13 November Wednesday

മഹിളാ അസോ. സംസ്ഥാന സമ്മേളനം 24 മുതൽ; ഇന്ന്‌ സാംസ്‌കാരികോത്സവം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

കോഴിക്കോട്‌ > അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനം  24 മുതൽ 27 വരെ കോഴിക്കോട്ട്‌ നടക്കും. സമ്മേളനത്തിനുള്ള ഒരുക്കം പൂർത്തിയായതായി  സംസ്ഥാന പ്രസിഡന്റ്‌ സൂസൻ കോടിയും  സെക്രട്ടറി പി സതീദേവിയും വാർത്താസമ്മേളനത്തിൽ  അറിയിച്ചു.  പതാക, കൊടിമരജാഥകൾ  24ന്‌ രാവിലെ പുറപ്പെട്ട്‌ വൈകിട്ട്‌ അഞ്ചിന്‌ പൊതുസമ്മേളന നഗരിയായ  കോഴിക്കോട്‌ കടപ്പുറത്ത്‌ എത്തിച്ചേരും. തുടർന്ന്‌ മേയർ തോട്ടത്തിൽ രവീന്ദ്രൻ  പതാക ഉയർത്തും.  സംസ്ഥാന ജോ.സെക്രട്ടറി അഡ്വ. കെ പി സുമതിയുടെ നേതൃത്വത്തിലുള്ള പതാകജാഥ ആദ്യകാല നേതാവ്‌ നാണിയുടെ നാടായ നിലമ്പൂരിൽനിന്നും  ജോ. സെക്രട്ടറി എം വി സരളയുടെ നേതൃത്വത്തിലുള്ള കൊടിമര ജാഥ  കല്ലായിയിലെ ആദ്യകാല പ്രവർത്തക പി പി വസുമതിയുടെ സ്‌മൃതി മണ്ഡപത്തിൽനിന്നുമാണ്‌  ആരംഭിക്കുക. 

ജോയിന്റ്‌ സെക്രട്ടറി ഇ പത്മാവതിയുടെ നേതൃത്വത്തിലുള്ള ദീപശിഖാപ്രയാണം  25ന്‌  രാവിലെ ഏഴിന്‌ എലത്തൂരിലെ  ദേവകി ടീച്ചറുടെ സ്‌മൃതിമണ്ഡപത്തിൽ നിന്നാരംഭിക്കും.  അത്‌ലീറ്റുകൾ റിലേയായി പ്രതിനിധി സമ്മേളന നഗരിയായ ടാഗോർ  ഹാളിൽ ദീപശിഖ    എത്തിക്കും. പി സതീദേവി ദീപശിഖ കൊളുത്തും. സൂസൻ കോടി പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന്‌ തുടക്കമാകും.

രാവിലെ 10ന്‌ പ്രതിനിധി സമ്മേളനം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ ഉദ്‌ഘാടനംചെയ്യും.   27ന്‌ കടപ്പുറത്ത്‌ വനിതാ റാലിയും പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.  അസോസിയേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ, പ്രസിഡന്റ്‌ മാലിനി ഭട്ടാചാര്യ, മന്ത്രിമാരായ  കെ കെ ശൈലജ,   ടി പി രാമകൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുക്കും. 14 ജില്ലകളിൽ നിന്നായി  570 പ്രതിനിധികൾ  സമ്മേളനത്തിൽ പങ്കെടുക്കും. 

സമ്മേളനത്തിന്‌ മുന്നോടിയായി 22ന്‌ ടൗൺഹാളിൽ രാവിലെ 10 മുതൽ സാംസ്‌കാരികോത്സവം സംഘടിപ്പിക്കും. 26ന്‌ പകൽ മൂന്നിന്‌ ടൗൺ ഹാളിൽ നടക്കുന്ന "ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ' സെമിനാർ ബൃന്ദ കാരാട്ട്‌ ഉദ്‌ഘാടനംചെയ്യും. 


പ്രധാന വാർത്തകൾ
 Top