Deshabhimani

നടിയെ ആക്രമിച്ച കേസ്‌: അന്തിമ വാദം ഇന്ന് ആരംഭിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2024, 07:24 AM | 0 min read

കൊച്ചി> നടിയെ ആക്രമിച്ച കേസിൽ അന്തിമ വാദം ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ്‌ കോടതിയിൽ ആരംഭിക്കും. 2017 ഫെബ്രുവരി 17ന്‌ രാത്രിയാണ്‌ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്. 2018 മാർച്ച് എട്ടിനാണ് വിചാരണ നടപടികൾ ആരംഭിച്ചത്.

ദിലീപിന്റെ നിർദേശപ്രകാരമാണ്‌ ഇത്‌ ചെയ്‌തതെന്ന്‌ ഒന്നാംപ്രതി സുനിൽകുമാർ (പൾസർ സുനി) പൊലീസിന്‌ നൽകിയ മൊഴികളും തെളിവുകളുമാണ്‌ കേസിൽ ദിലീപിന്റെ പങ്ക്‌ വെളിപ്പെടുത്തിയത്‌. 2017 ജൂൺ 28ന്‌ 13 മണിക്കൂറാണ്‌ ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിർഷയെയും ചോദ്യംചെയ്‌തത്‌. സുനിയെ അറിയില്ലെന്ന ദിലീപിന്റെ വാദം പൊളിക്കുന്ന തെളിവുകൾ പൊലീസ്‌ നിരത്തി. ജൂലൈ 10ന്‌ ദിലീപിന്റെ അറസ്‌റ്റ്‌ രേഖപ്പെടുത്തി. ദിലീപ്, നാദിർഷ എന്നിവരെ ചോദ്യംചെയ്ത്‌ വിട്ടയച്ചതിന്റെ പിറ്റേന്ന് അന്വേഷകസംഘത്തിനു ലഭിച്ച രഹസ്യസന്ദേശമാണ് അറസ്റ്റിലേക്ക്‌ വഴി തുറന്നത്‌.

ആലുവ സബ്‌ജയിലിൽ 85 ദിവസത്തെ  വാസത്തിനൊടുവിൽ ദിലീപ്‌ പുറത്തിറങ്ങി. സിനിമയെ വെല്ലുന്ന അണിയറക്കഥകളാണ്‌ കേസിന്റെ തുടക്കംമുതൽ കേരളം ശ്രദ്ധിച്ചത്‌. ക്വട്ടേഷൻ നൽകി നടിയെ  തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസ്‌ രാജ്യത്ത്‌ ആദ്യത്തേതായിരുന്നു. ലൈംഗിക കുറ്റകൃത്യത്തിന്‌ ക്വട്ടേഷൻ നൽകിയതും ആദ്യകേസാണ്‌. നടിയോടുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ 2013ലാണ്‌ സുനിക്ക്‌ ദിലീപ്‌ ക്വട്ടേഷൻ നൽകിയതെന്ന്‌ പൊലീസ്‌ കണ്ടെത്തി.

അറസ്റ്റിലായ സുനി ബ്ലാക്‌മെയിൽചെയ്ത്‌ പണം തട്ടാൻ ശ്രമിക്കുന്നതായി ആരോപിച്ച്‌ ദിലീപ് ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയ്‌ക്ക്‌ നൽകിയ പരാതിയാണ്  വഴിത്തിരിവായത്. സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസന്റെ മൊഴിയും സുനിയുടെ കത്തും ദിലീപിനെതിരെ തെളിവായി. ദിലീപാണ്‌ ക്വട്ടേഷൻ നൽകിയതെന്നും ഇതിന്‌ ഒന്നരക്കോടി രൂപ വാഗ്‌ദാനം നൽകിയെന്നും സുനി ജിൻസനോട്‌ പറഞ്ഞിരുന്നു.



deshabhimani section

Related News

0 comments
Sort by

Home