ദിലീപിന്റെ ദർശനം : രൂക്ഷവിമർശവുമായി ഹെെക്കോടതി , സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കണം
കൊച്ചി
ശബരിമലയിൽ വരിനിന്നെത്തിയ തീർഥാടകർക്ക് തടസം സൃഷ്ടിച്ച് നടൻ ദിലീപും സംഘാംഗവും ദർശനം നടത്തിയ സംഭവത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശം. പൊലീസ് അകമ്പടിയോടെ ദർശനത്തിന് ആരാണ് അനുമതി നൽകിയതെന്നും നടന് എന്താണ് സവിശേഷ അവകാശമെന്നും കോടതി ചോദിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടിവരുമെന്നും ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്‌റ്റിസ് എസ് മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നൽകി. പ്രത്യേക ദർശനത്തിന് പരിഗണന നൽകേണ്ട ഭരണഘടനാ പദവിയിലുള്ളവരെ സുപ്രീംകോടതി നിർവചിച്ചിട്ടുണ്ട്. സിനിമാതാരത്തിന് അത്തരം പരിഗണനയില്ല.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ദേവസ്വം ബോർഡ് നടപടിയെടുക്കണം. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ, പൊലീസ് സെപ്‌ഷൽ ഓഫീസർ, സോപാനം സെപ്‌ഷ്യൽ ഓഫീസർ എന്നിവരിൽനിന്ന് വിശദീകരണം തേടിയ കോടതി, സന്നിധാനത്തെ സിസിടിവി ദൃശ്യങ്ങൾ ശനിയാഴ്‌ച ഹാജരാക്കാനും ഉത്തരവിട്ടു.
വ്യാഴം രാത്രി ശബരിമല സന്നിധാനത്തിലെത്തിയ ദിലീപും സംഘവും ഹരിവരാസനം പാടി നടഅടയ്‌ക്കുവോളം ശ്രീകോവിലിനുമുന്നിലുണ്ടായി. പിൻനിരയിലൂടെ കടന്നുവന്ന തീർഥാടകരെ ഈ സമയം തടഞ്ഞു. കുട്ടികളും വയോധികരും ഭിന്നശേഷിക്കാരുമടക്കം മണിക്കൂറുകളോളം വരിനിന്നെത്തിയവർക്ക് ഇതിനാൽ കൃത്യമായ ദർശനം സാധ്യമായില്ലെന്നും കോടതി വിലയിരുത്തി.
വെള്ളി രാവിലെ വിഷയം പരിഗണിച്ചപ്പോൾ ഉച്ചയ്‌ക്കു മുമ്പ് പ്രാഥമിക റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. തിങ്കളാഴ്‌ച കോടതിയിൽ വിശദ റിപ്പോർട്ട് നൽകും.
0 comments