22 September Sunday

കാർഷിക സ്വർണപ്പണയ വായ്‌പ പദ്ധതി തുടരും ; റിസർവ്‌ ബാങ്ക്‌ തീരുമാനം വന്നിട്ടില്ല

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

 

സ്വന്തം ലേഖകൻ
കർഷകർക്കുള്ള സ്വർണപ്പണയ വായ്‌പാ പദ്ധതിയിൽ നിലവിൽ മാറ്റമൊന്നും വന്നിട്ടില്ലെന്ന്‌ കനറ ബാങ്ക്‌ എംഡിയും സംസ്ഥാന ബാങ്കേഴ്‌സ്‌ സമിതി ചെയർമാനുമായ ആർ എ ശങ്കരനാരായണൻ പറഞ്ഞു. കിസാൻ കാർഡുള്ളവർക്കു മാത്രമേ പലിശ സബ്‌സിഡിയുള്ള കാർഷികവായ്‌പ നൽകാവൂ എന്ന നിർദേശം റിസർവ്‌ ബാങ്കിന്റെ പരിഗണനയിലാണ്‌. തീരുമാനമായിട്ടില്ല.

മൂന്നുലക്ഷം രൂപവരെയാണ്‌ സ്വർണപ്പണയത്തിൽ കാർഷിക വായ്‌പ കിട്ടുക. ഇതിന്‌ കൃഷിയിടത്തിന്റെ അളവ്‌ വ്യക്തമാക്കുന്ന നികുതി രശീത്‌ അടക്കമുള്ള രേഖ പരിശോധിക്കും. കൂടുതൽ തുകയുള്ള വായ്‌പയ്‌ക്ക്‌ വാണിജ്യ നിരക്കിൽ പലിശ ഇടാക്കുമെന്നും സംസ്ഥാന ബാങ്കേഴ്‌സ്‌ സമിതി യോഗത്തിനുശേഷം വാർത്താ സമ്മേളനത്തിൽ ശങ്കരനാരായണൻ പറഞ്ഞു.

സംസ്ഥാനത്തെ ബാങ്കുകൾ മൊത്തം വായ്‌പയുടെ 40 ശതമാനം മുൻഗണനാ വിഭാഗങ്ങൾക്ക്‌ നീക്കിവയ്‌ക്കുന്നുണ്ട്‌. കാർഷിക മേഖലയ്‌ക്ക്‌ 18 ശതമാനം വകയിരുത്തി. സൂക്ഷ്‌മ–-ഇടത്തരം–- ചെറുകിട സംരംഭങ്ങൾ, വിദ്യാഭ്യാസം, ചെറുകിട വ്യാപാരം, ഭവന നിർമാണം തുടങ്ങിയ മേഖലകൾക്ക്‌ മുൻഗണന നൽകുന്നുണ്ട്‌. കറൻസിരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ശങ്കരനാരായണൻ പറഞ്ഞു.

വീണ്ടും പ്രളയക്കെടുതിയുണ്ടായ സാഹചര്യത്തിൽ ബാങ്കുകൾക്ക്‌ എന്തു സഹായം ചെയ്യാനാകുമെന്നതിൽ ചർച്ച വേണമെന്ന്‌ ബാങ്കേഴ്‌സ്‌ സമിതി കൺവീനർ ജി കെ മായ പറഞ്ഞു. വലിയ കെടുതി നേരിട്ട വയനാട്‌ ജില്ലയിലെ കാർഷിക വായ്‌പകളിൽ ബഹുഭൂരിപക്ഷവും പുനഃക്രമീകരിക്കപ്പെട്ടവയാണ്‌. ഇവയിൽ ഇനി എന്തെങ്കിലും ചെയ്യാൻ റിസർവ്‌ ബാങ്കിന്റെ തീരുമാനം വേണം. കഴിഞ്ഞ വർഷം 1259 വില്ലേജുകളെ സർക്കാർ പ്രളയബാധിതമായി വിജ്ഞാപനം ചെയ്‌തു. ഇത്തവണ വിജ്ഞാപനത്തിന്‌ അനുസരിച്ചുള്ള തീരുമാനങ്ങൾക്കായി ബാങ്കേഴ്‌സ്‌ സമിതിയുടെ പ്രത്യേകയോഗം വിളിക്കുമെന്നും ജി കെ മായ പറഞ്ഞു.

സംസ്‌ഥാന ധനകാര്യ അഡീഷണൽ ചീഫ്‌ സെക്രട്ടറി മനോജ്‌ ജോഷി, അഗ്രികൾച്ചറൽ പ്രൊഡക്‌ഷൻ കമീഷണർ ഡി കെ സിങ്‌, പിആർഡി ഡയറക്ടർ യു വി ജോസ്‌ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top