11 October Friday

നടിയെ ആക്രമിച്ച കേസ്: ഒന്നാംപ്രതി പൾസർ സുനിക്ക് ജാമ്യം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024


ന്യൂഡൽഹി
നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിക്ക്‌(എൻ എസ്‌ സുനിൽ) ജാമ്യം അനുവദിച്ച്‌ സുപ്രീംകോടതി. ഏഴര വർഷമായി സുനി ജയിലിലാണെന്നും വിചാരണ അടുത്തൊന്നും പൂർത്തിയാകാൻ സാധ്യതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്‌റ്റിസ്‌ അഭയ്‌ എസ്‌ ഓഖ, ജസ്റ്റിസ്‌ പങ്കജ്‌ മിത്തൽ എന്നിവർ അംഗങ്ങളായ ബെഞ്ച് ജാമ്യം അനുവദിച്ചത്‌.

ഒരാഴ്ചയ്‌ക്കുള്ളിൽ സുനിയെ വിചാരണക്കോടതിയില്‍ ഹാജരാക്കണം. ജാമ്യത്തിന് കർശന ഉപാധി ഏർപ്പെടുത്താൻ സർക്കാരിന്‌ വിചാരണക്കോടതിയില്‍ ആവശ്യപ്പെടാം. തുടർച്ചയായി  ജാമ്യാപേക്ഷ നൽകി ബുദ്ധിമുട്ടിച്ചതിന്‌ കേരള ഹൈക്കോടതി ചുമത്തിയ 25,000 രൂപ പിഴ സുനി അടയ്‌ക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
സുനിയുടെ ജാമ്യാപേക്ഷയെ സംസ്ഥാനസർക്കാരിന്‌ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ രഞ്‌ജിത്‌ കുമാറും സ്‌റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറും ശക്തമായി എതിർത്തു. ഇത്തരം വ്യക്തികൾ സമൂഹത്തിന്‌ ഭീഷണിയാണെന്നും ഗുരുതരകുറ്റമാണ്‌ ചെയ്‌തതെന്നും രഞ്‌ജിത്‌ കുമാർ ചൂണ്ടിക്കാട്ടി.

എട്ടാം പ്രതി നടൻ ദിലീപിന്റെ അഭിഭാഷകർ, കേസില്‍ സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥനെ 87 ദിവസം ചോദ്യം ചെയ്തെന്നും പ്രതിഭാഗം സാക്ഷികളുടെ വിസ്താരം ഉൾപ്പടെ ബാക്കിയുള്ളതിനാല്‍ ഉടന്‍ വിചാരണ പൂർത്തിയാകില്ലെന്നും  പ്രതിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കെ പരമേശ്വർ വാദിച്ചു. ദീർഘകാലം തടവ്‌ അനുഭവിച്ചത് ജാമ്യം നൽകാൻ മതിയായ കാരണമാണെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചു. കൂട്ടുപ്രതികൾക്കെല്ലാം ജാമ്യം കിട്ടിയ കാര്യവും കോടതി ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top