 ഏക്കര്‍ സ്ഥലമാണ് ബാക്കിയുള്ളത്. ഇതും സമീപത്തുള്ള സ്വകാര്യ ഭൂമിയും ഏറ്റെടുത്ത് എയിംസ് യാഥാര്‍ഥ്യമാക്കാമെന്ന സ്വപ്‌നത്തിനാണ് കേന്ദ്രം തടയിട്ടത്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top