ആലപ്പുഴയിൽ ബസിൽ കാറിടിച്ച് 5 മെഡിക്കൽ വിദ്യാർഥികൾ മരിച്ചു
ആലപ്പുഴ > ദേശീയപാതയിൽ കളർകോട് ചങ്ങനാശേരി ജങ്‌ഷന് വടക്ക് കെഎസ്ആർടിസി ബസിൽ കാറിടിച്ച് അഞ്ച് പേർ മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥികളായ ദേവനന്ദൻ (മലപ്പുറം), ശ്രീദീപ് (പാലക്കാട്), മുഹമ്മദ് ജബ്ബാർ (കണ്ണൂർ) ആയുഷ് ഷാജി (ആലപ്പുഴ), മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്) എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
തിങ്കൾ രാത്രി 9.30നായിരുന്നു അപകടം. ഗുരുവായൂരിൽനിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിച്ചുകയറുകയായിരുന്നു. കെഎസ്ആർടിസി ബസ് യാത്രികർക്കും പരിക്കുണ്ട്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ വിദ്യാർഥികളായ കൃഷ്‌ണദേവ് (ചേർത്തല), ആനന്ദ് (കൊല്ലം), ആൽവിൻ (എടത്വാ), മുഹ്സിൻ (കൊല്ലം), ഗൗരിശങ്കർ (തൃപ്പൂണിത്തുറ) എന്നിവർ അപകടനില തരണംചെയ്‌തെന്ന് ആശുപത്രിയിൽനിന്ന് അറിയിച്ചു. ഫെയ്ൻഡെൻസൺ നിസാര പരിക്കോടെ രക്ഷപ്പെട്ടു. കെഎസ്ആർടിസി ബസിലെ യാത്രക്കാരായ ഷീബ (40), ബിയ (26), ബിനോജ് (50), അബ്ദുൾ ഗഫൂർ (60) എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലക്ഷദ്വീപ്, കോഴിക്കോട്, കണ്ണൂർ, ചേർത്തല എന്നിവിടങ്ങളിലുള്ള വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. ഗുരുവായൂരിൽനിന്ന് കായംകുളത്തേക്ക് പോയ കായംകുളം ഡിപ്പോയിലെ ആർപിഎം 624 എന്ന എന്ന ബസുമായാണ് കാർ കൂട്ടിയിടിച്ചത്. കാറിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് ബസ് ജീവനക്കാർ പറയുന്നു. കാർ പൂർണമായി തകർന്നു. പ്രദേശത്ത് കനത്തമഴയായായിരുന്നു.
കാവാലം നെല്ലൂർ വീട്ടിൽ ഷാജി–- ഉഷ ദമ്പതികളുടെ മകനാണ് ആയുഷ് ഷാജി (20). സഹോദരി ജിഷ. അച്ഛൻ ഇൻഡോറിൽ സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ട്സ് വിഭാഗത്തിലും അമ്മ നഴ്സുമാണ്. അച്ഛന്റെ സഹോദരൻ സുരേഷും മറ്റ് ബന്ധുക്കളും ആശുപത്രിയിലെത്തി.
നടുക്കം മാറാതെ നഗരം
എതിരെ വന്ന വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ച് തിരിച്ചത് വൻ ദുരന്തത്തിലേക്ക്. അഞ്ച് മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ നടുക്കത്തിലാണ് സമീപവാസികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവരും.
ദേശീയപാതയിൽ തെക്കുഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്കുവന്നതായിരുന്നു കാർ. കളർകോട് ഭാഗത്തുവച്ച് എതിരെവന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിത്തിരിച്ചതാണെന്ന് പരിക്കേറ്റ ഒരു വിദ്യാർഥി പൊലീസിനോട് പറഞ്ഞു. കാർ വെട്ടിത്തിരിഞ്ഞ് ബസിലേക്ക് ഇടിച്ചുകയറുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ചു.
ഗുരുവായൂരിൽനിന്ന് കായംകുളത്തേക്ക് പോകുന്ന ഫാസ്‌റ്റ് പാസഞ്ചർ ബസും ചേർത്തല ഭാഗത്തേക്ക് പോകുകയായിരുന്ന കെഎ 29 സി 1177 ടവേര കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിൽ അകപ്പെട്ടവരെ അഗ്‌നിരക്ഷാസേന എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മാരകമായ പരിക്കോടെ ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചു. റോഡിൽ ചിതറിവീണ് കിടന്നിരുന്ന ചില്ലുകളും മറ്റും വെള്ളം പമ്പ്ചെയ്‌ത് റോഡ് വൃത്തിയാക്കി.
0 comments