Deshabhimani

കോടതി അനുമതിയില്ലാതെ സിദ്ദിഖ് കേരളം വിട്ടുപോകരുത്‌ ; ഉപാധികളോടെ കോടതി ജാമ്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 12:23 AM | 0 min read


തിരുവനന്തപുരം
പീഡനക്കേസിൽ അറസ്റ്റിലായ നടൻ സിദ്ദിഖ്‌  അനുമതിയില്ലാതെ കേരളം വിട്ട്‌ പുറത്തുപോകരുതെന്ന്‌ കോടതി. പാസ്‌പോർട്ട്‌ ഹാജരാക്കണമെന്നും തിരുവനന്തപുരം ജെഎഫ്‌സിഎം (മൂന്ന്‌) കോടതി മജിസ്ട്രേറ്റ്‌ എം യു വിനോദ്‌ ബാബു ഉത്തരവിട്ടു. കർശന ഉപാധികളോടെയാണ്‌ സിദ്ദിഖിന്‌ കോടതി ജാമ്യം അനുവദിച്ചത്‌.

ഹോട്ടലിൽ പീഡിപ്പിച്ചുവെന്ന യുവ നടിയുടെ പരാതിയിലാണ്‌ സിദ്ദിഖിനെ കന്റോൺമെന്റ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. അറസ്റ്റുചെയ്‌താൽ ജാമ്യം അനുവദിക്കണമെന്ന സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്നാണ്‌ സിദ്ദിഖിന്‌ ജാമ്യം നൽകിയത്‌. കേസുമായി ബന്ധപ്പെട്ട പരാതിക്കാരിയെയോ പരാതിക്കാരിയുടെ ബന്ധുക്കളെയോ സമീപിക്കാൻ പാടില്ല,  കേസിലെ തെളിവുകൾ നശിപ്പിക്കരുത്, അന്വേഷണസംഘം ആവശ്യപ്പെടുമ്പോൾ  ഹാജരാക്കണം തുടങ്ങിയ വ്യവസ്ഥകൾ ജാമ്യ ഉത്തരവിൽ കോടതി നിർദേശിച്ചിട്ടുണ്ട്‌.

ലക്ഷം രൂപയുടെയും രണ്ടുപേരുടെ ആൾജാമ്യത്തിലുമാണ്‌ സിദ്ദിഖിനെ കോടതി വിട്ടത്‌. കേസന്വേഷണത്തിന്‌ തടസമുണ്ടാക്കുന്ന പ്രവൃത്തി സിദ്ദിഖിൽനിന്നുണ്ടാകരുത്‌. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോടും വെളിപ്പെടുത്തരുത്‌, കേസിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കരുത്‌, ഇരയുമായോ കുടുംബാംഗങ്ങളുമായോ സമ്പർക്കം പുലർത്തരുത്‌, കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇരയ്‌ക്കുമേൽ ഏതെങ്കിലും തരത്തിലുള്ള സമ്മർദം ചെലുത്തരുത്‌, സമൂഹ മാധ്യമങ്ങളിലൂടെ നേരിട്ടോ അല്ലാതെയോ പരാതിക്കാരിയെ വ്യക്തിഹത്യ നടത്താനോ സ്വാധീനിക്കാനോ പാടില്ല തുടങ്ങിയ വ്യവസ്ഥകളും ജാമ്യ ഉത്തരവിലുണ്ട്‌. പ്രോസിക്യൂഷന്‌ വേണ്ടി എപിപി മനു കല്ലമ്പള്ളി ഹാജരായി.



deshabhimani section

Related News

0 comments
Sort by

Home