12 November Tuesday

ലഹരിക്കേസ്‌: ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ഇന്ന്‌ ചോദ്യംചെയ്യും

സ്വന്തം ലേഖകൻUpdated: Wednesday Oct 9, 2024



കൊച്ചി
ആഡംബര ഹോട്ടലിൽ ലഹരിപ്പാർടി നടത്തിയ കേസിൽ ഗുണ്ടാനേതാവ് ഓംപ്രകാശിനെ സന്ദർശിച്ച ചലച്ചിത്രതാരങ്ങൾ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ചോദ്യംചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദേശം. ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരുക്കിയ ലഹരിപ്പാർടിയിൽ ഇവർ പങ്കെടുത്തിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനാണിത്‌. വ്യാഴം രാവിലെ 10ന് ഇരുവരും മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദേശം. 

അതേസമയം, കേസിൽ നാലുപേരെ ബുധനാഴ്‌ച ചോദ്യംചെയ്‌തു. ഓംപ്രകാശിനെ ഫോണിൽ ബന്ധപ്പെട്ട തമ്മനം ഫൈസൽ, ലഹരിപ്പാർടി നടന്ന ഹോട്ടലിൽ എത്തിയ ബ്രഹ്മപുരം സ്വദേശി അലോഷി കെ പീറ്റർ, ഭാര്യ സ്‌നേഹ എലിസബത്ത്‌, അങ്കമാലി സ്വദേശി പോൾ ജോസ്‌ എന്നിവരെയാണ്‌ ചോദ്യംചെയ്‌തത്‌. ആഡംബര ഹോട്ടലിൽ താരങ്ങളെയടക്കം എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫുമായി ബന്ധമുള്ളവരാണിവരെന്നും സൂചനയുണ്ട്‌. ലഹരിപ്പാർടിയിൽ പങ്കെടുത്ത മറ്റ് 14 പേരുടെ വിവരങ്ങൾകൂടി ലഭിച്ചു. ഇവർക്ക് വ്യാഴാഴ്‌ച നോട്ടീസ് നൽകും.

ബിനു ജോസഫിനെ അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഓംപ്രകാശും കൊല്ലം സ്വദേശിയായ കൂട്ടാളി ഷിഹാസുമാണ്‌ ആദ്യം അറസ്റ്റിലായത്‌. ഗുണ്ടാനേതാവ് ഭായ് നസീറിന്റെ അനുയായിയാണ് ബിനു.  പാർടി നടന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിൽനിന്ന്‌ കണ്ടെടുത്തത്‌ മയക്കുമരുന്നാണെന്ന്‌ സ്ഥിരീകരിച്ചു. ഫോൺകോളുകളുടെയും ശാസ്‌ത്രീയ പരിശോധനകളുടെയും ഫലം ലഭിച്ചശേഷം വിശദമായ ചോദ്യംചെയ്യൽ ആരംഭിക്കും. ഓംപ്രകാശിന്റെയും ഷിഹാസിന്റെയും മുടിയും നഖവും ശാസ്‌ത്രീയപരിശോധനയ്‌ക്ക്‌ അയച്ചതിന്റെ ഫലവും ലഭിക്കാനുണ്ട്‌. ഇതിൽ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയാൽ ഇരുവരെയും വീണ്ടും ചോദ്യംചെയ്‌തേക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top