23 March Thursday

അടൂരിൽ ടാങ്കർ ലോറി മറിഞ്ഞു; വൻ അപകടം ഒഴിവായി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 18, 2022

അടൂർ -തിരുവനന്തപുരം സംസ്ഥാനപാതയിൽ വടക്കടത്തുകാവിന് സമീപം മാരുതി ഒമ്നി വാനിൽ ഇടിച്ചു മറിഞ്ഞ ടാങ്കർ ലോറി

അടൂർ> പെട്രോളുമായെത്തിയ ടാങ്കർ ലോറി ഒമ്നി വാനുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞു. രണ്ടുപേർക്ക് പരിക്ക്. എംസി റോഡിൽ വടക്കടത്തുകാവ് നടയ്ക്കാവിൽപ്പടി പാലത്തിനുസമീപം ചൊവ്വ പകൽ 12.30 ഓടെയാണ് അപകടം. ടാങ്കർ ലോറി ഡ്രൈവർ തിരുവനന്തപുരം വട്ടിയൂർക്കാവ് ചിറ്റാനിക്കര കടുക്കർത്തലവീട്ടിൽ പ്രസാദ് (47), ഒമ്നി വാൻ ഡ്രൈവർ കൊട്ടാരക്കര പുത്തൂർ ചിമ്പലയ്യത്ത് ബാലചന്ദ്രൻ (58) എന്നിവർക്കാണ് പരിക്കേറ്റത്.

വാനിലിടിച്ച്‌ തെന്നിയ ടാങ്കർ ലോറി റോഡരികിലെ വീടിന്റെ മതിലിൽ ഇടിച്ച്‌ മറിഞ്ഞ്‌ പെട്രോൾ പരന്നൊഴുകി. 12,000 ലിറ്റർ പെട്രോളാണ്‌ ലോറിയിൽ ഉണ്ടായിരുന്നത്‌. അപകടസാധ്യതയെ തുടർന്ന് എംസി റോഡുവഴിയുള്ള വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. ഒരു കിലോമീറ്റർ ചുറ്റളവിൽ അപകടമേഖലയായി പ്രഖ്യാപിച്ചു. സമീപവാസികളെ വീടുകളിൽനിന്ന്‌ മാറ്റി. വൈകിട്ട്‌ നാലോടെ ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി. പിന്നീട് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പാരിപ്പള്ളി പ്ലാന്റിൽനിന്നെത്തിയ സംഘം ശേഷിച്ച പെട്രോൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റിത്തുടങ്ങി.

അപകട സാധ്യത കണക്കിലെടുത്ത് അടൂർ, കൊട്ടാരക്കര, പത്തനംതിട്ട എന്നിവിടങ്ങളിൽനിന്ന്‌ അഗ്നിശമന യൂണിറ്റുകളും പൊലീസും സിവിൽ ഡിഫൻസ് ടീമും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വംനൽകി. സ്‌പാർക്കോ ലായനി ടാങ്കറിന്‌ മുകളിലും ചുറ്റും ഒഴിച്ച്‌ തീ പിടിക്കാതെ നോക്കി. ലോറി ഇടിച്ച്‌ മതിൽ തകർന്ന് വീടിന് കേടുപാടുണ്ടായി. രാത്രി വൈകിയും ടാങ്കർ ലോറിയിൽനിന്ന്‌ ശേഷിച്ച പെട്രോൾ മറ്റൊരു ടാങ്കറിലേക്ക് മാറ്റാൻ ശ്രമം നടക്കുകയാണ്. വാഹനഗതാഗതം പുനഃസ്ഥാപിച്ചില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top