02 June Tuesday

എന്നെ മോഹിപ്പിക്കുന്ന സബ്‌ജക്ട്‌ തരൂ, ഞാൻ സിനിമയാക്കാം ; മധു റെഡി; 86ലും സിനിമ പിടിക്കാൻ

ജെയ‌്സൻ ഫ്രാൻസിസ‌്Updated: Sunday Sep 22, 2019


തിരുവനന്തപുരം
‘‘എന്നെ മോഹിപ്പിക്കുന്ന സബ്‌ജക്ട്‌ തരൂ,  ഞാൻ  സിനിമയാക്കാം’’... മധുവിന്റെ മിഴികളിൽ കറുത്തമ്മയെ കൊതിപ്പിച്ച തിളക്കവും വാക്കുകളിൽ തലമുറകളെ ത്രസിപ്പിച്ച ഗാംഭീര്യവും . ‘എൺപത്തിയാറിന്റെ’ അരികിലും മലയാളികളുടെ സ്വന്തം പരീക്കുട്ടിക്കുണ്ട്‌ സിനിമ ഒരുക്കാൻ ആവേശം, പക്ഷേ, ഇഷ്ടപ്പെടുന്ന വിഷയം ലഭിക്കണം.

തിങ്കളാഴ്‌ചയാണ്‌ മധുവിന്റെ എൺപത്തിയാറാം പിറന്നാൾ.  സിനിമയിൽ ഇപ്പോഴും നിറസാന്നിധ്യമായ മധു പിന്നിട്ട വഴികളിലേക്ക്‌ നോക്കുമ്പോൾ മനസ്സിൽ നിറയുന്നത്‌ സംതൃപ്‌തിമാത്രം. സിനിമയെക്കുറിച്ച്‌ സംസാരിക്കുമ്പോൾ അദ്ദേഹം വീണ്ടും  ചെറുപ്പമാകുന്നു.  ‘‘സിനിമ സന്തോഷവും പ്രോത്സാഹനവുംമാത്രമേ തന്നിട്ടുള്ളൂ. തിക്താനുഭവങ്ങളോ വേദനകളോ എന്റെ കല എനിക്ക്‌ നൽകിയിട്ടില്ല. അത്‌ താരങ്ങളിൽനിന്നായാലും സംവിധായകരിൽനിന്നായാലും. സത്യൻ, നസീർ തുടങ്ങിയ അന്നത്തെ  മുൻനിര താരങ്ങളും  രാമു കാര്യാട്ട്‌, എ വിൻസെന്റ്‌, പി എൻ മേനോൻ ഉൾപ്പെടെയുള്ള  സഹകരിച്ച എല്ലാസംവിധായകരും പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. മലയാളികൾ നെഞ്ചേറ്റിയ സാഹിത്യകൃതികൾ സിനിമയായപ്പോൾ അഭിനയിക്കാൻ കഴിഞ്ഞതും വലിയ ഭാഗ്യം.

നടൻ, സംവിധായകൻ, നിർമാതാവ്‌ തുടങ്ങിയ ‘റോളുകൾ’ കൈകാര്യംചെയ്‌തിട്ടുണ്ട്‌. എന്നാൽ ‘നിർമാതാവ്‌’ എന്ന റോളിലാണ്‌ കൂടുതൽ സംതൃപ്‌തി.  നടൻ, സംവിധായകൻ എന്നീ നിലകളിൽ തൃപ്‌തിക്കുറവില്ല കേട്ടോ.  മധുവിന്റെ കണ്ണുകളിൽ കുസൃതി. സിനിമയുടെ എ ടു ഇസെഡ്ഡ്‌ വരെയുള്ള കാര്യങ്ങളിൽ മുദ്രപതിപ്പിക്കുന്ന ആളായിരിക്കണം നിർമാതാവ്‌.

 ‘‘ എല്ലാമേഖലകളിലും മാറ്റം സംഭവിച്ചപോലെ സിനിമയിലും വലിയ മാറ്റങ്ങളുണ്ടായി. ആ മാറ്റം പ്രകടമാണ്‌. സിനിമ അടിമുടി മാറി. എന്നാൽ, പഴയ തലമുറമാത്രം പ്രതിഭകളെന്നും പുതിയവർ മോശക്കാരുമെന്ന അഭിപ്രായം ഇല്ല. പഴയ കാലത്ത്‌ രണ്ടോ മൂന്നോ പ്രതിഭകളാണ്‌ ഉള്ളതെങ്കിൽ ഇന്ന്‌ ഇരുപതുപേരുണ്ട്‌. എന്നാൽ, അംഗീകരിക്കപ്പെടാൻ താമസമുണ്ട്‌. പ്രേക്ഷകരും മാറി.  അന്ന്‌ കഥ കാണാനാണ്‌ പ്രേക്ഷകർ എത്തിയിരുന്നതെങ്കിൽ ഇന്ന്‌ വരുന്നത്‌ ‘കാഴ്‌ച’ കാണാനും. അന്നായാലും ഇന്നായാലും സമൂഹത്തെ നന്നാക്കിക്കളയാം എന്ന്‌ ഉദ്ദേശിച്ച്‌ ആരും സിനിമ പിടിച്ചിട്ടില്ല. അത്തരമൊരു ഉത്തരവാദിത്തം സിനിമയ്‌ക്കില്ല. സിനിമ ദുർഗുണപരിഹാര പാഠശാലയുമല്ല.

സിനിമയിലെ ‘വനിതാ കൂട്ടായ്‌മ’യെ വിമർശിക്കേണ്ടതില്ല. ആവശ്യമെന്ന്‌ തോന്നിയത്‌ കൊണ്ടാകാം അവർ അത്തരമൊരു കൂട്ടായ്‌മക്ക്‌ രൂപം നൽകിയത്‌–-മധു പറഞ്ഞു.

പതിവുപോലെ ഇക്കുറിയും കാര്യമായ പിറന്നാൾ ആഘോഷങ്ങൾ ഒന്നുമില്ല മധുവിന്‌. തലസ്ഥാനത്തെ മാധ്യമപ്രവർത്തകരുടെ നേതൃത്വത്തിൽ ജന്മദിനത്തിൽ അദ്ദേഹത്തെ ആദരിക്കും. മധുവിന്റെ സംഭാവനകൾ പരിചയപ്പെടുത്തുന്ന   വെബ്‌സൈറ്റ് ചടങ്ങിൽ സ്വിച്ച്‌ ഓൺ ചെയ്യും.  മരുമകൻ കൃഷ്‌ണകുമാറാണ്‌ വെബ്‌സൈറ്റ്‌ തയ്യാറാക്കിയത്‌.
 


പ്രധാന വാർത്തകൾ
 Top